പത്തനാപുരത്ത് വാഗമണ്‍ മോഡല്‍ തീവ്രവാദ ക്യാമ്പ് നടന്നതായി സംശയം; ദക്ഷിണേന്ത്യയില്‍ നിന്നുള്ളവര്‍ പങ്കെടുത്തു

പത്തനാപുരത്ത് വാഗമണ്‍ മോഡല്‍ തീവ്രവാദ ക്യാമ്പ്  നടന്നതായി സംശയം; ദക്ഷിണേന്ത്യയില്‍ നിന്നുള്ളവര്‍ പങ്കെടുത്തു

കൊല്ലം: പത്തനാപുരം പാടം ഗ്രാമത്തില്‍ വനം വകുപ്പിന്റെ കശുമാവിന്‍ തോട്ടത്തില്‍ നിന്ന് ബോംബു നിര്‍മാണത്തിന് ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്ത സംഭവത്തിന് മുമ്പ് ആയുധ പരിശീലനം നടന്നതായി സംശയം.

കൊല്ലം-പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി വനമേഖലയില്‍പ്പെടുന്ന തട്ടാക്കുടിയില്‍ ജനുവരി 21 ന് വാഗമണ്‍ തീവ്രവാദ ക്യാമ്പിന്റെ മാതൃകയില്‍ ആയുധ പരിശീലനം നടന്നതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഉത്തര്‍പ്രദേശില്‍ പിടിയിലായ ചില യുവാക്കള്‍ പാടത്തുനിന്ന് പരിശീലനം നേടിയതായി പോലീസിനോട് പറഞ്ഞിരുന്നു.

ഇക്കാര്യം വെവ്വേറെ അന്വേഷിച്ച തമിഴ്‌നാട് ക്യു ബ്രാഞ്ചും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും തീവ്രവാദ ക്യാമ്പ് നടന്നതായി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. രണ്ട് ഏജന്‍സികളുടെയും ഉദ്യോഗസ്ഥര്‍ നേരത്തേ ഇവിടം സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മലയാളികള്‍ക്കൊപ്പം തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ക്യാമ്പില്‍ പങ്കെടുത്തെന്നാണ് പറയുന്നത്.

മാര്‍ച്ച് അവസാനം ക്യു ബ്രാഞ്ച് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും തട്ടാക്കുടിയിലെത്തിയിരുന്നു. എന്നാല്‍ ഇവര്‍ നടത്തിയ അന്വേഷണത്തില്‍ ക്യാമ്പ് നടന്നതിന് തെളിവൊന്നും കിട്ടിയില്ല. സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ബന്ധമുള്ള ചിലരുടെ ഫോണ്‍വിളികള്‍ പോലീസ് പരിശോധിച്ചു വരികയാണ്.

രണ്ട് ജലാറ്റിന്‍ സ്റ്റിക്ക്, നാല് ഡിറ്റണേറ്റര്‍, ബാറ്ററികള്‍, മുറിച്ച വയറുകള്‍, പശ എന്നിവയാണ് തിങ്കളാഴ്ച പാടത്തുനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച കോന്നി വന മേഖലയില്‍നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഈ രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധസേന (എ.ടി.എസ്.)യും രഹസ്യാന്വേഷണ വിഭാഗവും ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.