ജനീവ: കോവിഡ് മഹാമാരി തീര്‍ത്ത സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍ വിട്ടൊഴിയാതെ നമ്മെ വേട്ടയാടുകയാണ്. സാമ്പത്തിക പ്രതിസന്ധിയും സ്‌കൂളുകള്‍ അടച്ചുപൂട്ടിയതും മൂലം ലോകത്ത് ലക്ഷക്കണക്കിനു കുട്ടികള്‍ തൊഴിലെടുക്കാന്‍ നിര്‍ബന്ധിതരാകുന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് പറയുന്നു. ഇന്ന് അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടനയും (ഐ.എല്‍.ഒ) യുണിസെഫും പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കോവിഡ് കാലത്ത് ബാലവേല നിരക്ക് ഉയര്‍ന്നതായി വ്യക്തമാക്കുന്നത്. ലോകമെമ്പാടും 16 കോടിയോളം കുട്ടികളാണ് ബാലവേലയില്‍ ഏര്‍പ്പെടുന്നത്.
എങ്ങുമെത്താതെ ബാലവേല നിര്‍മാര്‍ജന നടപടികള്‍
രണ്ടു ദശാബ്ദത്തിനു ശേഷം ആദ്യമായാണ് ബാലവേല നിരക്കില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയതെന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു.
2000 നും 2016 നും ഇടയില്‍ ബാലവേല നിരക്ക് 94 ദശലക്ഷമായി കുറഞ്ഞിരുന്നു. ഈ പ്രവണതയെ മാറ്റിമറിച്ചാണ് കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് ബാലവേലയില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചത്. നാലുവര്‍ഷം കൊണ്ട് 84 ലക്ഷം കുട്ടികള്‍ ബാലവേല ചെയ്യാന്‍ തുടങ്ങി. കോവിഡ് മഹാമാരിക്കു മുമ്പുതന്നെ ബാലവേലയുടെ കണക്കുകള്‍ ഉയര്‍ന്നിരുന്നു. കോവിഡ് വ്യാപനം അതിന് ആക്കം കൂട്ടുകയും ചെയ്തു. ബാലവേല അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളില്‍ പുരോഗതിയില്ലെന്ന സൂചനയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്.
സ്‌കൂള്‍ പൂട്ടി; അധ്വാനം കൂടി
വിവിധ രാജ്യങ്ങള്‍ ലോക്ഡൗണ്‍ നേരിട്ടതോടെ സമ്പദ് ഘടന താളംതെറ്റുകയും സ്‌കൂളുകള്‍ പൂട്ടുകയും കുടുംബ ബജറ്റ് പ്രതിസന്ധിയിലാകുകയും ചെയ്തു. ഇതോടെ കുഞ്ഞുങ്ങളെ ബാലവേലയ്ക്ക് അയക്കാന്‍ പല കുടുംബങ്ങളും നിര്‍ബന്ധിതരായി-യുനിസെഫ് മേധാവി ഹെന്റീറ്റ ഫോറെ പറഞ്ഞു.
പകര്‍ച്ചവ്യാധിയുടെ ഫലമായി ദാരിദ്ര്യത്തിലേക്കു വഴുതിവീഴുന്ന കുടുംബങ്ങളെ കരകയറ്റിയില്ലെങ്കില്‍ 2022 അവസാനത്തോടെ ബാലവേല ചെയ്യാന്‍ ഒന്‍പതു ദശലക്ഷം കുട്ടികള്‍ നിര്‍ബന്ധിതരാകുമെന്നും മുന്നറിയിപ്പും റിപ്പോര്‍ട്ട് നല്‍കുന്നു. ബാലവേല അവസാനിപ്പിക്കാനുള്ള പോരാട്ടത്തില്‍ തങ്ങള്‍ക്ക് അടിതെറ്റുന്നതായി ഹെന്റീറ്റ ഫോറെ പറഞ്ഞു.
അപകടകരമായ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ 79 ദശലക്ഷം
ബാലവേലയില്‍ ഏര്‍പ്പെടുന്ന അഞ്ചു മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മൊത്തം കണക്കിന്റെ പകുതിയോളം വരുമിത്. കുട്ടികളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന അപകടകരമായ ജോലിയില്‍ ഏര്‍പ്പെടുന്ന അഞ്ചു മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികളുടെ എണ്ണം 2016-നു ശേഷം 6.5 ദശലക്ഷം ഉയര്‍ന്ന് 79 ദശലക്ഷമായി.
