സത്യന്‍ മാഷിന്റെ ഓര്‍മ്മകള്‍ക്ക് അരനൂറ്റാണ്ട്

സത്യന്‍ മാഷിന്റെ ഓര്‍മ്മകള്‍ക്ക് അരനൂറ്റാണ്ട്

മലയാള സിനിമാ ലോകത്തെ അനശ്വര നടന്‍ സത്യന്റെ ഓര്‍മ്മകള്‍ക്ക് അര നൂറ്റാണ്ട്. കാക്കിക്കുള്ളിലെ കലാകാരന്‍ തീര്‍ത്തും അവിചാരിതമായാണ് വെള്ളിവെളിച്ചത്തിന്റെ ലോകത്തെത്തുന്നത്. നിരവധി നാടകങ്ങളില്‍ അഭിനയിച്ചു പോന്ന അന്നത്തെ ആലപ്പുഴ നോര്‍ത്ത് സ്റ്റേഷനിലെ പോലീസുകാരനെ കണ്ടെത്തിയത് സംഗീതജ്ഞന്‍ സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരാണ്. ആ സൗഹൃദം വഴി പല ചലച്ചിത്ര പ്രവര്‍ത്തകരെയും പരിചയപ്പെടാന്‍ സാധിച്ചെങ്കിലും, സിനിമാ പ്രവേശം പിന്നെയും നീണ്ടു.

അയല്‍ക്കാരനും പത്രാധിപരുമായ കെ. ബാലകൃഷ്ണന്‍ ഒരു സിനിമയെടുക്കുന്നു എന്നറിഞ്ഞ സത്യന്‍ മാഷ് ആ ചിത്രത്തിലെ നായകനായി. നിര്‍ഭാഗ്യവശാല്‍ 'ത്യാഗസീമ' എന്ന സിനിമ റിലീസ് ചെയ്തില്ല. ഈ ചിത്രം തന്നെയായിരുന്നു നിത്യഹരിത നായകന്‍ പ്രേം നസീറിന്റെയും ആദ്യ സിനിമ എന്നത് തീര്‍ത്തും യാദൃശ്ചികം.

പക്ഷെ സത്യന്‍ എന്ന പോലീസുകാരന്‍ സിനിമയില്‍ അഭിനയിക്കുന്നതിനെതിരെ അന്നത്തെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രംഗത്തെത്തി. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഇന്ത്യന്‍ സേനയില്‍ സേവനമനുഷ്ഠിച്ച പാരമ്പര്യമുള്ള സത്യന്‍ മാഷ്, തന്റെ അഭിനയജീവിതത്തിനു തടസ്സമായി പോലീസ് കുപ്പായം എന്നന്നേക്കുമായി അഴിച്ചുവച്ചായിരുന്നു പ്രതികരിച്ചത്.

എന്നാല്‍ സിനിമ സത്യന്‍ മാഷ് എന്ന പ്രതിഭയെ നഷ്ടപ്പെടാന്‍ ആഗ്രഹിച്ചിരുന്നില്ല എന്ന് വേണം പറയാന്‍. 'ത്യാഗസീമ' ബിഗ് സ്‌ക്രീനില്‍ തെളിഞ്ഞില്ലെങ്കിലും, അതിലെ ചില ഭാഗങ്ങള്‍ കാണാന്‍ അവസരം ലഭിച്ച നീല പ്രൊഡക്ഷന്‍സിന്റെ പി. സുബ്രമണ്യം 1952ല്‍ ആത്മസഖിയിലെ നായകനായി സത്യന്‍ മാഷിനെ അവതരിപ്പിച്ചു.

മാനുവല്‍ സത്യനേശന്‍ എന്ന പേര് ചെറുതാക്കി അദ്ദേഹം സത്യന്‍ എന്ന പേര് സിനിമയ്ക്കായി സ്വീകരിക്കുകയായിരുന്നു. കടല്‍പ്പാലത്തിലെ' ഇരട്ടവേഷത്തിനും കരകാണാക്കടലിലെ കഥാപാത്രത്തിനും അദ്ദേഹത്തെ തേടി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരമെത്തി. മരണശേഷമാണ് 'കരകാണാക്കടലിലെ' വേഷത്തിനുള്ള പുരസ്‌കാരം ലഭിക്കുന്നത്.

രണ്ടു പതിറ്റാണ്ടോളം സത്യനും പ്രേം നസീറും മലയാള സിനിമയിലെ പകരക്കാരില്ലാത്ത നായകന്മാരായിരുന്നു. മമ്മൂട്ടിയും സുരേഷ് ഗോപിയും സത്യന്‍ മാഷിന്റെ ചിത്രങ്ങളിലാണ് അരങ്ങേറ്റം കുറിച്ചത് എന്ന കാര്യവും പലര്‍ക്കും അറിയില്ല. 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയില്‍ മമ്മൂട്ടിയും 'ഓടയില്‍ നിന്ന്' എന്ന സിനിമയില്‍ സുരേഷ് ഗോപിയും ബാലതാരങ്ങളായി വേഷമിട്ടിരുന്നു.

1971 ജൂണ്‍ 15ന് ചെന്നൈയില്‍ വിടവാങ്ങുമ്പോള്‍ അദ്ദേഹത്തിന് പ്രായം 58 വയസ്സ്. രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. മലയാള സിനിമയുടെ ഉന്നതങ്ങളെ കീഴടക്കിയ സത്യന്‍ മാഷിന്റെ ജീവിത കഥ അണിയറയില്‍ ഒരുങ്ങിവരികയാണ്. ജയസൂര്യ നായകനാവുന്ന ചിത്രം പ്രഖ്യാപിച്ചു കഴിഞ്ഞു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.