കോട്ടയം: മക്കള്‍ ദൈവത്തിന്റെ വരദാനമാണ്. ദൈവം തരുന്ന മക്കളെ ഏതവസ്ഥയിലും സ്വീകരിക്കാനും നാം തയാറായിരിക്കണം. അതിന് ഒരു ഉദാഹരണമാണ് കുട്ടിപ്പാപ്പന്റെയും മേരിക്കുട്ടിയുടെയും ജീവിതം
ഒരു പക്ഷേ നമുക്ക് കേട്ടുകേള്‍വി മാത്രമെന്നു തോന്നും വെച്ചൂച്ചിറ പിണമറുകില്‍ (നിരപ്പേല്‍) അന്തരിച്ച എന്‍.എം എബ്രഹാം എന്ന കുട്ടി പാപ്പന്റെ (90) ജീവിതം.
കുട്ടി പാപ്പനും ഭാര്യ മേരിക്കുട്ടിക്കുമായി 19 മക്കളാണ് ഉണ്ടായിരുന്നത്. മക്കളെയെല്ലാം ഈ മാതാപിതാക്കള്‍ കഷ്ടപ്പെട്ട് വളര്‍ത്തി. കുടുംബത്തിന്റെ സ്വന്തം ദേശം ഇടമറ്റമാണെങ്കിലും അവിടെനിന്ന് പാലായിലേക്കും പിന്നീട് വെച്ചുച്ചിറയിലേക്കും താമസം മാറുകയായിരുന്നു.
മക്കളില്‍ പലരും ഇപ്പോള്‍ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നു. ത്രേസ്യാമ്മ, അന്നമ്മ, ആന്റണി, റാണി, ഗീത, ജെയിംസ്, വിന്‍സെന്റ്, ബിജു, സീന, സിസ്റ്റര്‍ ക്രിസ്റ്റീന എസ്എബിഎസ്, റെജീന, ബിക്കി, ദീപ, മിക്കു, നീതു, പരേതരായ ബാബു, മൈക്കിള്‍ മറ്റുള്ളവര്‍ കൃഷിയും ബിസിനസുമായി കേരളത്തിനകത്തും പുറത്തും ജീവിക്കുന്നു. ഇവരെ കൂടാതെ 31 കൊച്ചുമക്കളുമുണ്ട്.
ഇവരുടെ ജീവിതം അടുത്തറിഞ്ഞ ഡോ. സുമ ജില്‍സന്റെ വാക്കുകള്‍
'ഞങ്ങളുടെ ദാമ്പത്യജീവിതത്തില്‍ നാലാമത്തെ കുട്ടി ജനിച്ചപ്പോള്‍ ബന്ധുമിത്രാദികള്‍ സ്ഥിരം കളിയാക്കിയിരുന്നത് കുട്ടിപാപ്പന്റെയും എളാമ്മയുടെയും പാരമ്പര്യം ഞങ്ങളുടെ കുടുംബത്തിലും പിന്തുടരുന്നു എന്ന് പറഞ്ഞാണ്. ചെറുപ്പകാലത്ത് വെച്ചുച്ചിറയില്‍ ഒരു മലഞ്ചെരുവില്‍ ആണ് ഞങ്ങള്‍ രണ്ടു കൂട്ടരും താമസിച്ചിരുന്നത്. ഞങ്ങളുടെ വീട്ടില്‍ നിന്നും കുറെയേറെ മല കയറിയാലെ കുട്ടി പാപ്പന്റെ വീട്ടില്‍ എത്തുകയുള്ളൂ. വീട്ടില്‍ നിന്നാല്‍ കാണാന്‍ സാധിക്കാത്ത അത്ര ദൂരത്തിലായിരുന്നു അവരുടെ വാസം.
