ഓസ്‌ട്രേലിയയില്‍ കനത്ത കാറ്റും മഴയും; വ്യാപക നാശനഷ്ടം; മരം വീണ് വീടുകള്‍ തകര്‍ന്നു

ഓസ്‌ട്രേലിയയില്‍ കനത്ത കാറ്റും മഴയും; വ്യാപക നാശനഷ്ടം; മരം വീണ് വീടുകള്‍ തകര്‍ന്നു

സിഡ്‌നി: ഓസ്‌ട്രേലിയയുടെ തെക്ക്-കിഴക്കന്‍ പ്രദേശങ്ങളില്‍ കനത്ത കാറ്റും മഴയും മഞ്ഞുവീഴ്ച്ചയും ജനജീവിതം ദുഃസഹമാക്കി.
ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ എന്നിവിടങ്ങളിലാണ് കാറ്റും മഴയും ഏറ്റവും കൂടുതല്‍ നാശമുണ്ടായത്. പലയിടത്തും ഇന്നലെ രാത്രി മുടങ്ങിയ വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല. കാറ്റില്‍ മരം കടപുഴകിവീണ് നിരവധി വീടുകള്‍ക്കു നാശം സംഭവിച്ചു.

ന്യൂ സൗത്ത് വെയില്‍സിലെ ഓറഞ്ചിലാണ് ഏറ്റവും കൂടുതല്‍ ശൈത്യം അനുഭവപ്പെടുന്നത്. ഇന്നലെ കനത്ത മഞ്ഞുവീഴ്ചയാണ് ഇവിടെയുണ്ടായത്. പുതപ്പ് പോലെ ചുറ്റും മഞ്ഞു മൂടിയ കാഴ്ച്ചയിലേക്കാണ് പ്രദേശവാസികള്‍ രാവിലെ ഉറക്കമുണര്‍ന്നത്. നഗരത്തില്‍ 15 സെന്റിമീറ്ററിലധികം കനത്തില്‍ മഞ്ഞ് വീണതിനെത്തുടര്‍ന്ന് ഓറഞ്ചിലും പരിസരത്തുമായി 1200 വീടുകളില്‍ വൈദ്യുതി മുടങ്ങി.



കടുത്ത ശൈത്യം അനുഭവപ്പെടുന്ന ഓറഞ്ചില്‍നിന്നുള്ള ചിത്രം

2015-നു ശേഷമുള്ള ഏറ്റവും വലിയ മഞ്ഞുവീഴ്ച്ചയാണ് അനുഭവപ്പെടുന്നതെന്ന് ഓറഞ്ച് സിറ്റി കൗണ്‍സില്‍ മേയര്‍ റെഗ് കിഡ് പറഞ്ഞു. ഈ ആഴ്ച ആദ്യം തെക്കന്‍ മഹാസമുദ്രത്തില്‍നിന്നുള്ള തണുത്ത കാറ്റ് കരയിലേക്കു വീശിയപ്പോഴുണ്ടായ താഴ്ന്ന മര്‍ദത്തിന്റെ ഫലമാണ് പ്രതികൂല കാലാവസ്ഥ.


കനത്ത മഴയും കൊടുങ്കാറ്റും മൂലം വിക്ടോറിയയില്‍ കനത്ത നാശമാണുണ്ടായത്. സംസ്ഥാനത്തുടനീളം വൈദ്യുതി തടസപ്പെട്ടു. വിക്ടോറിയയുടെ തെക്ക്-കിഴക്കന്‍ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം 200 മില്ലിമീറ്ററിലധികം മഴയാണു ലഭിച്ചത്. ഇത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമായി. സഹായത്തിനായി അയ്യായിരത്തിലധികം കോളുകളാണ് സംസ്ഥാനത്തെ സ്‌റ്റേറ്റ് എമര്‍ജന്‍സി സര്‍വീസിനു ലഭിച്ചത്. ഒലിന്‍ഡയിലെ ഡാന്‍ഡനോംഗ് മേഖലയില്‍ വീടിനു മുകളില്‍ മരം വീണതിനെതുടര്‍ന്ന് അമ്മയ്ക്കും മകനും പരുക്കേറ്റു


കനത്ത മഴയില്‍ തകര്‍ന്ന വീട്‌

പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ജിപ്‌സ് ലാന്‍ഡിലെ ട്രാരല്‍ഗണ്‍ ക്രീക്കിന് സമീപമുള്ള ആളുകളോട് സുരക്ഷിത സ്ഥാനത്തേക്കു മാറിത്താമസിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വെള്ളം പെട്ടെന്ന് ഉയര്‍ന്നതിനാല്‍ സ്‌റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

ജിപ്‌സ് ലാന്‍ഡില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ വ്യാപകനാശം ഉണ്ടായി. പതിനായിരത്തിലധികം വീടുകളില്‍ വൈദ്യുതിയില്ലാത്തതിനാല്‍ ജനം ദുരിതത്തിലാണ്. മരങ്ങള്‍ വീണ് നാനൂറിലധികം കെട്ടിടങ്ങള്‍ക്കു നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൊതുഗതാഗതവും തടസപ്പെട്ടു.


ജിപ്‌സ് ലാന്‍ഡിലെ ട്രാരല്‍ഗണ്‍ ക്രീക്കിലുണ്ടായ വെള്ളപ്പൊക്കം

തോംസണ്‍-യാര ഡിവൈഡില്‍ ഇന്നു രാവിലെ ഒന്‍പതു വരെയുള്ള 24 മണിക്കൂറിനുള്ളില്‍ 241 മില്ലിമീറ്ററും ലിക്കോളയില്‍ 170 മില്ലിമീറ്ററും സ്ട്രിംഗിബാര്‍ക്ക് ക്രീക്കില്‍ 134 മില്ലിമീറ്ററും സൗത്ത് മൗണ്ട് ടാസിയില്‍ 267 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.

മണിക്കൂറില്‍ 120 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തിലാണ് വിക്ടോറിയയില്‍ ഇന്നലെ രാത്രി കാറ്റ് വീശിയത്. മണിക്കൂറുകളോളം വീശയിടിച്ച കാറ്റില്‍ മരം വീണ് വൈദ്യുതി ലൈനുകള്‍ പൊട്ടിയതിനാല്‍ വൈദ്യുതി വിതരണം തടസപ്പെട്ടു. തകര്‍ന്ന വൈദ്യുതി കമ്പികള്‍ പുനഃസ്ഥാപിക്കുന്ന ജോലികള്‍ തുടരുകയാണ്. 233,000-ല്‍ അധികം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം തടസപ്പെട്ടു. സഹായത്തിനായി 3,600 ല്‍ അധികം കോളുകള്‍ ലഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.