അച്ഛൻ: ജീവിതനൗകയുടെ അമരക്കാരൻ

അച്ഛൻ: ജീവിതനൗകയുടെ അമരക്കാരൻ

അച്ഛൻ എന്ന വാക്കിൻ്റെ അർത്ഥവും പരപ്പും ഈ ലോകത്തിൽ ആർക്കും അത്ര എളുപ്പത്തിൽ നിർവചിക്കാനാവുന്നതല്ല. മഹാസാഗരത്തോടുപമിക്കാവുന്ന പദം. അതിരുകൾ അളക്കാനാവാത്ത, ആഴമറിയാത്ത വിശാലത. പരാജയങ്ങളിൽ പതറാതെ പുഞ്ചിരിയോടെ പിടിച്ചു നിർത്തുന്ന ചങ്കൂറ്റമായും സഹനങ്ങളുടെ സമ്മർദ്ദങ്ങളിൽ സൗമ്യതയുടെ സൂര്യനായും ജ്വലിക്കാറുണ്ടു അച്ഛൻ.

ആൾക്കൂട്ടത്തിലും, തിരക്കുകൾക്കിടയിലും ഒറ്റപ്പെടുന്ന വേളയിൽ, ആ വിരൽത്തുമ്പിൽ കൈകൾ അമർത്തി പിടിക്കുമ്പോൾ നാം അനുഭവിക്കുന്ന സന്തോഷവും ധൈര്യവും ആത്മവിശ്വാസവും അവർണ്ണനീയമാണ്. ജീവിതമാകുന്ന മെഴുകുതിരിയിൽ 'തിരിയായി' അമ്മ തെളിയുമ്പോൾ 'മെഴുകായി' അച്ഛൻ ഉരുകുന്നു; അത്ര അഗാധമായ സ്നേഹബന്ധം.

പത്തു മാസം ചുമന്ന കഥ അമ്മ പലവട്ടം പറഞ്ഞിട്ടും, പോറ്റാൻ രാത്രി പകലാക്കിയ കഥ ഇതുവരെ നാം പറഞ്ഞുകേട്ടിട്ടില്ല. മഴയത്തും വെയിലത്തും ഇരവിലും പകലിലും ക്ഷമയോടെ, ക്ഷീണമലട്ടാതെ കുടുംബത്തിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്യുമ്പോൾ ഒരു പരിഭവവും, പരാതിയും ആ അധരങ്ങളിൽ നിന്നും ഉയർന്നു കേട്ടിട്ടില്ല. ജീവിതനൗക സങ്കടങ്ങളുടേയും സഹനങ്ങളുടേയും തിരയിൽ ഉലയുമ്പോൾ അമരാതെ കാക്കുന്ന അമരക്കാരനാണു അച്ഛൻ. 

ഈ ലോകത്തിൽ അമ്മ വറ്റാത്ത സ്നേഹമാണെങ്കിൽ അച്ഛൻ സംരക്ഷണത്തിൻ്റെ സാഗരവും കരുതലിൻ്റെ കവചവുമാണ്. അമ്മയുടെ സ്നേഹത്തിനും സഹനത്തിനുമൊപ്പം അച്ഛൻ്റെ കഷ്ടപ്പാടും കരുതലും കലരുമ്പോഴാണു ഓരോ കുരുന്നുകളുടേയും ജീവിതം മധുരമാവുന്നത്. അമ്മയോടൊപ്പം ചേർത്തു വയ്ക്കുമ്പോൾ മാറ്റുകൂട്ടപ്പെടുന്ന പദമാണു അച്ഛൻ. ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങൾ. അച്ഛനും അമ്മയും ചേർന്നു തുഴയുമ്പോൾ നമ്മുടെ ജീവിതനൗക സുന്ദരതീരമണയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.