യൂസഫലിയുടെ ഇടപെടലില്‍ വധശിക്ഷ ഒഴിവായ ബെക്സ് നാട്ടിലേക്ക്; സ്വീകരിക്കാന്‍ കാത്ത് കുടുംബം

യൂസഫലിയുടെ ഇടപെടലില്‍ വധശിക്ഷ ഒഴിവായ ബെക്സ് നാട്ടിലേക്ക്; സ്വീകരിക്കാന്‍ കാത്ത് കുടുംബം

അബുദാബി: വധശിക്ഷയിൽ നിന്ന് മോചിതനായ ബെക്സ് കൃഷ്ണന് നാട്ടിലേക്ക് മടങ്ങി പോകുന്നതിനുള്ള ഔട്ട് പാസ് ലഭിച്ചു. യാത്രാ രേഖകൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ  കഴിഞ്ഞ ദിവസം ബെക്സിനെ സന്ദർശിച്ചിരുന്നു.  മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി  എത്രയും പെട്ടെന്ന് തന്നെ ബെക്സ് നാട്ടിലേക്ക്  പോകുമെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണികേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു.

2012 സെപ്തംബർ ഏഴിനായിരുന്നു അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബെക്സിൻ്റെ ജീവിതം മാറ്റി മറിച്ച സംഭവം നടന്നത്. അബുദാബി മുസഫയിൽ വെച്ച് താൻ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാൻ ബാലൻ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശൂർ പുത്തൻച്ചിറ ചെറവട്ട ബെക്സ് കൃഷ്ണനെ വധശിക്ഷയ്ക്ക് വിധിച്ചത്. ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെ സംഭവിച്ച കാറപടത്തിൽ സുഡാൻ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു.

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ നരഹത്യക്ക് കേസെടുത്ത അബുദാബി പോലീസ് ബെക്സ് കൃഷ്ണനെതിരായി കുറ്റപത്രം സമർപ്പിച്ചു. സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങൾ നീണ്ട വിചാരണകൾക്ക് ശേഷം യു.എ.ഇ. സുപ്രീം കോടതി 2013-ൽ ബെക്സിനെ വധശിക്ഷക്ക് വിധിച്ചത്.


സേതു

അബുദാബി അൽ വത്ബ ജയിലിൽ കഴിഞ്ഞിരുന്ന ബെക്സിൻ്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങൾ ഒന്നും ഫലവത്താകാതെ സർവ്വപ്രതീക്ഷകളും തകർന്ന സമയത്താണ് ബന്ധു സേതു വഴി എം.എ.യൂസഫലിയോട് മോചനത്തിനായി ഇടപെടാൻ കുടുംബം അഭ്യർത്ഥിച്ചത്. അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചർച്ചകളുടെയും ദിയാധനമായി അഞ്ചുലക്ഷം ദിർഹം (ഒരു കോടി രൂപ) നൽകിയതിൻ്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാൻ കോടതി വഴി സാധ്യമായത്.

ബെക്സ് കൃഷ്ണനെ കാത്ത് കുടുംബം


അബുദാബിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബെക്സന് പുതിയ ജീവിതത്തിലേക്ക് വഴിതുറന്ന എം എ യൂസഫലിക്ക് കണ്ണീരോടെ നന്ദി പറയുകയാണ് കുടുംബം. ഇനിയൊരിക്കലും തിരിച്ചുവരവ് സാധ്യമാകില്ലെന്ന് കരുതിയിരുന്നിടത്ത് നിന്ന് ബെക്സന്‍റെ തിരിച്ചുവരവെന്ന യാഥാ‍ർത്ഥ്യത്തിലേക്ക് കാര്യങ്ങളെത്തിയപ്പോള്‍ എം എ യൂസഫലിയെന്ന മനുഷ്യനെ ദൈവത്തിന്റെ ദൂതനായി കാണുകയാണ് ഈ കുടുംബം.


'നന്ദിപറയാന്‍ വാക്കുകളില്ല, മരണം വരെ കടപ്പാടുണ്ടാകും', ശബ്ദമിടറി ബെക്സന്റെ അമ്മ.

'അബുദാബിയില്‍ വച്ച് അപകടമുണ്ടായെന്ന് അറിഞ്ഞപ്പോള്‍ തന്നെ തകർന്നുപോയിരുന്നു. യൂസഫലി സ‍ർ ഇടപെടുന്നുവെന്നറി‍ഞ്ഞപ്പോള്‍ ആശ്വാസമായി. കുറെ കഷ്ടപ്പെട്ട് ഇവിടം വരെയെത്തിച്ചു. നന്ദി പറയാന്‍ വാക്കുകളില്ല, മരണം വരെ കടപ്പാടുണ്ടാകും' ബെക്സന്റെ അമ്മ ചന്ദ്രിക പറഞ്ഞു.

'യൂസഫലി സ‍ർ ഇടപെട്ടുവെന്നറിഞ്ഞപ്പോള്‍ തന്നെ രക്ഷപ്പെടുമെന്ന് എല്ലാവരും പറഞ്ഞു. ഇത്രവലിയ തുക അദ്ദേഹം തന്നെ കൊടുത്തു സഹായിക്കുകയാണുണ്ടായത്. ഉടനെ ബെക്സനെ കാണാനാകുമെന്നാണ് പ്രതീക്ഷ' ബെക്സന്റെ ഭാര്യ വീണ പറഞ്ഞു.

ബന്ധു ടിസി സേതുമാധവനാണ് ബെക്സന്റെ മോചനത്തിനായി എം എ യൂസഫലിയെ കണ്ടത്. താനും ബെക്സന്റെ സഹോദരനായ മുത്തുവും ചേർന്ന് യൂസഫലി സാറിനെ കണ്ട് മോചനത്തിനായി ഇടപെടണമെന്ന് അഭ്യർത്ഥിച്ചു. എറണാകുളം ലെ മെറിഡിയൻ ഹോട്ടലിൽ നോർക്ക റൂട്സിന്റെ യോഗത്തിന് അദ്ദേഹമെത്തിയപ്പോഴാണ് നേരിട്ട് കണ്ട് സഹായം അഭ്യർത്ഥിച്ചത്. അപ്പോള്‍ തന്നെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഒകെ ഞാനത് നോക്കിക്കൊളളാമെന്നു പറഞ്ഞാണ് മടക്കി അയച്ചത്. ബെക്സനെ രക്ഷിക്കാന്‍ അദ്ദേഹത്തിനുമാത്രമെ കഴിയുമായിരുന്നുളളൂവെന്നതായിരുന്നു വിശ്വാസം അതിപ്പോള്‍ യഥാ‍ർത്ഥ്യമായി.

കേസിന്റെ ആദ്യാവസാനം ലുലു ഗ്രൂപ്പ് ചെയ്ത സഹായ സേവനങ്ങള്‍ മറക്കാനാവാത്തതാണെന്ന് ബെക്സ്ന്റെ സഹോദരന്‍ മുത്തുവെന്ന് വിളിക്കുന്ന ബിന്‍സണ്‍ പറഞ്ഞു. മറ്റ് നടപടികള്‍ പൂർത്തിയാക്കി ബെക്സണ്‍ നാടണയുന്നതും കാത്തിരിക്കുകയാണ് കുടുംബം.

അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ച ബെക്സ് കൃഷ്ണന് പുതുജീവിതം സമ്മാനിച്ച് എം.എ. യൂസഫലി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.