'കാല് വെട്ടും, കൊല്ലും': രമ്യാ ഹരിദാസ് എംപിയ്ക്കു നേരെ സിപിഎം പ്രവര്‍ത്തകരുടെ വധ ഭീഷണി

 'കാല് വെട്ടും, കൊല്ലും': രമ്യാ ഹരിദാസ് എംപിയ്ക്കു നേരെ സിപിഎം പ്രവര്‍ത്തകരുടെ വധ ഭീഷണി

ആലത്തൂര്‍: രമ്യാ ഹരിദാസ് എംപിയ്ക്കു നേരെ സിപിഎം പ്രവര്‍ത്തകരുടെ വധഭീഷണി. തൊഴിലുറപ്പ് തൊഴിലാളികളുമായി സംസാരിക്കുന്നതിനിടെ ചില സിപിഎം പ്രവര്‍ത്തകരെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് അവര്‍ ആലത്തൂര്‍ പോലീസില്‍ പരാതി നല്‍കി. ആലത്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ അടക്കമുള്ളവര്‍ക്കെതിരേയാണ് രമ്യ ഹരിദാസിന്റെ പരാതി.

ഇന്ന് ഉച്ചകഴിഞ്ഞ് ആലത്തൂര്‍ പോലീസ് സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു സംഭവം. മണ്ഡലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന രമ്യ ഹരിദാസ് എംപി പോലീസ് സ്റ്റേഷന് സമീപം ഹരിത കര്‍മ സേന പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

ഈ സമയം ചില സിപിഎം പ്രവര്‍ത്തകര്‍ തടയാനെത്തി എന്നാണ് രമ്യ ഹരിദാസ് ആരോപിക്കുന്നത്. ഒപ്പം മോശമായ വാക്കുകള്‍ ഉപയോഗിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും എംപി ആരോപിക്കുന്നു.

ആലത്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ അടക്കം എട്ടോള്ളം പേരാണ് ഉണ്ടായിരുന്നതെന്നാണ് എംപി പരാതിയില്‍ പറയുന്നത്. നാസര്‍ അടക്കമുള്ളവരാണ് വധഭീഷണി മുഴക്കിയതെന്നാണ് ആരോപണം. ആലത്തൂര്‍ മണ്ഡലത്തില്‍ ഇനി കാലുകുത്തിയാല്‍ കൊല്ലുമെന്ന് അടക്കുമുള്ള ഭീഷണിയുണ്ടായെന്നാണ് രമ്യ ഹരിദാസ് പറയുന്നത്. പോലീസ് എത്തിയാണ് പ്രശ്നം ഒത്തുതീര്‍പ്പാക്കിയത്.

ഹരിത കര്‍മ സേന പ്രവര്‍ത്തകരോട് സംസാരിച്ച് വാഹനത്തിലേക്ക് കയറുന്ന സമയത്ത് നജീബ് എന്നയാള്‍ ഇത് 'പട്ടി ഷോ' കാണിക്കാനുള്ള സ്ഥലമല്ലെന്ന് പറഞ്ഞുവെന്ന് രമ്യ ഹരിദാസ് പറഞ്ഞു. ഇവിടെ കാല് കുത്തരുതെന്ന് പറഞ്ഞിട്ടില്ലേ എന്നും ഇത് ആലത്തൂരാണെന്നും ഇവിടെ ഇറങ്ങിയാല്‍ തടയുമെന്ന് പറഞ്ഞെന്നും അവര്‍ വ്യക്തമാക്കി.

തുടര്‍ന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റും സംഘവും എത്തിയെന്നും വളരെ മോശമായാണ് സംസാരിച്ചതെന്നും കാല് വെട്ടും, കൊല്ലും എന്നൊക്കെയുള്ള ഭീഷണിയാണ് മുഴക്കിയതെന്നും രമ്യ ഹരിദാസ് ആരോപിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.