ഓസ്‌ട്രേലിയയില്‍ അധോലോക നേതാവ് ബിലാല്‍ ഹംസെ അജ്ഞാതന്റെ വെടിയേറ്റു മരിച്ചു

ഓസ്‌ട്രേലിയയില്‍ അധോലോക നേതാവ് ബിലാല്‍ ഹംസെ അജ്ഞാതന്റെ വെടിയേറ്റു മരിച്ചു

സിഡ്നി: ഓസ്‌ട്രേലിയയില്‍ അധോലോക നേതാവ് ബിലാല്‍ ഹംസെ (34) അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. സിഡ്നി സിബിഡിയില്‍ വ്യാഴാഴ്ച രാത്രി 10.30 നാണു സംഭവം. തിരക്കേറിയ സര്‍ക്കുലര്‍ ക്വെയിനു സമീപം ബ്രിഡ്ജ് സ്ട്രീറ്റില്‍ വച്ചാണ് ബിലാല്‍ വെടിയേറ്റു മരിച്ചത്. തെരുവിലൂടെ നടന്നുവന്ന ബിലാലിനു നേരേ അക്രമി നിരവധി തവണ വെടിയുതിര്‍ത്തതായി ന്യൂ സൗത്ത് വെയില്‍സ് പോലീസ് പറഞ്ഞു.

ഒരാള്‍ വെടിയേറ്റു കിടക്കുന്നതായി വിവരം ലഭിച്ചതിനെതുടര്‍ന്ന് എമര്‍ജന്‍സി വിഭാഗം സംഭവ സ്ഥലത്തെത്തി ഇയാളെ സെന്റ്. വിന്‍സെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയറിനും തോളിനും വെടിയേറ്റ ബിലാല്‍ സംഭവസ്ഥത്തുവച്ചുതന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

സംഭവശേഷം കൊലപാതകി കറുത്ത ഓഡി കാറില്‍ രക്ഷപ്പെട്ടതായാണ് പോലീസ് അനുമാനം. പ്രതിക്കു വേണ്ടിയുള്ള തെരച്ചിലിനിടെ സിഡ്നിയിലെ നോര്‍ത്ത് വുഡില്‍ കാര്‍ കത്തിച്ച നിലയില്‍ കണ്ടെത്തി. സംഭവസ്ഥലത്തുനിന്നും പ്രതി രക്ഷപ്പെടാന്‍ സാധ്യതയുള്ള വഴികളിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സിഡ്‌നി സിബിഡിയുടെ ഹൃദയഭാഗത്തെ തിരക്കേറിയ തെരുവിലുണ്ടായ കൊലപാതകം പോലീസിനെയും നഗരവാസികളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിനു കാരണമെന്നു പോലീസ് അറിയിച്ചു. ഇതല്ലാത്ത മറ്റു സാധ്യതകളും അന്വേഷിക്കും. ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

പോലീസ് തലയ്ക്ക് വിലയിട്ട കൊടും ക്രിമിനലാണ് കൊല്ലപ്പെട്ട ബിലാല്‍ ഹംസെ. ബ്രദേഴ്സ് 4 ലൈഫ് എന്ന കുപ്രസിദ്ധ ക്രിമിനല്‍ സംഘത്തിന്റെ നേതാവും നിരവധി കൊലപാതക്കേസുകളിലെ പ്രതിയുമായ ബസാം ഹംസിയുടെ ഉറ്റബന്ധുവാണ് ഇയാള്‍. ബസാം ഹംസി ഗോള്‍ബണ്‍ സൂപ്പര്‍മാക്സ് ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്.


കൊലപാതകി രക്ഷപ്പെട്ട കാര്‍ പിന്നീട് കത്തിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍.

മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് ബിലാലിന്റെ ജീവന് ഭീഷണിയുണ്ടെന്നു പോലീസ് ഈ വര്‍ഷം നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഡിറ്റക്ടീവ് സൂപ്രണ്ട് ക്രിറ്റ്ലോ പറഞ്ഞു.

2013 മാര്‍ച്ചില്‍ പടിഞ്ഞാറന്‍ സിഡ്നിയിലെ ആബര്‍ണിലുള്ള ബിലാലിന്റെ വീട്ടില്‍വച്ച് അമ്മ മഹാ ഹംസെയ്ക്കും വെടിയേറ്റിരുന്നു. കാലുകള്‍ക്ക് പരുക്കേറ്റെങ്കിലും മരണത്തില്‍നിന്ന് അവര്‍ രക്ഷപ്പെട്ടു. നാലു മാസം മുന്‍പും അവര്‍ക്കു നേരേ വധശ്രമം ഉണ്ടായി. കഴിഞ്ഞ ഒക്ടോബറില്‍, ഹംസെയുടെ ബന്ധു മെജിദ് ഹംസിയെ കോണ്ടെല്‍ പാര്‍ക്കിലെ വീടിന് പുറത്തുവച്ചു വെടിവച്ചു കൊലപ്പെടുത്തി.

ബിലാലിന്റെ കൊപാതകത്തോടെ സിഡ്‌നിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള ആ്രകമണങ്ങള്‍ വര്‍ധിക്കുമെന്ന ആശങ്കയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.