പതിനാറാം മാർപ്പാപ്പ വി.കലിസ്റ്റസ് ഒന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-17)

പതിനാറാം മാർപ്പാപ്പ  വി.കലിസ്റ്റസ് ഒന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-17)

ഏ.ഡി. 217-ല്‍ വി.. സെഫിറീനൂസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയും തിരുസഭയുടെ പതിനാറമത്തെ തലവനുമായി കലിസ്റ്റസ് ഒന്നാമന്‍ മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടു. മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് അദ്ദേഹം സെഫിറീനൂസ് മാര്‍പ്പാപ്പയുടെ അടുത്ത സഹായിയായി വര്‍ത്തിക്കുകയും സഭയുടെ സത്യവിശ്വാസം പാഷണ്ഡതകളില്‍ നിന്നും സംരക്ഷിക്കുന്നതിനായുള്ള അദ്ദേഹത്തിന്റെ ഉദ്യമങ്ങളില്‍ ഭഗഭാക്കാകുകയും ചെയ്തു.

കലിസ്റ്റസ് മാര്‍പ്പാപ്പ തന്റെ ചെറുപ്പത്തില്‍ ഒരു അടിമയായിരുന്നു എന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. റോമന്‍ രാജസദസ്സിലെ ഉദ്യോഗസ്ഥനായിരുന്ന ഒരു ക്രിസ്ത്യാനിയുടെ ഭവനത്തില്‍ അടിമായായി കഴിഞ്ഞിരുന്ന വ്യക്തിയായിരുന്നു കലിസ്റ്റസ്. അദ്ദേഹത്തിന്റെ ഭവനത്തിലെ സാമ്പത്തിക കാര്യങ്ങളുടെ നിര്‍വാഹകനായിരുന്നു വി. കലിസ്റ്റസ്. പക്ഷെ തന്റെ യജമാനന് സാമ്പത്തിക നഷ്ടമുണ്ടായപ്പോള്‍ കലിസ്റ്റസ് യജമാനന്റെ പക്കല്‍ നിന്ന് ഒളിച്ചോടുകയും പിന്നീട് അദ്ദേഹം പിടിക്കപ്പെടുകയും ചെയ്തു. യജമാനന്റെ പക്കലേക്ക് മടങ്ങിയെത്തിയ അദ്ദേഹം പിന്നീട് ഒരു യഹൂദനുമായി സിനഗോഗില്‍ വെച്ച് കലഹിച്ചതിന് അറസ്റ്റ് ചെയ്യപ്പെടുകയും സാര്‍ദിന ഖനിയില്‍ നിര്‍ബന്ധിത അടിമവേല ചെയ്യുന്നതിനായി അയക്കപ്പെടുകയും ചെയ്തു.

വി. വിക്ടര്‍ ഒന്നാമന്‍ മാര്‍പ്പാപ്പ ഖനികളില്‍ അടിമവേല ചെയ്യുവാന്‍ നിര്‍ബന്ധിതരായ ക്രിസ്ത്യാനികളുടെ സ്വാതന്ത്ര്യത്തിനായി പ്രയത്‌നിച്ചതിന്റെ ഫലമായി കലിസ്റ്റസ് മാര്‍പ്പാപ്പയും സ്വതന്ത്രനാക്കപ്പെട്ടു. വിക്ടര്‍ മാര്‍പ്പാപ്പ കലിസ്റ്റസിന്റെ പേര് സ്വതന്ത്രരാക്കേണ്ട ക്രിസ്ത്യാനികളുടേതായ പട്ടികയില്‍ ചേര്‍ത്തിരുന്നില്ലെങ്കിലും കലിസ്സസ് മാര്‍പ്പാപ്പ റോമന്‍ ഗവര്‍ണറെ താനും സ്വതന്ത്രനാക്കപ്പെടെണ്ടവനാണ് എന്ന് ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് അദ്ദേഹവും സ്വതന്ത്രനാക്കപ്പെട്ടു. സ്വതന്ത്രനാക്കപ്പെട്ട കലിസ്റ്റസിനെ വിക്ടര്‍ മാര്‍പ്പാപ്പ അന്‍സിയോ എന്ന സ്ഥലത്തേയ്ക്ക് അയച്ചു.

വിക്ടര്‍ ഒന്നാമന്‍ മാര്‍പ്പാപ്പയുടെ കാലശേഷം മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട സെഫിറീനൂസ് മാര്‍പ്പാപ്പ കലിസ്റ്റസിനെ റോമിലേയ്ക്ക് തിരിച്ചു വിളിക്കുകയും അദ്ദേഹത്തെ ഡീക്കനായി അഭിഷേകം ചെയ്യുകയും ചെയ്തു. സെഫിറീനൂസ് മാര്‍പ്പാപ്പയെ തന്റെ ഭരണകാര്യങ്ങളില്‍ കലിസ്റ്റസ് സഹായിക്കുകയും പാഷണ്ഡതകളെ നേരിടുന്നതില്‍ ഭൗതീകവും ദൈവശാസ്ത്രപരവുമായ സഹായങ്ങള്‍ ചെയ്യുകയും ചെയ്തു. ഇപ്രകാരം കലിസ്റ്റസ് സെഫിറീനൂസ് മാര്‍പ്പാപ്പയുടെ മുഖ്യ ഉപദേഷ്ടാവും ആര്‍ച്ച് ഡീക്കനുമായി തീര്‍ന്നു. എന്നാല്‍ വി. ഹിപ്പോളിറ്റസ് സെഫിറീനൂസ് മാര്‍പ്പാപ്പയുടെയും കലിസ്റ്റസിന്റെയും നിശിതമായി വിമര്‍ശിക്കുകയും മാര്‍പ്പാപ്പയുടെ പഠനങ്ങളെ അതിന്റെ പൂര്‍ണ്ണതയില്‍ അംഗീകരിക്കുന്നതിന് വൈമനസ്യം കാണിക്കുകയും ചെയ്തു.

