വാഷിംഗ്ടൺ : പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ള ഭ്രൂണഹത്യാനുകൂലികൾക്ക് വിശുദ്ധ കുർബ്ബാന അനുവദനീയമോ എന്ന വിഷയത്തിൽ യുഎസ് കത്തോലിക്കാ മെത്രാൻമാർ ഈ ആഴ്ച ചർച്ച നടത്തും. യുഎസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന രണ്ടാമത്തെ കത്തോലിക്കനാണെങ്കിലും ഡെമോക്രാറ്റായ ബൈഡൻ സ്വവർഗ വിവാഹം, ഭ്രൂണഹത്യ എന്നീ സഭാ വിരുദ്ധ നിലപാടുകളെ പിന്തുണക്കുന്നുണ്ട്.
ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ ചേരുന്ന മെത്രാൻ സമിതിയുടെ ഓൺലൈൻ വാർഷിക യോഗത്തിൽ, വിശുദ്ധ കുർബ്ബാന സ്വീകരണങ്ങളെക്കുറിച്ച് പഠന റിപ്പോർട്ട് തയ്യാറാക്കാൻ പ്രത്യേക കമ്മീഷനെ രൂപീകരിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും.
കമ്മീഷൻ റിപ്പോർട്ട് ഭ്രൂണഹത്യാ വാദികൾക്കെതിരാവുകയാണെങ്കിൽ ബൈഡനും സ്വവർഗ്ഗ വിവാഹത്തിനായി വാദിക്കുന്ന മറ്റ് കത്തോലിക്കാ വിശ്വാസികൾക്കും നൽകുന്ന ശാസനയായി ഇതിനെ കരുതാം.
ഭ്രൂണഹത്യാ വാദികളെ പിന്തുണയ്ക്കുന്ന കത്തോലിക്കാ രാഷ്ട്രീയക്കാർക്ക് വിശുദ്ധ കുർബ്ബാന നിഷേധിക്കണമോ എന്നത് അതാതു പ്രദേശത്തെ ബിഷപ്പുമാർക്ക് തീരുമാനിക്കാമെന്ന് 2004 ൽ ചേർന്ന മെത്രാന്മാരുടെ യോഗം തീരുമാനിച്ചിരുന്നു. കത്തോലിക്കാസഭയുടെ മതബോധനം അനുസരിച്ച്, ഒരു സ്ത്രീ തന്റെ ഗർഭാവസ്ഥയെ മനപൂർവ്വം അവസാനിപ്പിക്കുന്നത് ധാർമ്മിക നിയമത്തിന് തികച്ചും വിരുദ്ധമാണ് എന്നും വൈവാഹിക സ്നേഹം പങ്കിടേണ്ടത് ഒരേ ലിംഗത്തിലുള്ളവരല്ല, മറിച്ച് പുരുഷനും സ്ത്രീയുമാണ് എന്നും പഠിപ്പിക്കുന്നു.
കഴിഞ്ഞ ദശകത്തിൽ അമേരിക്കൻ വൈസ് പ്രസിഡന്റും യുഎസ് സെനറ്ററുമായിരുന്ന ബൈഡൻ എൽജിബിടി അവകാശങ്ങൾക്കായി ശക്തമായി വാദിച്ചു. ജനുവരിയിൽ പ്രസിഡന്റായി അധികാരമേറ്റതിനുശേഷം, ഗർഭമലസിപ്പിക്കൽ ഗുളികകൾ എളുപ്പം ലഭ്യമാക്കുന്നതിനായി ഫെഡറൽ നിയന്ത്രണങ്ങൾ അദ്ദേഹം പിൻവലിക്കുകയും അടുത്ത ബഡ്ജറ്റിൽ ഗർഭച്ഛിദ്രത്തിന് ധനസഹായം ഏർപ്പെടുത്താൻ പദ്ധതി ഇടുകയും ചെയ്യുന്നു.
ജോ ബൈഡൻ തന്റെ കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് അഭിമാനപൂർവ്വം പറയുകയും എല്ലാ ആഴ്ചയും കുർബ്ബാനയിൽ പങ്കെടുക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇത്തരം വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങളും പ്രവർത്തനങ്ങളും കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം ഒരു അപവാദ വിഷയമായി മാറി. യു എസ് കാത്തലിക് ബിഷപ്സ് കോൺഫ്രൻസ് പ്രസിഡന്റായ ലോസ് ആഞ്ചലസ് ആർച്ച്ബിഷപ് ജോസ് ഗോമസ് , അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ കടുത്ത വിമർശകനാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.