പതിനഞ്ചാം മാർപ്പാപ്പ വി.സെഫിറീനൂസ് (കേപ്പാമാരിലൂടെ ഭാഗം-16)

പതിനഞ്ചാം മാർപ്പാപ്പ  വി.സെഫിറീനൂസ് (കേപ്പാമാരിലൂടെ ഭാഗം-16)

വി. വിക്ടര്‍ ഒന്നാമന്‍ മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ട വി. സെഫിറീനൂസ് മാര്‍പ്പാപ്പ രണ്ട് പതിറ്റാണ്ടോളം തിരുസഭയെ നയിച്ചു. റോമില്‍ ജനിച്ച അദ്ദേഹം ഏ.ഡി. 198-ലൊ 199-ലൊ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു എന്ന് കരുതപ്പെടുന്നു. സെഫിറീനൂസ് മാര്‍പ്പാപ്പയുടെ ഭരണകാലം വളരെ സഹനങ്ങളുടെയും പ്രതിസന്ധികളുടെയും കാലഘട്ടമായിരുന്നു സഭയ്ക്ക് .

വി. സെഫിറീനൂസ് മാര്‍പ്പാപ്പ സഭാഭരണം ഏറ്റെടുത്തയുടനെ ഏ.ഡി. 202-ല്‍ റോമാ ചക്രവര്‍ത്തിയായിരുന്ന സെപ്തിമൂസ് സെവെരൂസ് ക്രിസ്ത്യാനികള്‍ക്കെതിരെ കൊടിയ മതപീഡനം അഴിച്ചുവിട്ടു. പ്രസ്തുത മതപീഡനം ഏ.ഡി. 211 വരെ അതായത് ഒന്‍പത് വര്‍ഷക്കാലത്തോളം നീണ്ടു. ഈക്കാലയളവില്‍ തന്റെ ഇടയധര്‍മ്മം അതിന്റെ പരമോന്നതയില്‍ നിര്‍വ്വഹിച്ചുകൊണ്ട് സെഫിറീനൂസ് മാര്‍പ്പാപ്പ തന്റെ അജഗണത്തെ തങ്ങളുടെ വിശ്വാസത്തില്‍ നിലനില്‍ക്കുന്നതിനായി പ്രോത്സാഹിപ്പിക്കുകയും അവരുടെ സഹനങ്ങളില്‍ പിന്തുണനല്‍കുകയും ചെയ്തു.

സെഫിറീനൂസ് മാര്‍പ്പാപ്പയ്ക്ക് തന്റെ ഭരണകാലത്ത് നേരിടേണ്ടി വന്ന മറ്റൊരു വലിയ വെല്ലുവിളിയായിരുന്നു സഭയില്‍ ഉയര്‍ന്നുവന്ന വിവിധ തരത്തിലുള്ള പാഷണ്ഡതകള്‍. അത്തരം പഠനങ്ങളില്‍നിന്നും തിരുസഭയെയും സഭാവിശ്വാസികളെയും സത്യവിശ്വാസത്തെയും രക്ഷിക്കേണ്ട വലിയ ചുമതലയും ഉത്തരവാദിത്വവും അദ്ദേഹത്തില്‍ നിഷിപ്തമായിരുന്നു. സഭയെ അലട്ടിയിരുന്ന മാര്‍ഷ്യനിസം, അഡോപ്ഷനിസം, മൊണ്ടാനിസം, മോഡലിസം (സബെലിയനിസം) എന്നീ പാഷണ്ഡതകള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചിരുന്ന കാലമായിരുന്നു അത്.

സെഫിറീനൂസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായിരുന്ന വിക്ടര്‍ ഒന്നാമന്‍ മാര്‍പ്പാപ്പ അഡോപ്ഷനിസം എന്ന പാഷണ്ഡതയെ അപലപിക്കുകയും അതിന്റെ പ്രചാരകനായിരുന്ന റ്റാനെറിലെ തെയോഡൊതൂസിനെ സഭാഭ്രഷ്ടനാക്കിയിരുന്നെങ്കിലും തെയോഡോതൂസ് തന്റെ പഠനങ്ങളെ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനിന്നില്ല എന്നു മാത്രമല്ല പ്രസ്തുത പാഷണ്ഡതയെ കൂടുതല്‍ ശക്തിയോടെ കൂടുതല്‍ സ്ഥലങ്ങളിലേക്കും മറ്റും വ്യപിപ്പിക്കുകയും ചെയ്തു. വിക്ടര്‍ മാര്‍പ്പാപ്പ തെയോഡോതൂസിനെ മഹറോന്‍ ചൊല്ലിയതിനെ തുടര്‍ന്ന് തെയോഡോതൂസ് സ്വന്തമായി ഒരു സഭ സ്ഥാപിക്കുകയും അനുയായികളെ ഏകോപിപ്പിക്കുകയും ചെയ്തു. തങ്ങളുടെ സഭയ്ക്ക് കൂടുതല്‍ സ്വീകാര്യത കിട്ടുന്നതിനായി സഭയിലും സമൂഹത്തിലും സമ്മതനും സ്വീകാര്യനുമായിരുന്ന നതാലിയൂസ് എന്ന പുരോഹിതനെ വിലയ്ക്കു വാങ്ങുകയും അദ്ദേഹത്തെ മെത്രാനായി പാഷണ്ഡികള്‍ വാഴിക്കുകയും ചെയ്തു. തിരുസഭയ്ക്കുവേണ്ടിയും വിശ്വാസത്തിനുവേണ്ടിയും വളരെയധികം കഷ്ടതകള്‍ അനുഭവിച്ച വ്യക്തിയായിരുന്ന നതാലിയൂസ്. അതിനാല്‍ തന്നെ ചരിത്രകാരനായ യൗസേബിയൂസ് പറയുന്നതനുസരിച്ച്, നതാലിയൂസിനെ നഷ്ടപ്പെടുത്തി കളയുവാന്‍ ദൈവം തയ്യാറായിരുന്നില്ല. പാഷണ്ഡകളോടു ചേര്‍ന്നുകൊണ്ട് താന്‍ ചെയ്യുന്ന തെറ്റ് തിരിച്ചറിഞ്ഞ് അനുതപിച്ച് സഭയിലേക്ക് തിരിച്ചുവരുവാന്‍ ആവശ്യപ്പെടുന്ന മാലാഖമാരുടെ ദര്‍ശനങ്ങള്‍ അദ്ദേഹത്തിന് പലപ്രാവശ്യം ലഭിച്ചു. എന്നാല്‍ തെയോഡോതൂസും കൂട്ടരും നല്‍കിയ മോഹനവാഗ്ദാനങ്ങളില്‍ മനം മയങ്ങിയ നതാലിയൂസ് ആദ്യമൊക്കെ അത്തരം ദര്‍ശനങ്ങളോട് മുഖം തിരിച്ചു. എന്നാല്‍ ഒരു രാത്രിയില്‍ ഘോരമായ ചാട്ടവാറടിയോടുകൂടെ മാലാഖമാര്‍ നല്‍കിയ സന്ദേശം യഥാര്‍ത്ഥത്തില്‍ ക്രിസ്തുവില്‍ നിന്നുതന്നെയാണ് എന്ന് മനസ്സിലാക്കിയ നതാലിയൂസ് മനസ്തപിക്കുകയും പ്രസ്തുത വിഭാഗത്തില്‍ നിന്ന് പുറത്തുവരികയും ചെയ്തു.

എന്നാല്‍ അഡോപ്ഷനിസവും മറ്റു പാഷണ്ഡതകളും റോമിന്റെ മേലും തിരുസഭയുടെമേലും വിശ്വാസത്തിന്റെമേലും ഏല്‍പ്പിച്ച ആഘാതം ചെറുതല്ലായിരുന്നു. പ്രസ്തുത പാഷണ്ഡതകള്‍ സഭയില്‍ വലിയ കൊടുങ്കാറ്റുതന്നെ സൃഷ്ടിക്കുവാന്‍ പോന്നവയായിരുന്നു. ക്രിസ്തു യഥാര്‍ത്ഥത്തില്‍ ദൈവപുത്രനല്ല എന്നും പരിശുദ്ധ ത്രീത്വം എന്നത് മൂന്നാളുകള്‍ അല്ല എന്നും ഒരു സത്തയുടെ മൂന്നു വിശേഷണങ്ങള്‍ മാത്രമാണ് (സബെല്ലിയനിസം) എന്നുമുള്ള തെറ്റായ പഠനങ്ങള്‍ സഭയില്‍ പടര്‍ന്നു കയറികൊണ്ടിരിക്കുന്ന ഒരു കാലമായിരുന്നു സെഫിറീനൂസ് മാര്‍പ്പാപ്പയുടെ ഭരണകാലം. സെഫിറീനൂസ് മാര്‍പ്പാപ്പ പ്രസ്തുത പഠനങ്ങളെല്ലാം തെറ്റാണ് എന്ന് പ്രസ്താവക്കുകയും അപ്പസ്‌തോലന്മാരുടെ പഠനങ്ങളോട് ചേര്‍ന്നുനിന്നുകൊണ്ട് വിശ്വാസത്തെ നിര്‍വചിക്കുകയും ചെയ്തു. പ്രസ്തുത പരിശ്രമങ്ങളില്‍ പില്‍കാലത്ത് മാര്‍പ്പാപ്പയായി തീര്‍ന്ന കലിസ്റ്റസിന്റെ പിന്തുണയും സഹായവും ഉണ്ടായിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ പാഷണ്ഡതയോടുള്ള സമീപനം പലരെയും പ്രീതിപ്പെടുത്തുന്നതായിരുന്നില്ല.