അതിനാല്‍ തന്നെ സെഫിറീനൂസ് മാര്‍പ്പാപ്പയുടെ കാലശേഷം മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട കലിസ്റ്റസ് മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പിനെ അംഗീകരിക്കുവാന്‍ ഹിപ്പോളിറ്റസ് തയ്യാറായില്ല. ഹിപ്പോളിറ്റസ് തന്നെ തന്നെ സ്വയം മാര്‍പ്പാപ്പയായി പ്രഖ്യാപിക്കുയും അങ്ങനെ ഒരു എതിര്‍ മാര്‍പ്പാപ്പയായി സഭയോട് ഭിന്നിച്ച് ഏ.ഡി. 235-വരെ നിലകൊള്ളുകയും ചെയ്തു. കലിസ്റ്റസ് മാര്‍പ്പാപ്പയുടെ ഭരണകാലത്ത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ എതിരിയായി നിലകൊണ്ടത് ഹിപ്പോളിറ്റസ് ആയിരുന്നു. ദൈവശാസ്ത്രപരമായ വിത്യസ്തതകളും വാദ്ര്രപതിവാദങ്ങളും അവര്‍ തമ്മിലുള്ള ഭിന്നതയെ കൂടുതല്‍ ശക്തമാക്കി. ഹിപ്പോളിറ്റസ് ദൈവപുത്രനായ ക്രിസ്തു മാത്രമേ മനുഷ്യാവതാരം ചെയ്തുള്ളു എന്നു വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്തപ്പോള്‍ കലിസ്റ്റസ് മാര്‍പ്പാപ്പ പിതാവും പുത്രനും മനുഷ്യാവതാരം ചെയ്തു എന്ന വിശ്വസിച്ചു. ഇത്തരത്തിലുള്ള വിത്യസ്തമായ പഠനങ്ങളും കാഴ്ച്ചപ്പാടുകളും ഹിപ്പോളിറ്റസിനെ തിരുസഭയുടെ ചരിത്രത്തിലെ ആദ്യത്തെ എതിര്‍മാര്‍പ്പാപ്പയായി (Antipope) സ്വയം പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ചു. പിന്നിട് ഹിപ്പോളിറ്റസ് ഏ.ഡി. 235-ല്‍ തന്റെ തെറ്റു മനസ്സിലാക്കി സഭയിലേക്ക് തിരികെ വരികയും പിന്നിട് രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു.

വി. കലിസ്റ്റസ് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടയുടെനെ സ്വീകരിച്ച പാപികളോടുള്ള മൃദുവും കരുണാര്‍ദ്രവുമായ സമീപനങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ സ്വീകാര്യനാക്കി തീര്‍ത്തു. ക്ഷമിക്കപ്പെടുവാന്‍ കഴിയാത്തത് എന്ന് കരുതപ്പെട്ടിരുന്ന പല പാപങ്ങളും (കൊലപാതകം, വ്യഭിചാരം) കലിസ്റ്റസ് മാര്‍പ്പാപ്പ ക്രിസ്തുസ്‌നേഹത്തെ പ്രതി ക്ഷമിക്കുയും അത്തരം പാപം ചെയ്തവര്‍ക്ക് പാപമോചനം നല്‍കുകയും ചെയ്തു. പ്രായ്ശ്ചിത്തം ചെയ്തതിനുശേഷം അത്തരം വ്യക്തികളെ വി. കുര്‍ബാന സ്വീകരിക്കുന്നതിന് അദ്ദേഹം അനുവദിച്ചു. അദ്ദേഹത്തിന്റെ കരുണാര്‍ദ്രമായ അത്തരം സമീപനങ്ങള്‍ വിവാഹനിയമങ്ങള്‍പ്പോലും ലഘുകരിക്കുന്നതിന് കാരണമായി. അന്നത്തെ കാലത്ത് അചിന്തിനീയവും റോമന്‍ നിയമങ്ങള്‍ക്ക് എതിരുമായിരുന്ന ഉന്നതകുലജാതരായ സ്ത്രികളും താഴ്ന്ന വര്‍ഗത്തില്‍പ്പെട്ടവരും (സാധാരണക്കാര്‍, അടിമകള്‍) തമ്മിലുള്ള വിവാഹം കലിസ്റ്റസ് മാര്‍പ്പാപ്പ സഭയില്‍ അനുവദിച്ചു. ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ പല നടപടികളും തീരുമാനങ്ങളും വി. ഹിപ്പോളിറ്റസിനെ കലിസ്റ്റസ് മാര്‍പ്പാപ്പയെ ഒരു പാഷണ്ഡിയായി കാണുന്നതിനായി പ്രേരിപ്പിച്ചു. മാത്രമല്ല അദ്ദേഹം കലിസ്റ്റസ് മാര്‍പ്പാപ്പയെ ഒരു മാര്‍പ്പാപ്പയായി കാണുന്നതിുനപ്പോലും വിസമ്മതിച്ചു.

ഒത്തിരയധികം വിവാദങ്ങളും പ്രശ്‌നങ്ങളും നിറഞ്ഞതായിരുന്നു കലിസ്റ്റസ് മാര്‍പ്പാപ്പയുടെ ഭരണകാലമെങ്കിലും അദ്ദേഹത്തിന്റെ ഭരണകാലം വളരെ ചുരുങ്ങിയതായിരുന്നു. വി. കലിസ്റ്റസ് ഒന്നാമന്‍ മാര്‍പ്പാപ്പ ഏ.ഡി. 222-ല്‍ ഇഹലോകവാസം വെടിഞ്ഞു.

ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.