'ബെക്‌സ് കൃഷ്ണന് ജോലി നല്‍കും': വധശിക്ഷയില്‍ നിന്നും രക്ഷപെടുത്തിയ യൂസഫലിയുടെ വാഗ്ദാനം

 'ബെക്‌സ് കൃഷ്ണന് ജോലി നല്‍കും': വധശിക്ഷയില്‍ നിന്നും രക്ഷപെടുത്തിയ യൂസഫലിയുടെ വാഗ്ദാനം

കൊച്ചി: ബെക്‌സ് കൃഷ്ണന്‍ എന്ന ചെറുപ്പക്കാരനെ വധശിക്ഷയില്‍ നിന്ന് രക്ഷപെടുത്തി നാട്ടിലെത്തിച്ച പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫ് അലി ബെക്‌സിന് ജോലിയും വാഗ്ദാനം ചെയ്തു. 'ബെക്‌സ് കൃഷ്ണന് ജോലി ശരിയാക്കി കൊടുക്കും. ഇപ്പോള്‍ ജയിലില്‍ നിന്ന് വന്നതല്ലേയുള്ളൂ. ഒരു ആറ് മാസം അദ്ദേഹം കുടുംബത്തോടൊപ്പം കഴിയട്ടെ. അത് കഴിഞ്ഞ് ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെയെങ്കിലും തന്നെ ബെക്‌സിന് ജോലി ശരിയാക്കിക്കൊടുക്കും' - ഇതായിരുന്നു യൂസഫലിയുടെ വാക്കുകള്‍.

പലരും കരുതുന്നത് ഇത് താന്‍ ഹെലികോപ്റ്ററില്‍ നിന്ന് വീണ ശേഷം ശ്രദ്ധ കിട്ടാന്‍ ചെയ്ത കാര്യമെന്നാണ്. എന്നാല്‍ അങ്ങിനെയല്ല. ബെക്‌സ് കൃഷ്ണന്റെ കാര്യത്തില്‍ വര്‍ഷങ്ങളായി ഞങ്ങള്‍ പരിശ്രമിക്കുന്നുണ്ട്. നിരന്തരം ചര്‍ച്ച നടത്തി കഴിഞ്ഞ ജനുവരിയിലാണ് പണം കെട്ടിവച്ചത്. മനുഷ്യജീവന് പണമല്ല വലുത്.

പണം കൊടുത്താലും രക്ഷപ്പെടാന്‍ സാധിക്കാത്ത എത്രയോ സംഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുന്നുണ്ട്. മനുഷ്യനാണ് മനുഷ്യനെ രക്ഷപ്പെടുത്തേണ്ടതെന്നാണ് ഞാന്‍ കരുതുന്നത്. ബെക്‌സ് കൃഷ്ണന്റെ കാര്യത്തില്‍ എംബസിയുടെ ഭാഗത്ത് നിന്ന് നല്ല സഹകരണം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

മരിച്ച സുഡാനി കുട്ടിയുടെ കുടുംബം ദിയധനം സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. പണം വാങ്ങിയാല്‍ മകനെ തിരിച്ച് കിട്ടുമോയെന്നായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍ ചോദിച്ചത്. അതുകൊണ്ട് അവരോട് ദീര്‍ഘമായി സംസാരിക്കേണ്ടി വന്നു. ബെക്‌സ് കൃഷ്ണന്റെ കുടുംബത്തെ കുറിച്ചൊക്കെ അവരോട് പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നു. ദിയധനം അവരുടെ അവകാശമാണ്. നിരന്തരം ചര്‍ച്ച ചെയ്താണ് അവരുടെ തീരുമാനം മാറ്റിയതെന്നും എന്നും യൂസഫലി വ്യക്തമാക്കി.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അബുദാബി ജയിലിലായിരുന്നു ബെക്സ്. 2012 ല്‍ ബെക്സ് ഓടിച്ച വാഹനമിടിച്ച് സുഡാനി ബാലന്‍ മരിച്ചതായിരുന്നു ശിക്ഷ കിട്ടാനിടയാക്കിയത്. സിസിടിവി തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു 2013 ല്‍ ശിക്ഷ വിധിച്ചത്. സുഡാനി കുടുംബം ആവശ്യപ്പെട്ട ഒരു കോടി രൂപ യൂസഫലിയാണ് നല്‍കിയത്. ഇതേ തുടര്‍ന്ന് ജയില്‍ മോചിതനായ തൃശൂര്‍ പുത്തന്‍ചിറ ചെറവട്ട സ്വദേശിയായ ബെക്സ് കൃഷ്ണന്‍ ഇന്ന് പുലര്‍ച്ചയോടെയാണ് വീട്ടിലെത്തിയത്.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.