തിരുസഭയുടെ പതിനാലാമത്തെ മാര്‍പ്പാപ്പയും ഇടയനുമായുള്ള വി. വിക്ടര്‍ ഒന്നാമന്‍ മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പ് തിരുസഭയുടെ ചരിത്രത്തില്‍ ഏറെ പ്രത്യേകമായി മാര്‍പ്പാപ്പമാരുടെ ചരിത്രത്തില്‍ തന്നെ നിര്‍ണ്ണായകമായ ചുവടുവെയ്പ്പായിരുന്നു. തിരുസഭയുടെ ചരിത്രത്തില്‍ ആഫ്രിക്കയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പ്പാപ്പയായിരുന്നു വി. വിക്ടര്‍ ഒന്നാമന്‍ മാര്‍പ്പാപ്പ.
ആഫ്രിക്കയില്‍ ജനിച്ച വിക്ടര്‍ മാര്‍പ്പാപ്പ സഭയുടെ അമരക്കാരനായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് കാര്‍ത്തേജിലെ അതിപുരാതന നഗരമായ ലെപ്റ്റിസ് മാഗ്ന എന്ന സ്ഥലത്തെ മെത്രാനായിരുന്നു. അദ്ദേഹത്തിന്റെ മാര്‍പ്പാപ്പയായുള്ള ഭരണകാലത്തെപ്പറ്റി ചില തര്‍ക്കങ്ങളും വിത്യസ്ത അഭിപ്രായങ്ങളും നിലനില്‍ക്കുന്നുണ്ട്. ചരിത്രകാരന്മാര്‍ വിക്ടര്‍ മാര്‍പ്പാപ്പയുടെ ഭരണകാലത്തെപ്പറ്റി വിത്യസ്ത അഭിപ്രായമുള്ളവരാണ്. എന്നിരുന്നാലും അദ്ദേഹം ഒരു ദശാബ്ദത്തോളം സഭയയെ നയിച്ചു എന്ന് എല്ലാവരും അംഗീകരിക്കുന്നു. വി. എലുവുത്തേരിയൂസിന്റെ കാലശേഷമാണ് അദ്ദേഹം മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു.
ക്രിസ്ത്യാനികള്‍ റോമന്‍ ചക്രവര്‍ത്തിയില്‍ നിന്നും റോമന്‍ അധികാരികളില്‍ നിന്നും വളരെയധികം പീഡനങ്ങള്‍ സഹിക്കേണ്ടി വന്ന ഒരു കാലഘട്ടമായിരുന്നു അത്. ഖനികളില്‍ ജോലി ചെയ്യുവാന്‍ നിര്‍ബന്ധിതരായിരുന്ന ക്രിസ്ത്യാനികളുടെ മോചനത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി വിക്ടര്‍ മാര്‍പ്പാപ്പ പ്രയത്‌നിക്കുകയും വാദിക്കുകയും ചെയ്തു. അപ്രകാരം സ്വതന്ത്രരാക്കപ്പെട്ടവരെ അദ്ദേഹം സസന്തോഷം സഭയിലേക്ക് വീണ്ടും സ്വീകരിക്കുകയും ചെയ്തു.
