ഇ.ശ്രീധരന്‍ കേന്ദ്രമന്ത്രിയാകാന്‍ സാധ്യത; വൈകാതെ തീരുമാനമെന്നും സൂചന

ഇ.ശ്രീധരന്‍ കേന്ദ്രമന്ത്രിയാകാന്‍ സാധ്യത;  വൈകാതെ തീരുമാനമെന്നും സൂചന

ന്യൂഡല്‍ഹി: രാജ്യം 'മെട്രോമാന്‍' എന്ന് സ്‌നേഹപൂര്‍വ്വം വിളിച്ച് ബഹുമാനിച്ച ഇ.ശ്രീധരന്‍ കേന്ദ്രമന്ത്രി ആയേക്കുമെന്ന് സൂചന. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നടിഞ്ഞെങ്കിലും പാലക്കാട് മണ്ഡലത്തില്‍ ഇ.ശ്രീധരന്‍ നടത്തിയ വലിയ മുന്നേറ്റവും അദേഹത്തിന്റെ പൊതുജന സ്വീകാര്യതയുമാണ് ഇത്തരമൊരു തീരുമാനത്തിന് ബിജെപിയെ പ്രേരിപ്പിക്കുന്നത്. പ്രായം മാത്രമാണ് ഇപ്പോഴുള്ള പ്രതികൂല ഘടകം. ശ്രീധരനെ കൂടാതെ സുശീല്‍കുമാര്‍ മോഡി, സര്‍ബാനന്ദ സോനോവാള്‍, രാംമാധവ് തുടങ്ങിയവരാണ് കേന്ദ്രമന്ത്രിമാരുടെ പരിഗണനാ പട്ടികയില്‍ ഉള്ളത്.

രണ്ട് ദിവസം നീളുന്ന ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്നാണറിയുന്നത്. കേന്ദ്ര മന്ത്രിസഭയുടെ പുനസംഘടനയാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകുന്നത്. കോവിഡ് രോഗവ്യാപനം ഫലപ്രദമായി പ്രതിരോധിക്കാന്‍ പറ്റാതെ പോയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഡല്‍ഹിയില്‍ നടക്കുന്നത്.

കൂടുതല്‍ യോഗ്യരായവരെയും ജനസമ്മതിയുള്ളവരെയും മന്ത്രിസഭയിലേയ്ക്ക് എത്തിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇ.ശ്രീധരന്റെയുള്‍പ്പെടെ പേരുകള്‍ പരിഗണിക്കുന്നത്. ഘടക കക്ഷികളിലെ ജെഡിയുവിന് കൂടി പ്രാധാന്യം നല്‍കി പത്ത് പേരെ ഉള്‍പ്പെടുത്തിയുള്ള പട്ടികയായിരിക്കും തയ്യാറാക്കുക. ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം അന്തിമ പട്ടിക പ്രധാനമന്ത്രിക്ക് കൈമാറും. തുടര്‍ന്ന് പുതിയതായി ആരൊക്കെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താം എന്ന കാര്യത്തില്‍ പ്രധാനമന്ത്രി തീരുമാനമെടുക്കും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.