വി. ഹിപ്പോളിറ്റസും തെര്‍ത്തുല്യനും സെഫിറീനൂസ് മാര്‍പ്പാപ്പയെ നിശതമായി വിമര്‍ശിക്കുകയും പ്രസ്തുത പാഷണ്ഡതകളെ നേരുടുന്നതില്‍ അദ്ദേഹം ദുര്‍ബലനായിരുന്നു എന്നും അത്തരം പാഷണ്ഡതകളെ മുളയിലേ നുള്ളികളയുന്നതിനായി കൂടുതല്‍ ശക്തമായി പ്രതികരിക്കണമായിരുന്നു എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. എന്നാല്‍ പാഷണ്ഡതകളെയും ദൈവനിന്ദകരെയും സെഫിറീനൂസ് മാര്‍പ്പാപ്പ ജാഗ്രതയോടെയും തീഷ്ണതയോടെയും എതിര്‍ക്കുകയും വിശ്വാസം സംരക്ഷിക്കുകയും ചെയ്തു എന്ന് സഭാചരിത്രകാരനായ യൗസേബിയൂസ് രേഖപ്പെടുത്തുന്നു. മാത്രമല്ല സഭയെ അലട്ടികൊണ്ടിരുന്ന പാഷണ്ഡതകള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനായി ക്രിസ്തുവിന്റെ ദൈവികതയെ ഊന്നിപറഞ്ഞുകൊണ്ടും അവിടുന്ന് പിതാവായ ദൈവത്തില്‍ നിന്ന് വിത്യസ്തനാണ് എന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ചുകൊണ്ടും ഒരു വിശ്വാസപ്രഖ്യാപനത്തിന് രൂപം കൊടുത്തു. എന്നാല്‍ പ്രസ്തുത വിശ്വാസപ്രഖ്യാപനത്തിന് ദൈവശാത്രപരമായ ഭാഷ നല്‍കുവാനായി വീണ്ടും ഒരു അന്‍പതുകൊല്ലം തിരുസഭയ്ക്ക് കാത്തിരിക്കേണ്ടിവന്നു. സെഫിറീനൂസ് മാര്‍പ്പാപ്പയുടെ കാലത്തായിരുന്നു പണ്ഡിതനായിരുന്ന തെര്‍ത്തുല്യന്‍ സത്യവിശ്വാസം ഉപേക്ഷിച്ച് മൊണ്ടാനിസം എന്ന പാഷണ്ഡത സ്വീകരിച്ചത്. ഇത് മാര്‍പ്പാപ്പയ്ക്ക് വളരെ മനോവിഷമത്തിന് കാരണമായി.

മാനസികവും ആത്മീകവും ശാരീരികവുമായ ഒത്തിരി സഹനങ്ങള്‍ ഏല്‍ക്കേണ്ടിയും സഹിക്കേണ്ടിയും വന്ന വ്യക്തിയായിരുന്നു വി. സെഫിറീനൂസ് മാര്‍പ്പാപ്പ. തന്റെ നീണ്ട രണ്ടു പതിറ്റാണ്ടുകാലത്തെ ഭരണകാലത്തിനു വിരാമമിട്ടുകൊണ്ട് അദ്ദേഹം ഏ.ഡി. 217-ല്‍ ഇഹലോകവാസം വെടിഞ്ഞു. സെഫിറീനൂസ് മാര്‍പ്പാപ്പ സഭയ്ക്ക് നല്‍കിയ സംഭാവനകളെ കണക്കിലെടുത്ത് സഭാചരിത്രകാരന്മാരും ദൈവശാസ്ത്രജ്ഞരും അദ്ദേഹത്തെ ക്രൈസ്തവവിശ്വാസത്തിന്റെ മുഖ്യസംരക്ഷകരില്‍ ഒരാളായി കണക്കാക്കുന്നു.


ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.