പാലക്കാട്: ഈ കോവിഡ് കാലം അതിജീനത്തിന്റേതു കൂടിയാണ്. ആത്മവിശ്വാസത്തോടെ ജീവിതത്തില്‍ മുന്നേറിയാല്‍ ഏത് പ്രതിസന്ധിയും മാറി നില്‍ക്കും. തളരാത്ത മനസ്സും തളര്‍ന്ന കാലുകളുമായി പ്രതിസന്ധികള്‍ക്കെതിരെ പടപൊരുതുന്ന എം. സന്തോഷ് സ്വന്തം ജീവിതം കൊണ്ട് തന്നെ അത് തെളിയിക്കുകയാണ്. ശ്രീകൃഷ്ണപുരം മുണ്ടക്കോട് സന്ധ്യാ നിലയത്തിലെ സന്തോഷിന് (40) ഇരുകാലിനും ശേഷിക്കുറവുള്ളതിനാല്‍ നിവര്‍ന്ന് നില്‍ക്കാനാവില്ല.
സാമ്പത്തികശേഷിയും കുറവാണ്. എങ്കിലും ഒന്നിനോടും പിന്തിരിഞ്ഞ് നില്‍ക്കാന്‍ സന്തോഷം ആഗ്രഹിക്കുന്നില്ല. ഒന്നിനു പുറകെ ഒന്നായി വന്ന ദുരിതങ്ങളെയെല്ലാം ചിരിച്ചുകൊണ്ട് നേരിട്ടു. ശാരീരിക പരിമിതികളെയും കുടുംബത്തിലെ കഷ്ടതകളെയും മറികടന്ന് വാച്ച് നന്നാക്കുന്ന ഒരു കൈത്തൊഴില്‍ പഠിച്ചതു മുതല്‍ തുടങ്ങുന്നു ആ പോരാട്ടം. പിന്നീട് മാറിയകാലത്ത് മൊബൈല്‍ റിപ്പയറിങ്ങുമായി കുടുംബത്തിന് താങ്ങായി. ലോക്ഡൗണ്‍കാലത്ത് സന്തോഷിന്റെ വാച്ച് റിപ്പയറിങ് കടയ്ക്കും പൂട്ടുവീണു. പക്ഷെ നിരാശയ്ക്ക് ഇടം കൊടുക്കാതെ മണ്ണിലിറങ്ങി അധ്വാനിച്ചു സന്തോഷ്.
ജനിച്ച് ഒമ്പതാം മാസത്തില്‍ ഒരു പനി വന്നതായിരുന്നു സന്തോഷിന്. പിന്നീട് രണ്ടുകാലും തളര്‍ന്നു. കിടപ്പിലായ മകനെയും തൂക്കിയെടുത്ത് അച്ഛന്‍ ഭാസ്‌കരനും അമ്മ പ്രേമയും കയറാത്ത ആശുപത്രികളില്ല. മുട്ടിയ വാതിലുകളിലൊന്നിലും പ്രതീക്ഷയ്ക്ക് വകയുണ്ടായിരുന്നില്ല.
മൂന്നാംക്ലാസു വരെയുള്ള സ്‌കൂള്‍ പഠനം തൃശ്ശൂരിലുള്ള സര്‍ക്കാരിന്റെ വികലാംഗ പഠനകേന്ദ്രത്തിലായി. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന മാതാപിതാക്കള്‍ക്ക് തുടര്‍ന്ന് പഠിപ്പിക്കാന്‍ കഴിയാതെ വന്നതോടെ തിരിച്ച് നാട്ടിലേക്കെത്തി. പിന്നീട് വീടിനടുത്തുള്ള ഈശ്വര മംഗലം ശ്രീരാമ ജയം എല്‍.പി സ്‌കൂളില്‍ ചേര്‍ന്നു. അഞ്ചാംക്ലാസിലേക്ക് ജയിച്ചെങ്കിലും കിലോമീറ്ററുകള്‍ അകലെയുള്ള യു.പി സ്‌കൂളിലേക്ക് പോകാന്‍ ശാരീരിക പരിമിതി തടസ്സമായി. ഇതോടെ പഠനം ഉപേക്ഷിച്ചു. പിന്നീട്, വീട് മാത്രമായി സന്തോഷിന്റെ ലോകം.
ഇതിനിടെ, കൂലിപ്പണി ചെയ്യാനായി മലപ്പുറത്തേക്ക് പോയിരുന്ന അച്ഛനെ കാണാതായി. പോലീസില്‍ പരാതിപ്പെട്ടിട്ടും കണ്ടെത്താനായില്ല. ഇതോടെ, സന്തോഷിനെയും താഴെയുള്ള മറ്റ് മൂന്ന് മക്കളെയും നോക്കേണ്ട ബാധ്യത പൂര്‍ണമായും അമ്മ പ്രേമയുടെ ചുമലിലായി. ദാരിദ്ര്യത്തിന്റെ കയ്പുകള്‍ നേരിട്ടറിഞ്ഞ ദിവസങ്ങളായിരുന്നു പിന്നീടെന്ന് സന്തോഷ് പറയുന്നു.
ലോക്ഡൗണില്‍ കടയ്ക്ക് പൂട്ടുവീണതോടെയാണ് സന്തോഷ് വീട്ടുവളപ്പില്‍ കൃഷിയാരംഭിച്ചത്. വീട്ടിലേക്കാവശ്യമായ വെണ്ട, വഴുതിന, പയര്‍, ഇഞ്ചി, മഞ്ഞള്‍, കൂവ, ചക്കരക്കിഴങ്ങ് തുടങ്ങി നിരവധി വിളകള്‍ വീട് നില്‍ക്കുന്ന 10 സെന്റ് സ്ഥലത്ത് വെച്ചു പിടിപ്പിച്ചു. നിലത്തിരുന്ന് നിരങ്ങി നീങ്ങി കൃഷിയിടത്തിലെത്തുന്ന സന്തോഷ് തന്നെയാണ് തൂമ്പയുടെ വായ്ഭാഗം കൊണ്ട് മണ്ണ് കിളച്ച് വിത്ത് നടുന്നത്. വീട്ടാവശ്യത്തിനുള്ള പച്ചക്കറി ഉത്പാദിപ്പിക്കുയാണ് ലക്ഷ്യമെന്നും, വില്‍പ്പന നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സന്തോഷ് പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.