ഈ ഡോക്ടര്‍ സഹോദരങ്ങള്‍ കാടിന്റെയും നാടിന്റെയും അഭിമാനം

ഈ ഡോക്ടര്‍ സഹോദരങ്ങള്‍ കാടിന്റെയും നാടിന്റെയും അഭിമാനം

കൊച്ചി: ഒരു കുടുംബത്തില്‍ നിന്ന് തന്നെ ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ ഉണ്ടാകുക എന്നത് അത്ര പുതുമയുള്ള കാര്യമൊന്നും അല്ല. എന്നാല്‍ എറണാകുളത്തെ കുട്ടമ്പുഴ പഞ്ചായത്തിലെ ഉരളി ഗോത്രത്തില്‍ പെട്ട ഈ ഡോക്ടര്‍ കുടുംബത്തില്‍ എല്ലാം പുതുമയാണ്. മൂന്ന് സഹോദരങ്ങളില്‍ രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമാണ് ഹോമിയോപ്പതി, അലോപ്പതി, ആയുര്‍വേദം എന്നീ വിവിധ വൈദ്യശാസ്ത്ര ശാഖകളില്‍ നിന്ന് യോഗ്യത നേടി അഭിമാനമായിരിക്കുന്നത്. ഈ നേട്ടം കൈവരിക്കാന്‍ കല്ലുമുള്ളും നിറഞ്ഞ പാതകളായിരുന്നു മൂവരും താണ്ടിയത്.

''ഞങ്ങളുടെ മാതാപിതാക്കളുടെ അര്‍പ്പണബോധവും കഠിനാധ്വാനവും കാരണമാണ് ഞങ്ങള്‍ക്ക് വിജയം നേടാന്‍ കഴിഞ്ഞത്,'' രാഘവന്റെയും പുഷ്പയുടെയും മൂത്തമകന്‍ ഡോ.കെ.ആര്‍. പ്രദീപ് പറഞ്ഞു. കാടുകളില്‍ ജീവിതം ദുഷ്‌കരമാണ്. ''ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് നാടോടികളായ ഒരു ജീവിതരീതി പതിവാണ്, ഭക്ഷണം തേടി അവര്‍ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറുന്നു''.''വനത്തിലെ ജീവിതം വളരെ ദുഷ്‌കരമായിരുന്നു. ഭക്ഷണത്തിനും നിലനില്‍പ്പിനും വേണ്ടിയുള്ള പോരാട്ടമായിരുന്നു. എനിക്കും എന്റെ സഹോദരങ്ങള്‍ക്കും സുസ്ഥിരവും സുരക്ഷിതവുമായ ഒരു ഭാവിയുണ്ടെന്ന് ഉറപ്പുവരുത്താന്‍ എന്തെങ്കിലും ചെയ്യാന്‍ ഞങ്ങളുടെ മാതാപിതാക്കളെ ഈ സാഹചര്യം മുഴുവന്‍ പ്രേരിപ്പിച്ചു'', ഡോ. പ്രദീപ് പറഞ്ഞു. നിലവില്‍ എറണാകുളത്തെ കവളങ്ങാട് സര്‍ക്കാര്‍ ഹോമിയോപ്പതി ആശുപത്രിയില്‍ ജോലി ചെയ്യുകയാണ് ഡോ.പ്രദീപ്.

അദ്ദേഹത്തിന്റെ സഹോദരി ഡോ. സൂര്യ കാസര്‍ഗോഡിലെ ചിറ്റാരിക്കാല്‍ ഫാമിലി ഹെല്‍ത്ത് സെന്ററില്‍ അസിസ്റ്റന്റ് സര്‍ജനാണ്. ഇളയ സഹോദരന്‍ ഡോ. സന്ദീപ് പരിയാരം മെഡിക്കല്‍ കോളേജില്‍ ആയുര്‍വേദത്തില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നു. ഇവരുടെ പിതാവ് രാഘവന്‍ പത്താം ക്ലാസ് വരെ പഠിച്ചതാണ്.
''ഗോത്രത്തിലെ, കുട്ടികള്‍ ഒരിക്കലും പത്താം ക്ലാസ്സിനപ്പുറം പഠിക്കില്ല, അതും വളരെ അപൂര്‍വമായി മാത്രമേ നടക്കൂ. 14 അല്ലെങ്കില്‍ 15 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികള്‍ ചെറുപ്പത്തില്‍ ത്തന്നെ വിവാഹിതരാകുമ്പോള്‍ ആണ്‍കുട്ടികള്‍ അവരുടെ പിതാക്കന്മാര്‍ക്കൊപ്പം കാടുകളില്‍ പോകുന്നത് പതിവാണ്'', ഡോ. സൂര്യ പറഞ്ഞു. തന്റെ മക്കളെല്ലാം പഠനത്തില്‍ വളരെ മികച്ചവരാണെന്ന് രാഘവന്‍ തിരിച്ചറിഞ്ഞപ്പോള്‍, കൂടുതല്‍ കഠിനാധ്വാനം ചെയ്യാനും കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനും അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ''ഞങ്ങളുടെ അച്ഛന്‍ പുലര്‍ച്ചെ 5 മണിക്ക് ജോലി ആരംഭിച്ച് അര്‍ദ്ധരാത്രിയോടെ മാത്രമേ പൂര്‍ത്തിയാക്കുമായിരുന്നുള്ളൂ, ''ഡോ. പ്രദീപ് പറയുന്നു. ഒന്നാം റാങ്കോടെയാണ് ഡോ. പ്രദീപ് എംഡി പാസായത്. മാതാപിതാക്കള്‍ നടത്തിയ പോരാട്ടങ്ങള്‍ക്കും ത്യാഗങ്ങള്‍ക്കും നീതി പുലര്‍ത്താന്‍ ഈ മൂന്ന് പേര്‍ക്കും കഴിഞ്ഞതില്‍ അദ്ദേഹം സന്തുഷ്ടനാണ്.

ആദിവാസി കുട്ടികള്‍ക്ക് സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കെ, ഗോത്രവര്‍ഗ്ഗക്കാരുടെ ജീവിതരീതിയില്‍ നിന്ന് പിന്മാറി പഠിക്കാനുള്ള സ്വന്തം ഇച്ഛാസ്വാതന്ത്ര്യത്തിനായി മുന്നോട്ട് വരുന്നവരുടെ എണ്ണം കുറവാണെന്നും അദ്ദേഹം പറയുന്നു. കുട്ടികള്‍ ആദിവാസി സെറ്റില്‍മെന്റില്‍ നിന്ന് മാറിയിട്ടുണ്ടെങ്കിലും, അവരുടെ കുടുംബം ഇപ്പോളും അവിടെ (ഊര്) തന്നെ തുടരുകയാണ്. ''അവര്‍ കാട്ടില്‍ സന്തുഷ്ടരാണ്. ഇപ്പോള്‍, എന്നെ സമീപത്ത് പോസ്റ്റു ചെയ്തതിനാല്‍ ഞാനും അവരോടൊപ്പം താമസിക്കുന്നു. ഇച്ഛാശക്തിയും കഠിനാധ്വാനവും കൊണ്ട് നേടിയ വിജയം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.