വിശ്വാസികളുടെ എതിര്‍പ്പ്: സിഡ്നിയില്‍ കത്തോലിക്ക ട്രസ്റ്റിനു കീഴിലുള്ള ശ്മശാനങ്ങള്‍ ഏറ്റെടുക്കുന്നതില്‍നിന്നു സര്‍ക്കാര്‍ പിന്മാറി

വിശ്വാസികളുടെ എതിര്‍പ്പ്: സിഡ്നിയില്‍ കത്തോലിക്ക ട്രസ്റ്റിനു കീഴിലുള്ള ശ്മശാനങ്ങള്‍ ഏറ്റെടുക്കുന്നതില്‍നിന്നു സര്‍ക്കാര്‍ പിന്മാറി

സിഡ്‌നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ശ്മശാനങ്ങളുടെ നടത്തിപ്പ് ചുമതലയില്‍നിന്ന് മതവിഭാഗങ്ങളെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറി. കത്തോലിക്ക സഭയുടെ കടുത്ത പ്രതിഷേധത്തെതുടര്‍ന്നാണ് തീരുമാനം. ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകളായി പിന്തുടരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും അപ്പാടെ ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാരിന്റെ തീരുമാനം.

കാത്തലിക് മെട്രോപൊളിറ്റന്‍ സെമിത്തേരി ട്രസ്റ്റിനു കീഴിലുള്ള ശ്മശാനങ്ങള്‍ സര്‍ക്കാര്‍ പൂര്‍ണമായും നിയന്ത്രണത്തിലാക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമായിരുന്നു. വിശ്വാസികളില്‍നിന്നുള്ള എതിര്‍പ്പ് ശക്തമായതോടെയാണ് സര്‍ക്കാരിന്റെ പിന്മാറ്റം.

സിഡ്നിയിലെ നാലു ശ്മശാനങ്ങളുടെ നടത്തിപ്പ് ചുമതല കാത്തലിക് മെട്രോപൊളിറ്റന്‍ സെമിത്തേരി ട്രസ്റ്റിന് അതേപടി തുടരും. റൂക്ക് വുഡ്, ലിവര്‍ പൂള്‍, കെംപസ് ക്രീക്ക്, നോര്‍ത്ത് റോക്ക് ശ്മശാനങ്ങളാണ് ട്രസ്റ്റിനു കീഴിലുള്ളത്. ന്യൂ സൗത്ത് വെയില്‍സ് ഡപ്യൂട്ടി പ്രീമിയര്‍ ജോണ്‍ ബറിലാറോയുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലാണു തീരുമാനമുണ്ടായത്. ഈ ശ്മശാനങ്ങളില്‍ കഴിഞ്ഞ 150 വര്‍ഷങ്ങളായി തുടരുന്ന ആചരാനുഷ്ഠാനങ്ങള്‍ അതേപടി തുടരുമെന്ന് സിഡ്നി ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍ അറിയിച്ചു.

ശ്മശാനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ടുവരുന്ന വണ്‍ക്രൗണ്‍ മോഡല്‍ പദ്ധതിയില്‍ ഈ നാലു ശ്മശാനങ്ങളെ ഉള്‍പ്പെടുത്തില്ലെന്നു ഉറപ്പു കിട്ടിയതായി ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. സഭ പിന്തുടരുന്ന പ്രാര്‍ഥനകളും ആചാരങ്ങളും ശ്മശാനങ്ങളുമായി ബന്ധപ്പെട്ട അവകാശങ്ങളും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ നാലു ശ്മശാനങ്ങളുടെ നടത്തിപ്പിനു മാത്രമായി പ്രത്യേക സംവിധാനം ഉണ്ടാകും. ഇവിടെയെത്തുന്ന വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളും സംസ്‌കാര ശുശ്രൂഷകളും പഴയപടി തുടരും. കാപ്‌ബെല്‍ടൗണിലും പെന്റിത്തിലും പുതുതായി രണ്ടു ശ്മശാനങ്ങള്‍ ആരംഭിക്കുന്ന കാര്യം ഡപ്യൂട്ടി പ്രീമിയറുമായി ചര്‍ച്ച ചെയ്തതായി ബിഷപ്പ് അറിയിച്ചു. ഇക്കാര്യത്തിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

കത്തോലിക്ക സഭയുടെ കീഴിലുള്ള നാലു ശ്മശാനങ്ങള്‍ ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരേ 17000 ത്തോളം പേര്‍ ന്യൂ സൗത്ത് വെയില്‍സ് പ്രീമിയറിന് കത്തു നല്‍കിയിരുന്നു. തീരുമാനത്തില്‍നിന്നു പിന്മാറണമെന്നും കാത്തലിക് മെട്രോപൊളിറ്റന്‍ സെമിത്തേരി ട്രസ്റ്റിനു തന്നെ ഇതിന്റെ മേല്‍നോട്ടം ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

തിങ്കളാഴ്ച്ച മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയില്‍ ഇക്കാര്യം വന്നിരുന്നു. സിഡ്നിയിലെ കത്തോലിക്ക സഭയും വിശ്വാസികളും ഉയര്‍ത്തിയ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം പുനഃപരിശോധിച്ചത്.

സ്ഥലപരിമിതിയുടെ പേരു പറഞ്ഞ് മൃതദേഹങ്ങള്‍ അടക്കം ചെയ്യാതെ ദഹിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായാണ് ശ്മശാനങ്ങളുടെ നടത്തിപ്പ് ചുമതല മതവിഭാഗങ്ങളില്‍നിന്ന് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തീരുമാനം കത്തോലിക്ക വിശ്വാസങ്ങള്‍ക്ക് എതിരായതിനാല്‍ പ്രതിഷേധം ഉയരുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.