ഇന്ന് പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍

ഇന്ന് പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍

ഇന്ന് സഭ പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആയി ആഘോഷിക്കുന്നു. പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളിനു ശേഷം വരുന്ന വ്യാഴാഴ്ചയാണ് പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിനമായി നാം ആഘോഷിക്കുന്നത്. 

'ആരാധന ക്രമത്തിന്റെ കേന്ദ്ര ബിന്ദുവാണ് പരിശുദ്ധ കുര്‍ബാന' എന്നാണ് പത്താം പിയുസ് പിതാവ് പറഞ്ഞിരിക്കുന്നത്. ആരാധന സ്രഷ്ടാവിനു മാത്രം അവകാശപെട്ടത് ആണ്. "സൂര്യനുദിക്കാത്ത ഒരു ദിവസത്തെപ്പറ്റി ഭാവനയിലെങ്കിലും എനിക്ക് ഓര്‍ക്കാന്‍ കഴിയും. എന്നാല്‍ വിശുദ്ധ കുര്‍ബാന ഇല്ലാത്ത ഒരു ദിവസത്തെപ്പറ്റി ഭാവനയില്‍ പോലും ഓര്‍ക്കാന്‍ കഴിയില്ല" (വി. പാദ്രെ പിയോ ).

'ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനേകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമാണ്’ (യോഹ. 10:10) എന്നുപറഞ്ഞ ജീവന്റെ നാഥനെ പ്രത്യേകമായി ഓര്‍ക്കുന്ന ദിനം. ‘ദിവ്യകാരുണ്യം ലോകത്തിന്റെ പ്രകാശവും ജീവനുമാണ്’ എന്ന വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ വാക്കുകള്‍ ഹൃദയത്തില്‍ ഉറപ്പിക്കേണ്ട ദിനം.

‘പരിശുദ്ധ കുര്‍ബാനയില്‍ എനിക്ക് എന്റെ കര്‍ത്താവിനെ എന്നും സ്വീകരിക്കുവാന്‍ കഴിയുന്നു’ എന്ന് കര്‍ദ്ദിനാള്‍ ന്യൂമാന്റെ വാക്കുകൾ നാമോരോരുത്തരുടെയും ഹൃദയത്തിൽ സംഗ്രഹിക്കാം. ഈ അനന്തമായ സ്‌നേഹത്തിന്റെ അനുഭവം എന്റെ അനുദിന അനുഭവമാണെന്ന് ഓര്‍മ്മിപ്പിക്കാനാണ് ഈ പ്രത്യേക തിരുനാള്‍ ദിനം കൊണ്ട് അര്‍ത്ഥമാക്കുന്നത്.

പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിനവുമായി ബന്ധപ്പെട്ട് മറക്കാനാവാത്ത ഒരു വ്യക്തിയാണ് ലിയോഗായിലെ വി. ജൂലിയാന (1193-1258). വിശുദ്ധ കുര്‍ബാനയുടെ തീവ്രഭക്തയും ദിവ്യകാരുണ്യ ആരാധനയിലൂടെ ജീവിതത്തിന്റെ ശക്തിയും ഊര്‍ജ്ജവും കണ്ടെത്തിയവളാണ് വി. ജൂലിയാന.

"യേശു പറഞ്ഞു : സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങൾക്ക് ജീവന്‍ ഉണ്ടായിരിക്കുകയില്ല‍. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട് .അവസാന ദിവസം ഞാനവനെ ഉയിര്‍പ്പിക്കും, എന്തെന്നാല്‍, എന്റെ ശരീരം യഥാര്‍ത്ഥ ഭക്ഷണമാണ്. എന്‍റെ രക്തം യഥാര്‍ത്ഥ പാനീയമാണ് എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു "(യോഹ 6:53-56).

ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രവും ലോകത്തിന്റെ ഏറ്റവും വലിയ ഭാഗ്യവും ആനന്ദവും വിസ്മയവുമായ പരിശുദ്ധ കുര്‍ബാനയെ നമുക്ക് സ്‌നേഹിക്കാം, ബഹുമാനിക്കാം, ആരാധിക്കാം. 

‘അവര്‍ണ്ണനീയമായ ദാനത്തിന് കര്‍ത്താവേ, അങ്ങേയ്ക്ക് നന്ദി’ (2 കൊറി. 9:15). മഹത്തരമായ വിശുദ്ധ കുര്‍ബാന എന്ന മഹാദാനത്തെ മനസില്‍ ധ്യാനിച്ചുകൊണ്ട് ഏവര്‍ക്കും പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആശംസകള്‍ സ്‌നേഹപൂര്‍വ്വം നേരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.