കേരള വിദ്യാഭ്യാസത്തിന്റെ പൊന്‍തൂവലായ ചങ്ങനാശേരി എസ്ബി കോളേജ് ശതാബ്ദി നിറവിൽ

കേരള വിദ്യാഭ്യാസത്തിന്റെ പൊന്‍തൂവലായ ചങ്ങനാശേരി എസ്ബി കോളേജ് ശതാബ്ദി നിറവിൽ

ചങ്ങനാശേരി: കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ കരുത്തരായ ചങ്ങനാശേരി എസ്ബി കോളേജ് ശതാബ്ദി പ്രഭയിൽ. ജൂണ്‍ 19 ന് ശതാബ്ദിയോടനുബന്ധിച്ചുള്ള ആഘോഷങ്ങൾക്ക് തിരിതെളിയും. 19-ന് രാവിലെ ഒമ്പതിന് കോളജ് രക്ഷാധികാരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ കോളജ് ചാപ്പലില്‍ കൃതജ്ഞതാബലിയര്‍പ്പണം നടക്കും.


ശതാബ്ദി സ്മാരകമായി നിര്‍മിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാര്‍ പെരുന്തോട്ടം തുടര്‍ന്ന് നിര്‍വഹിക്കും.
സംസ്ഥാനത്ത് ഓട്ടോണമസ് പദവി ലഭിച്ച ആദ്യ കോളജുകളില്‍ ഒന്നാണ് എസ്ബി. 1922 ജൂണ്‍ 19-ന് 150 വിദ്യാര്‍ത്ഥികളുമായി പാറേല്‍ പള്ളിക്ക് സമീപത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സെന്റ് ബെര്‍ക്കുമാന്‍സ് എന്ന എസ്ബി കോളജ് ഇപ്പോള്‍ 3,000 വിദ്യാര്‍ത്ഥികളുമായി കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ മുന്‍നിരയിലാണ്.

ഉച്ചകഴിഞ്ഞ് 2.30-ന് നടക്കുന്ന പൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ശതാബ്ദി ലോഗോ പ്രകാശനം ചെയ്യും.


കോളജ് രൂപകല്പന ചെയ്ത ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലുള്ള ആപ്ലിക്കേഷന്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. കുര്യാളശേരി മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പുകള്‍ അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എയും ചെറിയതുണ്ടം സ്‌കോ ളര്‍ഷിപ്പ് ഡിജിപി ടോമിന്‍ ജെ.തച്ചങ്കരിയും വിതരണം ചെയ്യും.

മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് അന്തര്‍ വൈജ്ഞാനിക ഗവേഷണവിഭാഗം ഉദ്ഘാടനം ചെയ്യും. ശതാബ്ദിയോടനുബന്ധിച്ച് 100 വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളുടെ വിതരണോദ്ഘാടനം അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ നിര്‍വഹിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.