കിടപ്പുരോഗികളുടെ പരിചരണ ചുമതല ഇനി മുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക്

കിടപ്പുരോഗികളുടെ പരിചരണ ചുമതല ഇനി മുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക്

കൊല്ലം: കിടപ്പു രോഗികളടക്കമുള്ളവര്‍ക്ക് പരിചരണം നല്‍കാനുള്ള ചുമതല ഇനി മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക്. സാമൂഹിക സന്നദ്ധസേന മുഖേനയാണ് ഈ സേവനം നടപ്പാക്കേണ്ടത്. സേന ഇപ്പോള്‍ തുടക്കം കുറിക്കുന്ന വാതില്‍പ്പടി സേവനത്തിന്റെ അടുത്തഘട്ടമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ഇതിനുള്ള മാര്‍ഗരേഖ തദ്ദേശസ്വയംഭരണവകുപ്പ് അംഗീകരിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പാക്കുന്നത്.
സര്‍ക്കാര്‍ സേവനങ്ങള്‍ വാതില്‍പ്പടിയില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആദ്യം. ഇതിന്റെ ഭാഗമായി പെന്‍ഷന്‍ വാങ്ങുന്നതിനുള്ള മസ്റ്ററിങ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, സാമൂഹിക സുരക്ഷാ പെന്‍ഷനും ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായത്തിനുമുള്ള അപേക്ഷ, ജീവന്‍ രക്ഷാ മരുന്നുകള്‍ എന്നിവ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി.

സന്നദ്ധപ്രവര്‍ത്തകരുടെ ശക്തമായ സംവിധാനം ഉണ്ടായിക്കഴിഞ്ഞാല്‍ അടുത്ത ഘട്ടമായി ആരോഗ്യ, സാന്ത്വന സേവനങ്ങളും ഭക്ഷ്യസുരക്ഷയും ഇവര്‍ ഏറ്റെടുക്കാനാണ് നിര്‍ദേശിക്കുന്നത്. അക്ഷയകേന്ദ്രത്തിലെ പ്രവര്‍ത്തകര്‍, ജനമൈത്രി പോലീസ്, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, അങ്കണവാടി-ആശാ പ്രവര്‍ത്തകര്‍, പാലിയേറ്റീവ് പ്രവര്‍ത്തകര്‍ തുടങ്ങിയവരെയെല്ലാം ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകേണ്ടത്.
കിടപ്പുരോഗികളെ ദിവസവും സന്ദര്‍ശിച്ച് ദിനചര്യ നിര്‍വഹിക്കുന്നതിനടക്കമുള്ള സഹായം നല്‍കണം. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ദിനബത്ത അനുവദിക്കും. സാന്ത്വന സാന്നിധ്യമാണ് മറ്റൊന്ന്. വീടുകളില്‍ ഒറ്റപ്പെട്ടു കഴിയുന്നവരെ സന്ദര്‍ശിച്ച് മാനസികോല്ലാസം പകരാന്‍ എന്‍.എസ്.എസ്. വൊളന്റിയര്‍മാരെ പ്രയോജനപ്പെടുത്തും.

കൂട്ടിരിപ്പു സേവനമാണ് അടുത്തത്. ആശുപത്രിയില്‍ കൂടെപ്പോകാന്‍ ആളില്ലാത്തവര്‍ക്ക് കൂട്ടുപോകുകയും മരുന്നും മറ്റും വാങ്ങി നല്‍കുകയും ചെയ്യും. വീട്ടുകാര്‍ക്ക് അസൗകര്യമുള്ളപ്പോള്‍ ആശുപത്രിയിലും വീട്ടിലും കൂട്ടിരിക്കാനും സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കും. ഇവര്‍ക്ക് യാത്രച്ചെലവും ദിനബത്തയും അനുവദിക്കും.

ഭക്ഷ്യ സുരക്ഷയാണ് അടുത്തത്. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പുവരുത്തും. ജനകീയ ഹോട്ടലില്‍ നിന്നടക്കം ഭക്ഷണം എത്തിക്കും. ഓരോ ഗുണഭോക്താവിനും നിശ്ചയിക്കപ്പെട്ട സേവനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഐഡന്റിറ്റി കമ്യൂണിറ്റി കാര്‍ഡ് ഏര്‍പ്പെടുത്തും.
പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ തദ്ദേശസ്ഥാപന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആരോഗ്യം, പോലീസ്, ഐ.സി.ഡി.എസ്, അക്ഷയകേന്ദ്രം, അയല്‍ക്കൂട്ട പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി സമിതി ഉണ്ടായിരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കോ-ഓര്‍ഡിനേറ്ററും സന്നദ്ധപ്രവര്‍ത്തകന്‍ ജനറല്‍ കണ്‍വീനറുമായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.