80: 20 അനുപാതം: അപ്പീലിനു പോകില്ലെന്ന് സര്‍ക്കാര്‍

80: 20 അനുപാതം: അപ്പീലിനു പോകില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: കേരളത്തിലെ ന്യുനപക്ഷ വകുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അപ്പീലിന് പോകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതു സംബന്ധിച്ച് കോടതി വിധി അംഗീകരിച്ച് മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനം. സര്‍വ്വകക്ഷി യോഗത്തില്‍ സിപിഎം നിയോഗിച്ച വിദഗ്ത സമിതിയുടെ നിര്‍ദേശം അനുസരിച്ച് പുതിയ പദ്ധതി ആരംഭിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

സച്ചാര്‍, പാലോളി കമ്മിറ്റികളുടെ ശുപാര്‍ശ അനുസരിച്ച് മുസ്ലീംങ്ങള്‍ക്ക് നൂറ് ശതമാനം ലഭിക്കേണ്ട ആനുകുല്യങ്ങളാണ് ഇനി എല്ലാ ന്യുനപക്ഷ സമുദായങ്ങള്‍ക്കുമായി വീതം വെയ്ക്കുക. വിദഗ്ദ സമിതി അംഗങ്ങളായ ഉന്നത വിദ്യാഭ്യാസ അഡി. സെക്രട്ടറി വി. വേണു, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, ന്യൂനപക്ഷ വകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, ധനവകുപ്പ് സെക്രട്ടറി രാജ്കുമാര്‍ സിങ് എന്നിവര്‍ എല്ലാ ന്യൂനപക്ഷ സമുദായഅംഗങ്ങള്‍ക്കുമായി സ്‌കോളര്‍ഷിപ്പ് നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ താല്‍പര്യപ്രകാരമാണ് ഇത്തരത്തിലൊരു നിര്‍ദേശം സമിതി മുന്നോട്ടു വെച്ചിരിക്കുന്നത്.

മെയ് 28നാണ് ന്യുനപക്ഷ വകുപ്പുമായി ബന്ധപ്പെട്ട 80: 20 എന്ന മുസ്ലീം- പരിവര്‍ത്തിത ക്രിസ്ത്യന്‍ അനുപാതം സംബന്ധിച്ച മൂന്ന് ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കിയത്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ ന്യുനപക്ഷ വകുപ്പിന്റെ പ്രവര്‍ത്തനം മുഴുവന്‍ സ്തംഭിച്ചിരിക്കുകയാണ്. സച്ചാര്‍ കമ്മിറ്റിയും, പാലോളി കമ്മിറ്റിയും ലക്ഷക്കണക്കിന് രൂപ ഉപയോഗിച്ച് പഠിച്ച് തയ്യാറാക്കിയ മുസ്ലീം പിന്നാക്കാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ അപ്പാടെ തള്ളിക്കളയുന്ന പ്രതീതിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ കണക്കിലെടുത്താണ് സര്‍ക്കാരിന്റെ തീരുമാനം. ഹൈക്കോടതി വിധിയില്‍ അപ്പീല്‍ പോകുന്നത് കാലതാമസം വരുമെന്ന ഉപദേശവും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം വെറും 42 കോടി രൂപ മാത്രമാണ് സ്‌കോളര്‍ഷിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. അതുപോലും കോവിഡ് പ്രതിരോധത്തിനായി വക മാറ്റിയിരുന്നു. മുന്‍പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നൂറ് കോടിയിലധികം രൂപ ഈ ഇനത്തില്‍ സര്‍ക്കാര്‍ മാറ്റിവെച്ചിരുന്നു. സ്‌കോളര്‍ഷിപ്പ് എന്ന ആശയം നടപ്പാക്കുന്നത് രാഷ്ട്രീയമായി നേട്ടമുണ്ടാക്കാനാകുമെന്നാണ് സിപിഎം വിലയിരുത്തല്‍. പക്ഷെ, സംസ്ഥാനത്തെ സാമുദായിക അന്തരീക്ഷം വഷളാകാതിരിക്കാനാണ് പുതിയ തീരുമാനമെന്നാണ് സിപിഎം വാദം.

കോച്ചിങ് സെന്ററുകള്‍, മദ്രസ അധ്യാപക ക്ഷേമനിധി എന്നിവയിലും തീരുമാനം ബാധകമാക്കുന്നത് മുസ്ലിം സമുദായത്തിന്‍ വലിയ നഷ്ടത്തിന് ഇടയാക്കും. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഏറ്റവും പ്രസക്തമായ ശുപാര്‍ശകളിലൊന്ന് പാലോളി കമ്മിറ്റിയിലൂടെ നേരത്തെ തന്നെ ഇടതുസര്‍ക്കാര്‍ ഭാഗികമായി അട്ടിമറിച്ചിരുന്നു. പുതിയ തീരുമാനം കൂടി ആകുന്നതോടെ ഇത് പൂര്‍ണ്ണമായും അട്ടിമറിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.