'ജോസഫൈനെ തുടരാന്‍ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി': കെ.സുധാകരന്‍

'ജോസഫൈനെ തുടരാന്‍ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി': കെ.സുധാകരന്‍

തിരുവനന്തപുരം: പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെ അടിയന്തരമായി തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.
ജോസഫൈനെ തുടരാന്‍ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പുറത്താക്കുന്നത് വരെ ജോസഫൈനെ തടയുമെന്നും സുധാകരന്‍ പറഞ്ഞു. 

വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്ത് ഇരുന്ന് ഇത്തരത്തിൽ ആദ്യമായിട്ടല്ല ഇവർ സ്ത്രീകളെ അപമാനിക്കുന്ന പരസ്യ പ്രസ്താവന നടത്തുന്നത്. അങ്ങേയറ്റം പിന്തിരിപ്പൻ മാനസികാവസ്ഥയിൽ നിന്നുകൊണ്ടാണ് അവർ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളെ വിചാരണ ചെയ്യുന്നതും അപമാനിക്കുന്നതും.

സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ പരാതി വരെ ഒരു പാഴ് പാർട്ടി കമ്മിഷൻ ഉണ്ടാക്കി തീവ്രത കുറഞ്ഞ പീഡനം എന്നു പറഞ്ഞ് പരിഹസിച്ചത് നമ്മൾ കണ്ടതാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ പറഞ്ഞു. പരസ്യമായി ഇത്രയും ധിക്കാരം പീഡിതരായ സ്ത്രീകളോട് കാണിക്കുന്നുവെങ്കിൽ അവർക്ക് മുൻപിൽ എത്തുന്ന സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും? കഴിഞ്ഞ നാലര വർഷം ഇത്തരമൊരു വിപത്തിനെ സ്ത്രീകൾക്കു മേൽ കെട്ടിവെച്ച സർക്കാർ എത്രയും വേഗം തെറ്റുതിരുത്തി അപമാനിതരായ സ്ത്രീകളോട് മാപ്പ് പറയണം.

ജോസഫൈൻ ഇനിയും അധികാരത്തിൽ തുടരാൻ ഒരു കാരണവശാലും ഞങ്ങൾ അനുവദിക്കില്ല. അധികാരത്തിൽനിന്നും പുറത്താക്കുന്നത് വരെ എം.സി ജോസഫൈനെ വഴി തടയാനാണ് ഞങ്ങളുടെ തീരുമാനം. അല്ലെങ്കിൽ അവസാന പ്രതീക്ഷയും അവസാനിച്ച് പീഡിതരായ സ്ത്രീകൾ ആത്മഹത്യ ചെയ്യുന്നത് ഇനിയും നമ്മൾ കാണേണ്ടി വരും. അത്തരമൊരു ദുരന്തസാധ്യത ഒഴിവാക്കാനാണ് പ്രതിഷേധം എന്നും സുധാകരൻ സാമൂഹ്യ മാധ്യമത്തിൽ വിശദീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.