ട്വിറ്റര്‍ പുതിയ ഐടി നിയമങ്ങള്‍ പാലിക്കണം: ഡൽഹി ഹൈക്കോടതി

ട്വിറ്റര്‍ പുതിയ ഐടി നിയമങ്ങള്‍ പാലിക്കണം: ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: പുതിയ ഐടി നിയമം പാലിക്കാന്‍ ട്വിറ്റ‍ര്‍ തയ്യാറാവണമെന്ന് ഡൽഹി ഹൈക്കോടതി. നിയമം ഉണ്ടെങ്കില്‍ അതു പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസ‍ര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ ഡിജിറ്റല്‍ ​ഗൈഡ് ലൈന്‍ നടപ്പാക്കാന്‍ ട്വിറ്റ‍ര്‍ തയ്യാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹ‍ര്‍ജിയിലാണ് ഡൽഹി ഹൈക്കോടതിയില്‍ നിന്നും ഈ പരാമര്‍ശമുണ്ടായത്.

ഫെബ്രുവരി 25-നാണ് കേന്ദ്ര വാര്‍ത്താവിനിമയമന്ത്രാലയവും നിയമമന്ത്രാലയവും ചേര്‍ന്ന് പുതിയ ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകള്‍ക്കായി പുതിയ ​ഗൈഡ് ലൈന്‍ കൊണ്ടു വന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളടക്കം എല്ലാ സ്ഥാപനങ്ങളും ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികള്‍ സ്വീകരിക്കാനും തുട‍ര്‍ നടപടി സ്വീകരിക്കാനുമായി പ്രത്യേക പരാതി പരിഹാര സെല്‍ കൊണ്ടുവരണമെന്ന് പുതിയ ചട്ടത്തിലുണ്ട്. ഇന്ത്യക്കാരായ ഉദ്യോ​ഗസ്ഥരെ വേണം ഈ പദവിയില്‍ വിന്യസിക്കാനെന്നും നിയമത്തില്‍ പറയുന്നു.

ഈ പരിഷ്കാരം നടപ്പാക്കുന്നതിനെ ചൊല്ലി ട്വിറ്ററും കേന്ദ്രസര്‍ക്കാരും തമ്മില്‍ ഭിന്നത ശക്തമായിരുന്നു. ഇതിനിടെ പോക്സോ നിയമം ലംഘിച്ചതിന് ട്വിറ്ററിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു . ദേശീയ ബാലാവകാശ കമ്മീഷന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പോക്സോ നിയമം ലംഘനം , തെറ്റായ വിവരം കൈമാറല്‍ തുടങ്ങിയവയാണ് ട്വിറ്ററിനെതിരായ പരാതി.

അതേസമയം പുതിയ പരിഷ്കാരങ്ങളുമായി തങ്ങള്‍ സഹകരിക്കുന്നുണ്ടെന്നും ഈ മാസം 28-ന് റെസിഡന്റ് ​ഗ്രിവന്‍സ് ഉദ്യോ​ഗസ്ഥരെ നിയമിച്ചതായും ട്വിറ്റ‍ര്‍ കോടതിയെ ബോധിപ്പിച്ചു. എന്നാൽ ഹര്‍ജി ജൂലൈ ആറിന് പരി​ഗണിക്കാനായി ഡൽഹി ഹൈക്കോടതി വീണ്ടും മാറ്റിവച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.