അവധിക്കാലങ്ങളിലെ സൺഡേസ്കൂൾ ഇന്റൻസീവ് വേദപാഠ ക്ലാസുകൾ കഴിഞ്ഞ് തിരിച്ചു വരുമ്പോൾ അവിടുത്തെ നാലഞ്ചുകുട്ടികൾ എങ്കിലും ഞങ്ങളുടെ കൂടെ ഉണ്ടാവും. അന്നൊക്കെ സ്കൂളിലോ സൺഡേസ്കൂളിലോ പോകുമ്പോൾ വാട്ടർ ബോട്ടിൽ കൊണ്ടുപോകാറില്ല, കുട ഉപയോഗിക്കാറില്ല. ചെരിപ്പ് ഉള്ളവർ തന്നെ കുറവ്. ഉച്ചയ്ക്ക് ഒരു മണിയോടെ അടുപ്പിച്ച് രണ്ട് കിലോമീറ്ററിൽപരം ദൂരം വെച്ചുച്ചിറയിൽ നിന്ന് നടന്നുവന്നിരുന്ന കാലം.
നഗ്നപാദരായാണ് നടപ്പ്. ടാറിട്ട റോഡിലൂടെ നടക്കണം, പിന്നീട് മൺപാതയിലൂടെ നടന്ന ഞങ്ങളുടെ വീട്ടിൽ എത്തുമ്പോഴേക്കും ഞങ്ങൾ ക്ഷീണിച്ച് അവശരായി കഴിഞ്ഞിരിക്കും. വീട്ടിൽ നിന്ന് വെള്ളം കുടിച്ചിട്ടാണ് കുട്ടി പാപ്പന്റെ മക്കളുടെ തുടർ മലകയറ്റം. എളയമ്മയ്ക്ക് എല്ലാ വർഷവും മക്കളുണ്ടാകുന്നതിനെ ചൊല്ലി എല്ലാവരും തന്നെ കളിയാക്കുക പതിവായിരുന്നു. കൂടെക്കൂടെയുള്ള പ്രസവത്തിന്റ ഫലമായി കാൽസ്യം ഡെഫിഷ്യൻസി കുറവ് കാരണം. എളയമ്മയുടെ പല്ലുകൾ ചെറുപ്പത്തിലേതന്നെ കൊഴിഞ്ഞു പോയിരുന്നു. അന്ന് ഇന്നത്തേതുപോലെ അംഗൻവാടികളൊ, കാൽസ്യം കൊടുക്കാൻ ആരോഗ്യപ്രവർത്തകരോ ഇല്ലായിരുന്നു. ചെക്കപ്പിന് പോകാനുള്ള സൗകര്യവും ഇല്ല. മിക്കവാറും ഗർഭിണി ആണെന്ന് മനസിലായി കഴിഞ്ഞാൽ പിന്നെ പ്രസവത്തിനായിരിക്കും ആശുപത്രിയിൽ പോകുന്നത്.
ചെറുപ്പത്തിലെ തന്നെ പല്ലുകൾ നഷ്ടപ്പെട്ട വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ ഇളയമ്മ കാണിച്ചിരുന്നു. എന്റെ വല്യമ്മ ശ്വാസംമുട്ടൽ കാരണം മേരി ക്യൂൻസ് മിഷൻ ഹോസ്പിറ്റൽ ആശുപത്രിയിൽ അഡ്മിറ്റായി. അന്നത് ഓടുമേഞ്ഞ കെട്ടിടം. അമ്മ അഡ്മിറ്റ് ആയപ്പോൾ, തൊട്ടടുത്ത മുറിയിൽ പ്രസവം കഴിഞ്ഞ് എളയമ്മയും ഉണ്ടായിരുന്നു.
ഡോക്ടർ സന്ദർശനത്തിനിടയിൽ കുശലാന്വേഷണം നടത്തിയപ്പോൾ പറഞ്ഞു." ചേട്ടത്തിയെ, നിങ്ങളുടെ നാട്ടുകാരി തൊട്ടപ്പുറത്ത് മുറിയിൽ ഏഴാമത്തെ പ്രസവം കഴിഞ്ഞ് കിടപ്പുണ്ടല്ലോ" എന്ന്.എൻ്റെ വലിയമ്മച്ചി ചാടിക്കേറി പറഞ്ഞു, "ഡോക്ടറേ ഏഴാമത്തെ അല്ല' പന്ത്രണ്ടാമത്തേതാണ്" എന്ന്. പിന്നീട് മെഡിക്കൽ രേഖകൾ പരിശോധിച്ച് തെറ്റിച്ചു പറഞ്ഞതിനെക്കുറിച്ച് ഡോക്ടർ ചോദിച്ചപ്പോൾ എളയമ്മ പറയുകയാണ്, "പന്ത്രണ്ടാമത്തേത് എന്ന് പറഞ്ഞാൽ പ്രസവം നിർത്താതെ ഡോക്ടർമാർ ഇവിടെനിന്ന് പറഞ്ഞു വിടില്ല എന്നു എനിക്ക് അറിയാം " എന്തൊരു ധീരമായ വാക്കുകൾ.
