രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; കോവിഡ് പ്രതിരോധത്തിന് ഊന്നല്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; കോവിഡ് പ്രതിരോധത്തിന് ഊന്നല്‍

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുന്നതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ ഒമ്പതിന്് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ തന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും. കോവിഡും തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളും നേരിടാന്‍ ഐസക്കിന്റെ പിന്‍ഗാമിയുടെ പദ്ധതികള്‍ എങ്ങനെയെന്ന് ഇന്നറിയാം.

ജനുവരിയില്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ തുടര്‍ച്ചയായുള്ള ഇന്നത്തെ ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാവും ബജറ്റ്. വരുമാന വര്‍ധനവിന് ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. അതി ദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള പദ്ധതികളുണ്ടാവും.

അതിവേഗ റെയില്‍ പാത ഉള്‍പ്പെടെ ചില വമ്പന്‍ പദ്ധതികളും ഉണ്ടായേക്കും. കോവിഡ് വാക്‌സിന്‍ വാങ്ങാനാവശ്യമായ തുക വകയിരുത്തും. പുതിയ വരുമാന മാര്‍ഗങ്ങളില്ലാത്ത സ്ഥിതിയില്‍ നികുതി കൂട്ടുക എന്നതാണ് പൊതുവേ സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന വഴി. എന്നാല്‍ സാധാരണക്കാരുടെ വരുമാനം പൂര്‍ണമായും ഇല്ലാതാക്കിയ കോവിഡിന് ഇടയില്‍ നികുതി കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകില്ലെന്നാണ് സൂചന.

ഇടതു മുന്നണിയുടെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത വീട്ടമ്മമാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. കടലാക്രമണം പ്രതിരോധിക്കാനുള്ള പദ്ധതിയും ബജറ്റില്‍ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോക്ക്ഡൗണ്‍ ആഘാതം ഏറ്റവുമധികം നേരിട്ട ചെറുകിട വ്യാപാര, വ്യവസായ മേഖലകളും ടൂറിസവും കൈത്താങ്ങ് പ്രതീക്ഷിക്കുന്നു.

നികുതി - നികുതിയിതര വരുമാനം വര്‍ധിപ്പിക്കാന്‍ നടപടി ഉണ്ടായേക്കും. ഭൂമിയുടെ ന്യായവില കൂട്ടിയേക്കും. ജിഎസ്ടിക്ക് മുമ്പുളള കുടിശിക പിരിച്ചെടുക്കല്‍, മദ്യത്തിന് കോവിഡ് സെസ് തുടങ്ങിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നു. ബജറ്റിനൊപ്പം ഒഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള വോട്ടോണ്‍ അക്കൗണ്ടും ധനമന്ത്രി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.