കൊച്ചി: കെപിസിസി പ്രസിഡന്റിനെ നിശ്ചയിക്കുന്നതില്‍ സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തില്‍ തര്‍ക്കം രൂക്ഷമായിരിക്കെ മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗവുമായ എ.കെ ആന്റണിയുടെ ഇടപെടല്‍ നിര്‍ണായകമാകും. കെ.സുധാകരന് തന്നെയാണ് കൂടുതല്‍ സാധ്യതയെങ്കിലും കൊടിക്കുന്നില്‍ സുരേഷിന്റെ പേരും ഇപ്പോള്‍ ചര്‍ച്ചകളിലുണ്ട്.
സുധാകരനെതിരെ എ, ഐ ഗ്രൂപ്പുകള്‍ രംഗത്ത് വന്നതോടെയാണ് ദളിത് പ്രാധിനിത്യമെന്ന പേരില്‍ കൊടിക്കുന്നിലിന്റെ പേരും പരിഗണിയ്ക്കപ്പെടുന്നത്. എ.കെ ആന്റണി മനസ് തുറന്നിട്ടില്ലെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതു വികാരം മാനിച്ച് സുധാകരന് അനുകൂലമായ നിലപാട് ആന്റണി എടുത്തേക്കുമെന്നാണ് ഡല്‍ഹിയില്‍ നിന്നും ലഭിക്കുന്ന സൂചന. ഇതിനിടെ പരാജയത്തിന്റെ കണക്കെടുത്ത അശോക് ചവാന്‍ സമിതി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.
കെ.സുധാകരനു വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് മുറവിളി ഉയരുമ്പോഴും രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍ തുടങ്ങിയ വമ്പന്‍മാര്‍ സുധാകരനെ വെട്ടാനുള്ള കരുനീക്കങ്ങള്‍ തുടരുകയാണ്. ഹൈക്കമാന്‍ഡിന്റെ പിന്തുണയുണ്ടെങ്കില്‍ ഗ്രൂപ്പ് നേതാക്കളുടെ വിയോജിപ്പ് മറികടക്കാമെന്നാണ് സുധാകരന്റെ കണക്കുകൂട്ടല്‍. അതിനാണ് സുധാകരന്‍ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായ എ.കെ ആന്റണിയുടെ പിന്തുണ തേടിയത്.
ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ തുടങ്ങിയവരും സുധാകരന്‍ നേതൃപദവിയിലേക്ക് വരണമെന്ന നിലപാടുള്ളവരാണ്. കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കുന്ന എംപിമാരായ ശശി തരൂര്‍, കെ.മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ പിന്തുണയും സുധാകരനുണ്ട്. എല്ലാറ്റിനും ഉപരിയായി രാഹുല്‍ ഗാന്ധിയും സുധാകരനെ പിന്തുണച്ചതായി സൂചനയുണ്ട്.
എന്നാലും ഗ്രൂപ്പ് നേതാക്കള്‍ സുധാകരനെതിരെ അരയും തലയും മുറുക്കി രംഗത്തുണ്ട്. സുധാകരന്റേത് സ്വേച്ഛാധിപത്യ ശൈലിയാണെന്നും അത്തരം പ്രവര്‍ത്തന രീതി കോണ്‍ഗ്രസിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും അടക്കമുള്ള ഗ്രൂപ്പ് നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ വച്ചിട്ടുള്ള പ്രധാന ആരോപണം. മാത്രമല്ല, കണ്ണൂരില്‍ പോലും പാര്‍ട്ടിയെ വളര്‍ത്താന്‍ പറ്റാത്ത നേതാവാണ് അദേഹമെന്ന വാദഗതിയും ഉയര്‍ത്തുന്നു.
എന്നാല്‍ ഇതിനെതിരെ ശക്തമായ മറുപടിയാണ് സുധാകരനെ പിന്തുണയ്ക്കുന്നവര്‍ നല്‍കുന്നത്. കമ്മ്യൂണിസ്റ്റ് മാര്‍സിസ്റ്റ് പാര്‍ട്ടിയുടെ ചുവപ്പു കോട്ടയായ കണ്ണൂരില്‍ സുധാകരനില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസുണ്ടാകുമായിരുന്നില്ല എന്ന് നിരവധി സംഭവങ്ങള്‍ ഉദാഹരിച്ച് അവര്‍ സമര്‍ത്ഥിക്കുന്നു.
മറ്റ് നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി സുധാകരന്റെ ഊര്‍ജപ്രസരണ പ്രവര്‍ത്തന ശൈലിയാണ് പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കുന്നതെന്നും അതിനാലാണ് പാര്‍ട്ടി അണികളില്‍ ബഹുഭൂരിപക്ഷവും കെ.സുധാകരന്‍ തന്നെ കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് വരണമെന്ന് മുറവിളി കൂട്ടുന്നതെന്നും അവര്‍ വാദിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ അടിത്തട്ട് മുതല്‍ ചലിപ്പിക്കണമെങ്കില്‍ സുധാകരനല്ലാതെ മറ്റാര്‍ക്ക് സാധിക്കുമെന്നും അദേഹത്തെ പിന്തുണയ്ക്കുന്നവര്‍ ചോദിക്കുന്നു.
ഇതിനിടെ മുല്ലപ്പള്ളി ഒഴിവായ സാഹചര്യത്തില്‍ പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതു വരെ ഒരു താല്‍ക്കാലിക പ്രസിഡന്റിനെ വയ്ക്കാമെന്ന ഗ്രൂപ്പ് നേതാക്കളുടെ നിര്‍ദേശം സോണിയ തുടക്കത്തിലേ തള്ളി. ചുരുങ്ങിയ ദിവസത്തേക്ക് മാത്രം അധ്യക്ഷ ചുമതല മറ്റാര്‍ക്കും നല്‍കേണ്ടെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷയുടെ തീരുമാനം. താല്‍ക്കാലിക പ്രസിഡന്റ് എന്ന പദവിയിലേക്കും ഗ്രൂപ്പ് തര്‍ക്കം ഉണ്ടാകുമെന്ന് മനസിലായതോടെയാണ് ഈ നിര്‍ദേശം സോണിയ തള്ളിയത്.
പുതിയ പ്രസിഡന്റ് ആരാകണം എന്നത് സംബന്ധിച്ച് അഭിപ്രായം ചോദിക്കാത്തതും മുമ്പെന്നപോലെ തങ്ങളുടെ അഭിപ്രായങ്ങളെ ഹൈക്കമാന്‍ഡ് മാനിക്കാത്തതിലും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അസ്വസ്തരാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.