സംസ്ഥാനങ്ങള്‍ വാക്സിന്‍ പാഴാക്കിയാല്‍ വിഹിതം കുറയ്ക്കും; മുന്നറിയിപ്പുമായി കേന്ദ്രം

സംസ്ഥാനങ്ങള്‍ വാക്സിന്‍ പാഴാക്കിയാല്‍ വിഹിതം കുറയ്ക്കും; മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്രം സൗജന്യമായി നല്‍കുന്ന കോവിഡ് വാക്‌സിന്‍ പാഴാക്കിയാല്‍ സംസ്ഥാനങ്ങളുടെ വിഹിതം കുറയ്ക്കുമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതുസംബന്ധിച്ച് പുതിയ വാക്‌സിന്‍ നയത്തിന്റെ മാര്‍ഗരേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി.

ജനസംഖ്യ, രോഗബാധയുടെ തോത്, വാക്‌സിനേഷന്‍ പുരോഗതി എന്നിവ അടിസ്ഥാനമാക്കിയാകും സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുക. അത് പാഴാക്കിയാല്‍ വിഹിതം കുറയ്ക്കും. മാര്‍ഗരേഖ പ്രകാരം, രാജ്യത്ത് നിര്‍മ്മിക്കുന്ന വാക്‌സിന്റെ 75 ശതമാനവും കേന്ദ്രസര്‍ക്കാര്‍ വാങ്ങി സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കും. സ്വകാര്യ ആശുപത്രികള്‍ക്കുള്ള 25 ശതമാനം വാക്‌സിന്റെ വില നിര്‍മ്മാതാക്കള്‍ മുന്‍കൂട്ടി പ്രഖ്യാപിക്കണം. വിലയില്‍ മാറ്റമുണ്ടായാലും പ്രസിദ്ധീകരിക്കണം.

ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണിപ്പോരാളികള്‍, 45 വയസിന് മുകളിലുള്ളവര്‍, രണ്ടാം ഡോസ് കിട്ടാനുള്ളവര്‍, 18 വയസിന് മുകളിലുള്ളവര്‍ എന്നീ മുന്‍ഗണനാ ക്രമത്തില്‍ വാക്‌സിന്‍ നല്‍കണം. ഇത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. സംസ്ഥാനങ്ങളുടെ വാക്‌സിന്‍ വിഹിതം കേന്ദ്രം മുന്‍കൂട്ടി അറിയിക്കും. സംസ്ഥാനങ്ങള്‍ അത് പ്രസിദ്ധീകരിക്കണം. കിട്ടുന്ന വാക്‌സിന്‍ ജില്ലാ കേന്ദ്രങ്ങള്‍ക്ക് അനുവദിച്ച്, ജനങ്ങളില്‍ കൃത്യമായി എത്തുന്നുവെന്ന് ഉറപ്പാക്കണം.

ഗ്രാമ-നഗര വ്യത്യാസം ഇല്ലാതെ വാക്‌സിന്‍ ലഭ്യത ഉറപ്പാക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്കുള്ള വിഹിതം സംസ്ഥാനങ്ങള്‍ തീരുമാനിക്കണം. വാക്‌സിനായി സ്വകാര്യ ആശുപത്രികള്‍ നാഷണല്‍ ഹെല്‍ത്ത് അതോറിട്ടിയില്‍ പണം അടയ്ക്കണം. സ്വകാര്യ ആശുപത്രികള്‍ വാക്‌സിന് സര്‍വീസ് ചാര്‍ജായി 150രൂപയില്‍ കൂടുതല്‍ ഈടാക്കരുത്. സംസ്ഥാനങ്ങള്‍ ഇതുറപ്പാക്കണം.

എല്ലാ വരുമാനക്കാര്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ വഴി സൗജന്യ വാക്‌സിന് അര്‍ഹതയുണ്ടെങ്കിലും ആവശ്യമുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികള്‍ വഴി പണം നല്‍കി കുത്തിവയ്‌പെടുക്കാം.നിര്‍ദ്ധന വിഭാഗക്കാര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് വഴിയുള്ള ഇലക്ട്രോണിക് വൗച്ചര്‍ നല്‍കി സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്‌സിന്‍ ലഭ്യമാക്കാം എന്നിങ്ങനെയാണ് പുതിയ വാക്‌സിന്‍ നയത്തിന്റെ മാര്‍ഗരേഖകള്‍. പ്രധാനമന്ത്രി നരേന്ദ്രമോഡി തിങ്കളാഴ്ച പ്രഖ്യാപിച്ച വാക്‌സിന്‍ നയത്തിന്റെ മാര്‍ഗരേഖ ജൂണ്‍ 21ന് നിലവില്‍ വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.