കുട്ടിക്കാലത്ത് നമ്മുടെ മാതാപിതാക്കള്‍ നല്‍കിയ സുരക്ഷ പോലുള്ള കുറച്ച് കാര്യങ്ങള്‍ വളരെയേറെ വിലപ്പെട്ടതാണെന്ന് സിഗ്മണ്ട് ഫ്രോയിഡ് പറഞ്ഞിട്ടുണ്ട്. നമ്മുടെ മുന്‍പില്‍ യഥാര്‍ത്ഥ വീരനായകരും മാതൃകകളും ആയി മാറുക എന്ന വെല്ലുവിളി സധൈര്യം ഏറ്റെടുത്തുകൊണ്ട് അവരുടെ ചുമതലകളുടെ ഉത്തരവാദിത്തം കൃത്യമായി ചെയ്യുന്നവരാണ് നമ്മുടെ രക്ഷകര്‍ത്താക്കള്‍.
ഇതില്‍ പിതാക്കന്‍മാരുടെ റോള്‍ വളരെ വ്യത്യസ്തമാണ്. പിതാക്കന്മാര്‍ അവരുടെ കുട്ടിയുടെ ജീവിതത്തിലെ ഒരു പ്രധാന സാന്നിധ്യമാണ്. ഇന്ന് നമ്മള്‍ ഏറെ ഇഷ്ടപ്പെടുന്നതും ആവേശഭരിതവുമായ ഒരു പ്രതിഭാസം പോലും ഈ ഒരു ചുമതലയെ നാം മുതിര്‍ന്ന് കഴിയുമ്പോള്‍ ആരാധനയോടെ നോക്കി കാണുന്നു.
അടുപ്പമുള്ള, പ്രാധാന്യമുള്ള, വാത്സല്യമുള്ള ഒരു പിതാവ് നമുക്ക് ഉണ്ടെങ്കില്‍, അദ്ദേഹം നമുക്ക് തീര്‍ച്ചയായും ജീവിതത്തില്‍ ഒരു യഥാര്‍ത്ഥ നിധിയും, നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഒരു ഉത്തമ മാതൃകയും, നമ്മള്‍ അനുകരിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിത്വവും ആയിരിക്കും. അവര്‍ മറ്റുള്ളവരോട് പെരുമാറുന്ന രീതിയും അവരുടെ സ്വഭാവ ഗുണങ്ങളും കാരണം ഒരു നല്ല പിതാവ് നമ്മുടെ ഏറ്റവും വലിയ ഒരു പ്രചോദനമാണ്. മാത്രമല്ല അമ്മമാരെപ്പോലെ തന്നെ പല കുടുംബങ്ങളുടെയും മാര്‍ഗ്ഗനിര്‍ദ്ദേശശക്തിയും പിതാവായിരിക്കും. ഒരു കുഞ്ഞിന്റെ ജീവിതത്തില്‍ അച്ഛന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. തന്റെ മക്കള്‍ക്ക് ജീവിതത്തില്‍ ഏറ്റവും മികച്ചത് നല്‍കാനാണ് ഓരോ അച്ഛനും ശ്രമിക്കുന്നത്. ഇവിടെയാണ് 'ഫാദേഴ്‌സ് ഡേ' പ്രാധാന്യമര്‍ഹിക്കുന്നത്.
പല രാജ്യങ്ങളിലും പല തീയതികളിലായിട്ടാണ് 'ഫാദേഴ്‌സ് ഡേ' ആഘോഷിക്കുന്നത്. ഇന്ത്യയില്‍ എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് 'ഫാദേഴ്‌സ് ഡേ'യായി ആഘോഷിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ 20 നാണ് ഫാദേഴ്‌സ് ഡേ. മറ്റു ചില രാജ്യങ്ങളിലും ഈ ദിനം 'ഫാദേഴ്‌സ് ഡേ'യായി ആഘോഷിക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ സെന്റ് ജോസഫ് ഡേയാണ് ഫാദേഴ്‌സ് ഡേയായി ആഘോഷിക്കുന്നത്.
പിതൃദിനത്തിന്റെ തുടക്കം1009 ലാണ്. അമേരിക്കയിലാണ് ഫാദേഴ്‌സ് ഡേ എന്ന ആശയം ആദ്യമുയര്‍ന്നത്. സൊനോറ സ്മാര്‍ട്ട് ഡോഡ്ഡ് എന്ന അമേരിക്കന്‍ വനിതയാണ് ഫാദേഴ്‌സ് ഡേ എന്ന ആശയത്തിനു പിന്നില്‍ എന്നാണ് ചരിത്രം. അമ്മയുടെ മരണശേഷം തന്നെയും തന്റെ അഞ്ച് സഹോദരങ്ങളെയും വളര്‍ത്തി വലുതാക്കിയ അച്ഛനായ വില്യം സ്മാര്‍ട്ടിന്റെ സ്വാധീനമാണ് സൊനോറയെ ഈ ആശയത്തിലെത്തിച്ചത്. 1909 ല്‍ ചര്‍ച്ചില്‍ മദേഴ്‌സ് ഡേ സന്ദേശം കേള്‍ക്കുന്നതിനിടയിലാണ് അച്ഛന്‍മാര്‍ക്കും ഒരു ദിവസം വേണമെന്ന ചിന്ത സൊനോറയ്ക്കുണ്ടായത്.
ആ ആശയത്തിന് പിന്നീട് അംഗീകാരം നല്‍കുന്നത് അമേരിക്കന്‍ പ്രസിഡന്റായിരുന്ന വൂഡ്രൊ വിത്സന്‍ ആണ്. 1913 ല്‍ ആണ് പ്രസിഡന്റ് വൂഡ്രൊ വിത്സന്‍ ഈ വിശേഷദിവസത്തിനു ഔദ്യോഗികമായി അനുമതി നല്‍കിയത്. പിന്നീട് 1972 ല്‍ പ്രസിഡന്റ് റിച്ചാഡ് നിക്‌സണ്‍ ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച്ച പിതൃദിനമായി പ്രഖ്യാപിക്കുകായിരുന്നു. അമേരിക്കയിലാണ് ഫാദേഴ്‌സ് ഡേയ്ക്ക് തുടക്കമായതെങ്കിലും ഇന്ന് ലോകമെമ്പാടും ഫാദേഴ്‌സ് ഡേ ആഘോഷിക്കപ്പെടുകയാണ്.
'ആര്‍ക്കും ഔപചാരികമായ അര്‍ത്ഥത്തില്‍ ഒരു പിതാവാകാം. എന്നാല്‍, പൂര്‍ണമായ അര്‍ത്ഥത്തില്‍ ഒരു അച്ഛന്‍ ആയിരിക്കാന്‍ ചിലര്‍ക്ക് മാത്രമേ കഴിയൂ' എന്ന് പറഞ്ഞത് മുന്‍ ബേസ്‌ബോള്‍ കളിക്കാരനായ വെയ്ഡ് ബോഗ്‌സ് ആണ്. തങ്ങളുടെ മക്കളെ വളര്‍ത്തിയെടുക്കുന്നതില്‍ സജീവമായ ഇടപെടലുകള്‍ നടത്തുകയും എല്ലാക്കാലത്തും അവര്‍ക്ക് പിന്തുണയേകുകയും ചെയ്യുന്ന ലോകത്തെമ്പാടുമുള്ള അച്ഛന്മാരെക്കുറിച്ച് ഇതിലും മനോഹരമായി വര്‍ണിക്കാന്‍ കഴിയില്ല.
https://youtu.be/h8QZMmjblKM
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.