മാതാവിന്റെ വണക്കമാസ വിചിന്തനം മുപ്പത്തിഒന്നാം ദിവസം

മാതാവിന്റെ വണക്കമാസ വിചിന്തനം മുപ്പത്തിഒന്നാം  ദിവസം

'ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും' (ലൂക്കാ 1:48).

പരിശുദ്ധാത്മാവിൽ നിറഞ്ഞ് മറിയം പറഞ്ഞ വാക്കുകൾ നൂറ്റാണ്ടുകൾക്കിപ്പുറവും മാറ്റമില്ലാതെ തുടരുന്നു.

പരിശുദ്ധ അമ്മയുടെ വണക്കത്തിനായി സഭയായി നീക്കിവച്ച ഈ മെയ് മാസ വണക്കം ഇന്ന് സമാപനം കുറിക്കുകയാണ്. ദൈവവചനത്തിൽ മറിയത്തെ നേരിട്ടു പരാമർശിച്ച വചനങ്ങളിലൂടെയെല്ലാം നമ്മൾ കടന്നുപോയി. സഭ മറിയത്തെ ആരാധിക്കുന്നില്ല, കാരണം ആരാധന ദൈവത്തിനു മാത്രം ഉള്ളതാണ്. എന്നാൽ സഭ, ആ കർത്താവിന്റെ അമ്മയെ സ്നേഹിക്കുകയും സഭയിൽ പ്രത്യേക സ്ഥാനം നൽകി ആദരിക്കുകയും ചെയ്യുന്നു.

അനാദികാലം മുതലുള്ള ദൈവീക പദ്ധതിയിൽ പങ്കാളിയാകുവാൻ പിതാവായ ദൈവം തിരഞ്ഞെടുത്ത സ്ത്രീ, ദൈവത്തെയും അവിടുത്തെ വചനത്തെയും അനുസരിക്കുവാൻ തന്നെതന്നെ പൂർണ്ണമായും വിട്ടുകൊടുത്ത സ്ത്രീ. അത്യുന്നതന്റെ ശക്തിയാൽ, ദൈവപുത്രനെ ഉദരത്തിൽ വഹിക്കുവാൻ ഭാഗ്യം ലഭിച്ച സ്ത്രീ, ദൈവീക പദ്ധതിയുടെ പൂർത്തീകരണമായ കുരിശിൻ ചുവട്ടിൽ, ഹൃദയത്തിലൂടെ വാൾ കടക്കുന്ന വേദനയുടെ നടുവിലും ദൈവം തന്നെയായ തന്റെ പ്രിയപുത്രനോട് ചേർന്ന് നിന്ന സ്ത്രീ. ഈശോ വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിൽ നിറഞ്ഞ ജീവിതം നയിച്ച സ്ത്രീ. തലമുറകൾ അവിടുത്തെ ഭാഗ്യവതി എന്ന് പ്രകീർത്തിക്കുന്നതിൽ, സഭ അമ്മയെ ആദരിക്കുന്നതിൽ അതിശയോക്തിയില്ല.

ദൈവീകപദ്ധതിക്കായി തന്നെതന്നെ വിട്ടുകൊടുത്ത് പരിശുദ്ധാത്മാവിന്റെ നിറവിൽ ജീവിച്ച് ദൈവസന്നിധിയിലേക്ക് എടുക്കപ്പെട്ട പരിശുദ്ധ അമ്മ, സ്വർഗ്ഗത്തിൽ നമുക്ക് വേണ്ടി ദൈവത്തോട് അപേക്ഷിക്കുന്ന വിഷയങ്ങൾ ദൈവം നടത്തി തരും എന്ന് കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

ഏവർക്കും മാതാവിന്റെ വണക്കമാസ സമാപനത്തിന്റെ ആശംസകൾ. ദൈവം എല്ലാവരെയും സമൃദ്ധവുമായി അനുഗ്രഹിക്കട്ടെ.

കത്തോലിക്കാ സഭ ആഘോഷിക്കുന്ന പരിശുദ്ധ മാതാവിന്റെ തിരുനാളുകൾ



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.