കൊന്നത് 80 ഗ്രാമീണരെ; ആഫ്രിക്കയില്‍ മുതലയ്ക്ക് നാട്ടുകാര്‍ പേരിട്ടത് ഒസാമ ബിന്‍ ലാദന്‍

കൊന്നത് 80 ഗ്രാമീണരെ; ആഫ്രിക്കയില്‍ മുതലയ്ക്ക് നാട്ടുകാര്‍ പേരിട്ടത് ഒസാമ ബിന്‍ ലാദന്‍

കംപാല: ലോകത്തെ വിറപ്പിച്ച ഭീകരാക്രമണങ്ങളുടെ സൂത്രധാരന്‍ ഒസാമ ബിന്‍ ലാദന്‍ എന്ന തീവ്രവാദിയെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആഫ്രിക്കയിലെ ഒരു ഗ്രാമത്തില്‍ വര്‍ഷങ്ങളായി നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്ന ഭീകരന് നാട്ടുകാര്‍ പേരിട്ടത് ഒസാമ ബിന്‍ ലാദന്‍ എന്ന്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദിയായ വിക്ടോറിയയില്‍ സ്ഥിരതാമസമാക്കിയ ഒരു ഭീമന്‍ മുതലയാണ് കഥാപാത്രം.

ആഫ്രിക്കയിലെ ഏറ്റവും വലുതും ലോകത്തില്‍ രണ്ടാമത്തേതുമായ തടാകമാണ് വിക്‌ടോറിയ. ഒസാമാ എന്ന് പേരിട്ട 75 വയസുള്ള നൈല്‍ മുതലയാണ് തടാകത്തിനു സമീപമുള്ള ഗ്രാമങ്ങളിലെ ജനങ്ങളുടെ പേടിസ്വപ്നമായിരുന്നത്.

ഗ്രാമീണരായ 80 പേരെയാണ് മുതല കൊലപ്പെടുത്തിയത്. 1991-നും 2005-നും ഇടയില്‍ കുട്ടികള്‍ ഉള്‍പ്പെടെ ലുഗാംഗ ഗ്രാമത്തിലെ ജനസംഖ്യയുടെ പത്തിലൊന്ന് ആള്‍ക്കാരെയും കൊന്നതോടെയാണ് 16 അടിയുള്ള ഈ ഭീമന്‍ മുതലയ്ക്ക് ഒസാമ ബിന്‍ ലാദന്‍ എന്ന പേരിട്ടതെന്ന് ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജീവിതകാലത്തിന്റെ വലിയൊരു പങ്കും വിക്ടോറിയ തടാകത്തില്‍ തന്നെയായിരുന്നു ഈ ഭീകരന്‍ മുതല കഴിഞ്ഞിരുന്നത്. കൊച്ചു കുട്ടികള്‍ തടാകത്തില്‍ വെള്ളം കോരാന്‍ ഇറങ്ങുമ്പോള്‍ പതിയിരുന്ന് ആക്രമിക്കുന്നതായിരുന്നു ഇതിന്റെ രീതി. കൂടാതെ മത്സ്യതൊഴിലാളികളുടെ ബോട്ടുകള്‍ക്ക് കുറുകെ ചാടിയും ആള്‍ക്കാരെ കൊന്നിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍ ഒരു മത്സ്യത്തൊഴിലാളിയെ വാലുകൊണ്ട് അടിച്ചാണ് കൊന്നത്. പിന്നീട് ഇയാളുടെ കീറിയ വസ്ത്രത്തിന്റെ ഭാഗങ്ങള്‍ മാത്രമാണ് തടാകത്തിനു മുകളില്‍നിന്നു കണ്ടെത്താനായത്.

ഈ മുതലയുടെ ക്രൂരമായ ആക്രമണത്തിന് ഇരയായി രക്ഷപ്പെട്ടയാളാണ് പോള്‍. എന്നാല്‍ ഒപ്പമുണ്ടായിരുന്ന സഹോദരന്‍ പീറ്ററെ മുതല കൊലപ്പെടുത്തിയതിന്റെ ഭീകരത 'ദി സിഡ്‌നി മോണിങ് ഹെറാള്‍ഡി'നോട് പോള്‍ പങ്കുവച്ചു. ഇരുവരും ഒരു ദിവസം ബോട്ടില്‍ മത്സ്യബന്ധനത്തിന് ഇറങ്ങിയതായിരുന്നു. പോള്‍ മുന്നിലിരുന്ന് ചൂണ്ടയിട്ടു. പിന്നിലിരുന്ന പീറ്റര്‍ ബോട്ട് തുഴയുകയായിരുന്നു. പെട്ടെന്ന് വെള്ളത്തില്‍നിന്നു ബോട്ടിന് കുറുകെ മുതല ചാടിയതോടെ പുറകുവശം വെള്ളത്തിലേക്കു താഴ്ന്നു. ഇതിനിടെ പീറ്ററിന്റെ കാലില്‍ മുതല പിടികൂടി. തുടര്‍ന്ന് അഞ്ച് മിനിറ്റോളം മുതലയുമായി മല്‍പ്പിടിത്തം നടത്തിയെങ്കിലും പീറ്ററിനെയും കൊണ്ട് വെള്ളത്തിലേക്കു താഴുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം പീറ്ററിന്റെ മൃതദേഹത്തിന്റെ തലയും കൈയും മാത്രമാണ് തടാകത്തിനു സമീപത്തുനിന്നും കണ്ടെത്താനായത്.

ഒന്നിന് പുറകെ ഒന്നായി ആളുകള്‍ കൊല്ലപ്പെടാന്‍ തുടങ്ങിയതോടെ 2005-ല്‍, ഗ്രാമവാസികള്‍ മുതലയെ പിടികൂടാന്‍ അധികൃതരോട് ആവശ്യപ്പെട്ടു. അമ്പതോളം പ്രാദേശിക അധികൃതരും വന്യജീവി ഉദ്യോഗസ്ഥരും ചേര്‍ന്ന് ഏഴ് പകലും ഏഴ് രാത്രിയും നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് അതിനെ പിടികൂടിയത്. ഇപ്പോള്‍ ഉഗാണ്ട ക്രോക്‌സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലാണ് മുതലയുള്ളത്. മുതലയുടെ തൊലി ഉപയോഗിച്ച് ഹാന്‍ഡ്ബാഗുകള്‍ നിര്‍മ്മിച്ച് ഇറ്റലി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന കമ്പനിയാണിത്. ഒസാമയെ ഇപ്പോള്‍ പ്രജനനത്തിനായാണ് ഉപയോഗിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.