വി. വിക്ടര്‍ ഒന്നാമന്‍ മാര്‍പ്പാപ്പ ഏറെ ശ്രദ്ധിക്കപ്പെട്ടതും അദ്ദേഹത്തിന്റെ മാര്‍പ്പാപ്പയായുള്ള ഭരണകാലം പ്രാധാന്യമുള്ളതായി തീര്‍ന്നതും അദ്ദേഹം ഈസ്റ്റര്‍ ആചരണത്തെ സംബന്ധിച്ച് എടുത്ത തീരുമാനങ്ങളെപ്രതിയും അതുപോലെതന്നെ അഡോപ്‌നിസം എന്ന പഠനത്തിനെതിരെ എടുത്ത നിലപാടുകളിലൂടെയുമാണ്. അന്നത്തെ കാലത്ത് സഭയില്‍ ഈസ്റ്റര്‍ ആചരണത്തെ സംബന്ധിച്ച് വിത്യസ്ത നിലപാടുകളും വിത്യസ്ത ആചാരങ്ങളുമാണ് ഉണ്ടായിരുന്നത്. പാശ്ചാത്യസഭയിലും പൗരസ്ത്യസഭയിലും ഈസ്റ്റര്‍ ആചരിച്ചിരുന്നത് വിത്യസ്ത തീയതികളിലായിരുന്നു. ചിലര്‍ ഈസ്റ്റര്‍ യഹൂദ കലണ്ടര്‍ അനുസരിച്ച് നിസാന്‍ മാസത്തിലെ 14-ാം തീയതി ഈസ്റ്റര്‍ ആചരിച്ചിരുന്നു. എന്നാല്‍ വിക്ടര്‍ ഒന്നാമന്‍ മാര്‍പ്പാപ്പയുടെ മുന്‍ഗാമികള്‍ ഈസ്റ്റര്‍ ഞായറാഴ്ച്ച ആചരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. പക്ഷെ അവര്‍ യഹൂദ കലണ്ടര്‍ അനുസരിച്ചുള്ള ഈസ്റ്റര്‍ ആചരണത്തെ സഹീഷ്ണതയോടെയാണ് കണ്ടത്. പക്ഷെ വിക്ടര്‍ ഒന്നാമന്‍ മാര്‍പ്പാപ്പ ഈസ്റ്റര്‍ ഞായറാഴ്ച്ച മാത്രമേ ആചരിക്കാവൂ എന്ന് നിര്‍ദ്ദേശിച്ചു. ക്രിസ്തുമത വിശ്വാസികളെല്ലാവരും ഈസ്റ്റര്‍ ഈ ദിനത്തില്‍ മാത്രമേ ആചരിക്കാവൂ എന്ന് അദ്ദേഹം കര്‍ശനമായി നിര്‍ദേശിച്ചു.
ഈ നിര്‍ദേശം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി മാര്‍പ്പാപ്പ പ്രാദേശിക സിനഡുകള്‍ വിളിച്ചുചേര്‍ത്തു. ഭൂരിഭാഗം സിനഡുകളും വിക്ടര്‍ മാര്‍പ്പാപ്പയുടെ തീരുമാനത്തോട് യോജിച്ചപ്പോള്‍ ഏഷ്യാമൈനറില്‍ നിസാന്‍ മാസത്തിലെ 14-ാം തീയതി ഈസ്റ്റര്‍ ആചരിച്ചിരുന്ന പൗരസ്ത്യസഭകള്‍ മാര്‍പ്പാപ്പയുടെ ഈ തീരുമാനത്തോട് യോജിക്കുവാന്‍ തയ്യാറായില്ല. ഇതിനു കാരണമായി അവര്‍ പറഞ്ഞത് ഇത്തരത്തിലൂള്ള ഈസ്റ്റര്‍ ആചരണം സംബന്ധിച്ചുള്ള നിര്‍ദ്ദേശം അവര്‍ക്ക് അപ്പസ്‌തോലന്മാരില്‍ നിന്ന് ലഭിച്ചതാണ് എന്നും അതിനാല്‍ ഈ ആചരണം അപ്പസ്‌തോലിക സമയം മുതലുള്ളതാണ് എന്നതും ആയിരുന്നു. പൗരസ്ത്യസഭകള്‍ എഫേസൂസിലെ പോളിക്രാറ്റസിന്റെ നേതൃത്വത്തില്‍ വിക്ടര്‍ മാര്‍പ്പാപ്പയുടെ തീരുമാനത്തെ അനുസരിക്കുവാന്‍ വിസ്സമ്മതിച്ചു. ഇത് അറിഞ്ഞ വിക്ടര്‍ മാര്‍പ്പാപ്പ പോളിക്രാറ്റസിനെയും അവിടുത്തെ പൗരസ്ത്യസഭകളെയും സഭാഭ്രഷ്ടരാക്കി. ഇതിന്റെ ഫലമായി വിക്ടര്‍ മാര്‍പ്പാപ്പയ്ക്ക വളരെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. വി. ഇരണേവൂസ് അദ്ദേഹത്തെ കഠിനമായി വിമര്‍ശിക്കുകയും വി. സോറ്റര്‍ മാര്‍പ്പാപ്പ മുതലുള്ള മാര്‍പ്പാപ്പമാര്‍ ഈസ്റ്ററിനെ സംബന്ധിച്ചുള്ള ആചാരവും ഈസ്റ്റര്‍ തീയതി സംബന്ധിച്ചുള്ള വിത്യസ്തതകളും സഹിഷ്ണുതയോടെയാണ് കണ്ടിരുന്നത് എന്നും വിക്ടര്‍ മാര്‍പ്പാപ്പയെ ഓര്‍മിപ്പിക്കുകയും അതിനാല്‍ പോളിക്രാറ്റസിന്റെയും മറ്റുള്ളവരുടെയും എതിര്‍പ്പുകള്‍ ക്രിസ്തുവിലുള്ള വിശ്വാസത്തിന് എതിരല്ലാത്തതിനാല്‍ അവരെ സഭാഭ്രഷ്ടരാക്കുന്നതിനുള്ള കാരണമാകില്ല എന്ന് സമര്‍ത്ഥിക്കുകയും ചെയ്തു. വി. ഇരണേവൂസിന്റെ ഈ വാക്കുകള്‍ വിക്ടര്‍ മാര്‍പ്പാപ്പയെ തന്റെ തീരുമാനം പുനഃവിചിന്തനം ചെയ്യുന്നതിന് പ്രേരിപ്പിക്കുകയും പോളിക്രാറ്റസിന്റെയും മറ്റുള്ളവരുടെയും മേലുള്ള സഭാഭ്രഷ്ട് നീക്കം ചെയ്യുകയും ചെയ്തു.
സഭാചരിത്രകാരനായ യൗസേബിയൂസ് രേഖപ്പെടുത്തിയത് അനുസരിച്ച് വിക്ടര്‍ ഒന്നാമന്‍ മാര്‍പ്പാപ്പ ക്രിസ്തു സത്യത്തില്‍ ദൈവപുത്രനല്ല എന്നു മറിച്ച് അവന്‍ ദൈവത്താല്‍ ദത്തെടുക്കപ്പെട്ട പുത്രനായിരുന്നു എന്നും പഠിപ്പിച്ച അഡോപ്ഷനിസം എന്ന പാഷ്ണ്ഡതെക്കെതിരെ ശക്തമായി പ്രതികരിച്ചു. പ്രസ്തുത പാഷ്ണ്ഡതയുടെ പ്രചാരകനായിരുന്ന ബൈസാന്റിയത്തിലെ തെയോഡൊതൂസിനെ അദ്ദേഹം സ്ഥാനഭ്രഷ്ടനാക്കി. തെയോഡൊതൂസ് ക്രിസ്തു സാധാരണ ഒരു മനുഷ്യനായിരുന്നു എന്നും തന്റെ ഉത്ഥാനം വരെ ക്രിസ്തു ദൈവമായില്ല എന്നും തന്റെ ലിഖിതങ്ങളിലൂടെ പഠിപ്പിച്ചു.
ആദ്യകാലത്തെ സഭാ രേഖകള്‍ വിക്ടര്‍ ഒന്നാമന്‍ മാര്‍പ്പാപ്പ രക്തസാക്ഷിത്വം വരിച്ചു എന്ന് സാക്ഷ്യപ്പെടുത്തുന്നു. തിരുസഭ വി. വിക്ടര്‍ ഒന്നാമന്‍ മാര്‍പ്പാപ്പയുടെ തിരുനാള്‍ ജൂലൈ 28-ാം തീയതി ആചരിക്കുന്നു.
ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.