അധികമായി കടമെടുക്കല്‍: വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കേന്ദ്രം

അധികമായി കടമെടുക്കല്‍: വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കേന്ദ്രം

തിരുവനന്തപുരം: അരശതമാനം അധികമായി കടമെടുക്കണമെങ്കില്‍ വൈദ്യുതിബോര്‍ഡിന്റെ നിലവിലുള്ളതും ഭാവിയില്‍ വരാവുന്നതുമായ ബാധ്യത സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. കടമെടുക്കാനുള്ള അര്‍ഹതാ മാനദണ്ഡങ്ങളില്‍ വൈദ്യുതി വിതരണക്കമ്പനികളുടെ സ്വകാര്യവത്കരണവും പാചകവാതകത്തിന് ഏര്‍പ്പെടുത്തിയപോലെ സബ്സിഡി അക്കൗണ്ടില്‍ നേരിട്ടു നല്‍കുന്നതും ഉള്‍പ്പെടുത്തി. കേന്ദ്ര ധനമന്ത്രാലയത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ സുമിത് അഗ്രവാള്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിലാണ് ഈ നിര്‍ദേശം.

സംസ്ഥാനങ്ങളിലെ വൈദ്യുതിമേഖലയിലെ കേന്ദ്രനിയന്ത്രണം കൂടുതല്‍ ശക്തമാക്കാനും സ്വകാര്യവത്കരണത്തിന് വേഗംകൂട്ടാനും ലക്ഷ്യമിടുന്ന നിര്‍ദേശങ്ങളാണിത്. കേരളത്തിലെ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ. സിങ്ങിന് ഇതുസംബന്ധിച്ച കത്തു ലഭിച്ചു. 15-ാം ധനകാര്യകമ്മിഷന്റെ ശുപാര്‍ശയനുസരിച്ചാണ് ഈ നിബന്ധനകള്‍. 2021-'22 മുതല്‍ 2024-'25 വരെയുള്ള നാലുവര്‍ഷത്തേക്കാണ് ഇങ്ങനെ കടമെടുക്കാന്‍ അനുവദിക്കുന്നത്.
കൂടാതെ തുടര്‍ന്നുള്ള ഓരോ വര്‍ഷവും മുന്‍വര്‍ഷത്തെ നഷ്ടത്തിന്റെ നിശ്ചിത വിഹിതം ഏറ്റെടുക്കുമെന്ന് സമ്മതിക്കുകയും വേണം. അടുത്തവര്‍ഷം 60 ശതമാനം, അതിനടുത്ത വര്‍ഷം 75 ശതമാനം, അതിനടുത്തവര്‍ഷം 90 ശതമാനം. 2025-'26 സാമ്പത്തികവര്‍ഷം മുതല്‍ നഷ്ടം പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണം. ബോര്‍ഡിന്റെ കണക്കുകള്‍ കേന്ദ്രത്തെയും അറിയിക്കണം.

പ്രാഥമിക നിബന്ധനകള്‍ അംഗീകരിച്ചാല്‍ മാത്രമേ കടമെടുക്കാന്‍ അര്‍ഹത നേടൂ. തുടര്‍ന്ന് സ്‌കോര്‍ കണക്കാക്കുമ്പോള്‍ 30 മാര്‍ക്കിനുന മുകളില്‍ കിട്ടിയാലേ അരശതമാനം കൂടി കടമെടുക്കാനാവൂ. മാര്‍ക്ക് കുറഞ്ഞാല്‍ കടം കുറയും. വൈദ്യുതി മീറ്ററിങ് വ്യാപകമാക്കുന്നതിനും സബ്സിഡി നേരിട്ട് അക്കൗണ്ടില്‍ നല്‍കുന്നതിനും 20 മാര്‍ക്കു വീതമാണ്. അതായത് ഉപഭോക്താവ് സബ്ഡിയില്ലാത്ത ബില്‍ത്തുക അടയ്ക്കണം. സബ്ഡിഡി പിന്നീട് അക്കൗണ്ടിലെത്തും. സര്‍ക്കാര്‍, തദ്ദേശസ്ഥാപനങ്ങള്‍ ബില്‍ കുടിശ്ശിക വരുത്താതിരുന്നാല്‍ അഞ്ച് മാര്‍ക്ക്. പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഏര്‍പ്പെടുത്തുന്നതിന് അഞ്ചുമാര്‍ക്ക്. വൈദ്യുതിവിതരണരംഗം സ്വകാര്യവത്കരിച്ചാല്‍ 25 മാര്‍ക്ക് ബോണസ്.

കേരളത്തിന് ഇത്തവണ മുപ്പതുമാര്‍ക്ക് കിട്ടാന്‍ സ്വകാര്യവത്കരിക്കേണ്ടി വരില്ല. എന്നാല്‍, വരുംവര്‍ഷങ്ങളില്‍ പൂര്‍ണതോതില്‍ കടമെടുക്കാനുള്ള അര്‍ഹത നേടണമെങ്കില്‍ കൂടുതല്‍ മാര്‍ക്ക് നേടണം. ഇതിനായി ക്രോസ് സബ്സിഡി ഒഴിവാക്കാനും സ്വകാര്യവത്കരണനടപടികള്‍ക്ക് തുടക്കമിടാനും സംസ്ഥാനം നിര്‍ബന്ധിതമാവും.

കടമെടുപ്പിന് വേണ്ടത് അര്‍ഹമാകാനുള്ള പ്രാഥമിക നിബന്ധനകളും സ്‌കോര്‍ കണക്കാക്കുന്നതിനുള്ള നിബന്ധനകളുമാണ്. പ്രാഥമിക നിബന്ധനകള്‍ അംഗീകരിച്ചാലേ കടമെടുക്കാന്‍ സംസ്ഥാനങ്ങളെ പരിഗണിക്കൂ. ഇതില്‍ പ്രധാനം വൈദ്യുതി വിതരണക്കമ്പനികളുടെ ബാധ്യത ഏറ്റെടുക്കലാണ്. കഴിഞ്ഞവര്‍ഷത്തെ നഷ്ടത്തിന്റെ 50 ശതമാനം ഈ വര്‍ഷം ഏറ്റെടുക്കണം. കേരളത്തില്‍ ഇത് ഏതാണ്ട് 2100 കോടിരൂപ വരും. ഈവര്‍ഷം അരശതമാനം കൂടുതല്‍ കടമെടുത്താല്‍ കിട്ടുന്നത് 4000 കോടിയും. പകുതിയും വൈദ്യുതി ബോര്‍ഡിന് കൊടുക്കേണ്ടിവരും. തുടര്‍ന്നുള്ള ഓരോ വര്‍ഷവും മുന്‍വര്‍ഷത്തെ നഷ്ടത്തിന്റെ നിശ്ചിത വിഹിതം ഏറ്റെടുക്കുമെന്ന് സമ്മതിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.