സ്‌കൂളുകള്‍ പൂട്ടിയതിനാല്‍ തൊഴില്‍ സമയം വര്‍ധിച്ചു. മോശം സാഹചര്യങ്ങളിലാണ് പലയിടത്തും കുട്ടികള്‍ ജോലി ചെയ്യുന്നത്.
ബാലവേല ഏറ്റവുമധികം ആഫ്രിക്കയില്‍
ലോകത്തിലെ പത്തില്‍ ഒരു കുട്ടി ബാലവേല ചെയ്യുന്നുവെന്നാണ് കണക്കുകള്‍. ബാലവേല ഏറ്റവുമധികം ആഫ്രിക്കന്‍ രാജ്യങ്ങളിലാണെന്നും സൂചിപ്പിക്കുന്നു. ഉപ-സഹാറന്‍ ആഫ്രിക്കയില്‍ ജനസംഖ്യാ വര്‍ധനയും കടുത്ത ദാരിദ്ര്യവും അപര്യാപ്തമായ സാമൂഹിക സുരക്ഷാ നടപടികളും മൂലം കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ 16.6 ദശലക്ഷം കുട്ടികള്‍ ബാലവേലയിലേക്കു നയിക്കപ്പെട്ടു.
കാര്‍ഷിക മേഖലയില്‍ 70% കുട്ടികള്‍
കാര്‍ഷിക മേഖലയിലാണ് 70% കുട്ടികളും (112 ദശലക്ഷം) ജോലിയെടുക്കുന്നത്. കൃഷി അനുബന്ധ മേഖലയില്‍ ഇത് 20 ശതമാനവും (31.4 ദശലക്ഷം). വ്യവസായ മേഖലയില്‍ 10 ശതമാനവുമാണ് (16.5 ദശലക്ഷം). തൊഴിലെടുക്കുന്ന അഞ്ചിനും 11 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 28% പേരും 12 മുതല്‍ 14 വയസ് വരെ പ്രായമുള്ളവരില്‍ 35% പേരും സ്‌കൂളില്‍ പോകുന്നില്ല.
മാത്രമല്ല, പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളാണ് ബാലവേലയില്‍ കൂടുതലായി ഏര്‍പ്പെടുന്നത്. നഗരപ്രദേശങ്ങളേക്കാള്‍ മൂന്നിരട്ടി കൂടുതലാണ് ഗ്രാമപ്രദേശങ്ങളിലെ ബാലവേലയുടെ നിരക്ക്.
യുണിസെഫിന്റെ നിര്‍ദേശങ്ങള്‍
ബാലവേലയില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് ശാരീരികവും മാനസികവുമായ മുറിവുകള്‍ ദീര്‍ഘകാലത്തേക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ബാലവേല കുട്ടികളുടെ വിദ്യാഭ്യാസം തകര്‍ക്കുന്നു. അവരുടെ അവകാശങ്ങളെയും ഭാവിയിലെ അവസരങ്ങളെയും പരിമിതപ്പെടുത്തുന്നു. അവരുടെ ഭാവി നശിപ്പിക്കുന്നു. പുതിയ കണക്കുകള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനുള്ള മുന്നറിയിപ്പാണെന്നു അന്താരാഷ്ട്ര തൊഴില്‍ സംഘടന ഡയറക്ടര്‍ ജനറല്‍ ഗൈ റൈഡര്‍ പറഞ്ഞു.
0 സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കുട്ടികളെ സ്‌കൂളില്‍ വിടാനുള്ള സാമൂഹിക സംരക്ഷണം കുടുംബങ്ങള്‍ക്ക് ഒരുക്കണം.
0 കുട്ടികള്‍ക്കുള്ള അനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണം.
0 ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനും എല്ലാ കുട്ടികളെയും സ്‌കൂളിലേക്ക് തിരികെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്യണം.
0 മുതിര്‍ന്നവര്‍ക്കു മാന്യമായ വരുമാനം ഉറപ്പാക്കുന്ന തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കണം. അങ്ങയെങ്കില്‍ വരുമാനത്തിനായി കുട്ടികളെ ആശ്രയിക്കേണ്ടതില്ല.
0 ഗ്രാമവികസനത്തില്‍ നിക്ഷേപം വര്‍ധിപ്പിക്കണം. കാര്‍ഷിക മേഖലയ്ക്ക് മാന്യമായ പരിഗണന നല്‍കണം.
0 ബാലവേലയെ സ്വാധീനിക്കുന്ന ലിംഗപരമായ വിവേചനത്തിന് അന്ത്യം കുറിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.