കൊച്ചി: കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍(73) അന്തരിച്ചു. കാന്‍സര്‍ ബാധിതനായിരുന്ന അദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു. രണ്ടു ദിവസം മുന്‍പ് കോവിഡ് നെഗറ്റീവായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. നിരവധി ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടെ 500 ലധികം ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
ഷഡാനനന്‍ തമ്പിയുടെയും പാര്‍വതിയമ്മയുടെയും മകനായി 1948 മേയ് മൂന്നിന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്താണ് ജനനം. ആകാശവാണിയില്‍ നിര്‍മ്മാതാവായും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എഴുത്തുകാരിയും റിട്ട. അധ്യാപികമായുമായ പി. രമയാണ് ഭാര്യ. ഏക മകന്‍ മനു രമേശന്‍ സംഗീത സംവിധായകനാണ്.
1985 ല്‍ പുറത്തിറങ്ങിയ പത്താമുദയം എന്ന സിനിമയിലെ ഗാനങ്ങള്‍ രചിച്ചുകൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്തേക്കുള്ള രമേശന്‍ നായരുടെ പ്രവേശനം. പിന്നീട് നിരവധി സിനിമകള്‍ക്ക് ഗാനങ്ങളൊരുക്കി. ഹിന്ദു ഭക്തിഗാന രചനയിലും സജീവമായിരുന്നു. തിരുക്കുറല്‍, ചിലപ്പതികാരം എന്നിവയുടെ മലയാള വിവര്‍ത്തനവും നിര്‍വഹിച്ചിട്ടുണ്ട്.
ഗുരു, അനിയത്തിപ്രാവ്, മയില്‍പ്പീലിക്കാവ്, പഞ്ചാബി ഹൗസ് തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം, ആറാം വെണ്ണിക്കുളം സ്മാരക പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം എന്നിവ രമേശന്‍ നായര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഗുരുപൗര്‍ണ്ണമി എന്ന കാവ്യ സമാഹാരത്തിന് 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.