ദൈവം തരുന്ന മക്കളെ ഏതവസ്ഥയിലും സ്വീകരിക്കുവാനും, പ്രസവം നിർത്തലിന് യാതൊരു ഒത്തുതീർപ്പും ഇല്ലെന്ന് ഇളയമ്മ വ്യക്തമാക്കിയതോടെ, ആരോഗ്യപ്രവർത്തകർ നാണംകെട്ട് പിന്മാറി.
ഇവരെ അന്ന് ആരോഗ്യത്തിന്റെ പേരിൽ പ്രസവം നിർത്താൻ നിർബന്ധിച്ച പലരും ഈ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായിട്ട് ദശകങ്ങൾ കഴിഞ്ഞു. എഴുപതുകളിൽ പ്രബലമായ 'നാമൊന്ന് നമുക്ക് രണ്ടു' എന്ന ചിന്താരീതി 99 ശതമാനം ആൾക്കാരും ആ കാലഘട്ടത്തിൽ സ്വീകരിച്ചിരുന്നു.
പതിനഞ്ചാമത്തെ ആണോ, പതിനാറാമത്തെ ആണോ എന്ന് കൃത്യമായിട്ട് ഓർക്കുന്നില്ല, കുഞ്ഞ് ജനിച്ചതിനുശേഷം ഇടുക്കിയിൽ 20 ഏക്കർ ഭൂമി കൃഷിക്കായി ലഭിച്ചതും മൂത്ത ആൺമക്കൾ അവിടെ അധ്വാനിച്ച് വിളവെടുക്കുന്നതിനായി പോയതും ഒക്കെ ഓർമയിലുണ്ട്. ആ കുട്ടി ജനിച്ചതിൽ പിന്നെ സാമ്പത്തിക അഭിവൃദ്ധി കൂടുതലായി കൈവരിച്ചതും കുട്ടിയുടെ ബർത്ത് ഡേ കേക്ക് മുറിച്ചും പുത്തൻ ഉടുപ്പുമിട്ട് ആഘോഷിച്ചതിന്റെയും എല്ലാ കഥകളും വലിയ കൗതുകം ഉള്ളതായിരുന്നു.
ആ കാലഘട്ടത്തിൽ സിനിമയിൽ മാത്രമേ ബർത്ത്ഡേ സെലിബ്രേഷനും കേക്ക് കട്ടിങ്ങും, പുതിയ ഡ്രസുമായിട്ടുള്ള പാർട്ടിയും ഒക്കെ നമ്മൾ കണ്ടിട്ടുള്ളൂ. ഞങ്ങൾക്കൊക്കെ പായസം ആയിരുന്നു ജന്മദിനത്തിന്റെ ആർഭാടം. ആ കുട്ടിയുടെ ജന്മദിനത്തിനാഘോഷ കഥകളൊക്കെ വേദപാഠ ക്ലാസിൽ പോകുമ്പോൾ ഞങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്. അതുകഴിഞ്ഞ് അവർക്ക് രണ്ടോ മൂന്നോ മക്കളും ജനിച്ചിരുന്നു.
ആകമാന സുറിയാനി കാത്തോലിക്കാവിശ്വാസികളിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ കുടുംബ നാഥനാണ് ഓർമ്മയായത്. ജീവനുവേണ്ടി നിലകൊള്ളുന്ന എല്ലാവർക്കും ഇത് വലിയൊരു പ്രചോദനമായിതീരട്ടെ'.
ഡോ. സുമ ജിൽസൺ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.