വനിതാ പൊലീസ് നിയമനം: പ്രാതിനിധ്യം പത്ത് ശതമാനത്തില്‍ താഴെ

വനിതാ പൊലീസ് നിയമനം: പ്രാതിനിധ്യം പത്ത് ശതമാനത്തില്‍ താഴെ

തിരുവനന്തപുരം: പൊലീസ് സേനയില്‍ വനിതാ പ്രാതിനിധ്യം 15 ശതമാനമാക്കി ഉയര്‍ത്തുമെന്ന ഒന്നാം പിണറായി സര്‍ക്കാരിന്റെ വാഗ്ദാനം തുടര്‍ഭരണം തുടങ്ങുമ്പോഴും പാലിക്കാനായില്ലെന്ന് ആക്ഷേപം. പൊലീസ് സേനയില്‍ നിലവിലെ വനിതാ പ്രാതിനിധ്യം ഒമ്പതു ശതമാനത്തിനടുത്ത് മാത്രമാണ്.
2017 ഡിസംബറിനു ശേഷം 117 തസ്തികകള്‍ സേനയില്‍ സ്ത്രീകള്‍ക്കായി അനുവദിച്ചിട്ടുണ്ടെന്ന് റാങ്ക് പട്ടികയിലുള്ളവര്‍ വിവരാവകാശം വഴി റിപ്പോര്‍ട്ട് നേടിയിട്ടുണ്ട്. രണ്ടു മാസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന റാങ്ക് പട്ടികയിലുള്ളവരെ മുഴുവന്‍ നിയമിച്ചാലും വനിതാ പ്രാതിനിധ്യം 15 ശതമാനത്തിലെത്തില്ലെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

വനിതാ പ്രാതിനിധ്യം 15 ശതമാനത്തിലെത്തിക്കുമെന്ന് 2016-ലെ എല്‍.ഡി.എഫ്. പ്രകടനപത്രിക വാഗ്ദാനം ചെയ്തിരുന്നു. ഇതുപ്രകാരം ബറ്റാലിയന്‍ അടിസ്ഥാനത്തില്‍ റാങ്ക് പട്ടിക തയ്യാറാക്കിയിരുന്ന പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി സംസ്ഥാനാടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ തീരുമാനിച്ചു. 2017-ല്‍ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം 2018-ല്‍ പി.എസ്.സി. എഴുത്തു പരീക്ഷയും ശാരീരിക പരിശോധനയും നടത്തി.
2019 ഡിസംബറിലായിരുന്നു ശാരീരിക പരിശോധന. 2020 ഓഗസ്റ്റ് മൂന്നിന് റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. ഇതിനിടെ ഗര്‍ഭിണികളായ ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ ശാരീരിക പരിശോധന നടത്താന്‍ സമയം അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചു. ഇവര്‍ക്കനുകൂലമായ വിധിയെത്തുടര്‍ന്ന് നിയമനനടപടികള്‍ വീണ്ടും നീട്ടി.

2020 ഒക്ടോബറിലാണ് നടപടികളാരംഭിച്ചത്. രണ്ടുമാസത്തിനകം കാലഹരണപ്പെടുന്ന വനിതാ പൊലീസ് പട്ടികയില്‍ നിന്ന് ഇതുവരെ നിയമനം ലഭിച്ചത് 353 പേര്‍ക്കുമാത്രമാണ്. മെയിന്‍ ലിസ്റ്റില്‍ 2000 പേരുള്ള പട്ടികയില്‍ നിന്ന് 646 പേര്‍ക്ക് അഡൈ്വസ് മെമ്മോ അയച്ചിട്ടുണ്ട്. അതേസമയം, 2021 ജനുവരിക്കു ശേഷം പുതിയ ഒഴിവുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. കോവിഡും ലോക്ഡൗണും മൂലം നിയമനം നീണ്ടതിനാല്‍ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുമെന്ന പ്രതീക്ഷയിലാണ് വനിതാ പൊലീസ് റാങ്ക് ലിസ്റ്റ് ഹോള്‍ഡര്‍മാര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.