സിഡ്‌നിയില്‍ ഒരാഴ്ച്ചത്തേക്ക് ലോക്ഡൗണ്‍; പത്തുലക്ഷം പേരെ ബാധിക്കും

സിഡ്‌നിയില്‍  ഒരാഴ്ച്ചത്തേക്ക് ലോക്ഡൗണ്‍;  പത്തുലക്ഷം പേരെ ബാധിക്കും

സിഡ്‌നി: ലോകത്തെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായ സിഡ്‌നിയില്‍ പത്തുലക്ഷത്തിലേറെ പേര്‍ ലോക്ഡൗണിലേക്ക്. കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെതുടര്‍ന്നാണ് സിഡ്‌നിയിലെ നാലു പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കടുത്ത നിയന്ത്രണങ്ങളാണ് ഒരാഴ്ച്ചത്തേക്ക് നാലു പ്രദേശങ്ങളില്‍ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നു മാത്രം സംസ്ഥാനത്തിന്റെ പ്രാദേശിക മേഖലകളില്‍ 22 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. വേവര്‍ലി, വൂളാഹ്ര, റാന്‍ഡ്വിക്ക്, സിഡ്‌നി സി.ബി.ഡി എന്നിവിടങ്ങളിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍വരും.

ഈ പ്രദേശങ്ങളില്‍ താമസിക്കുന്നരും ജോലി ചെയ്യുന്നവരും വീട്ടില്‍തന്നെ കഴിയണമെന്നും വര്‍ക്ക് ഫ്രം ഹോം രീതി പിന്തുടരണമെന്നും സര്‍ക്കാര്‍ ഉത്തരവിട്ടു. അവശ്യ സര്‍വീസല്ലാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കും തുറക്കാന്‍ അനുമതിയില്ല. ജൂലൈ രണ്ട് അര്‍ധരാത്രി വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. താഴെക്കൊടുത്തിരിക്കുന്ന നാലു കാര്യങ്ങള്‍ക്കു മാത്രമാണ് വീട്ടില്‍നിന്നു പുറത്തിറങ്ങാനാവുകയെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

1. ഭക്ഷണവും അവശ്യസാധനങ്ങളും വാങ്ങാന്‍
2. വ്യായാമത്തിന് (പത്തു പേരോ അതില്‍ താഴെയോ)
3. വര്‍ക്ക് ഫ്രം ഹോം സാധ്യമല്ലാത്ത മേഖലകളിലുള്ളവര്‍ക്ക് ജോലി സ്ഥലത്തേക്കു പോകുന്നത് തുടരാം. ഓണ്‍ലൈന്‍ പഠനം സാധ്യമല്ലാത്ത വിദ്യാര്‍ഥികള്‍ക്കും പുറത്തിറങ്ങാന്‍ അനുവാദമുണ്ട്.
4. ചികിത്സ, പാലിയേറ്റീവ് പരിചരണം എന്നിവയ്ക്കായും പുറത്തിറങ്ങാം.

സിഡ്‌നിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള മേഖലകളിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാല്‍ 10 ലക്ഷത്തിലധികം ആളുകളെയെങ്കിലും നിയന്ത്രണങ്ങള്‍ ബാധിക്കുമെന്നാണ് കരുതുന്നത്. വിമാനത്താവളത്തിലെ ഒരു ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ബോണ്ടി മേഖലയില്‍ 65 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.

'തീവ്ര വ്യാപന ശേഷിയുള്ള കോവിഡ് ഡെല്‍റ്റ വകഭേദം ഒരാഴ്ചയായി സിഡ്‌നിയിലുടനീളം വ്യാപിക്കുകയാണ്. കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നു പ്രീമിയര്‍ ഗ്ലാഡിസ് ബെറെജെക്ലിയന്‍ പറഞ്ഞു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച നാലു പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം വരെ ജോലി ചെയ്ത പലര്‍ക്കും വൈറസ് ബാധിച്ചിട്ടുണ്ടാകാം. അതു കൂടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിക്കാതിരിക്കാനാണ് മുന്‍കരുതലെന്നും പ്രീമിയര്‍ കൂട്ടിച്ചേര്‍ത്തു.

പൊതു സ്ഥലങ്ങളിലും പൊതു വാഹനങ്ങളിലും മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെ നിലവിലുള്ള നിയന്ത്രണങ്ങളും ജൂലൈ രണ്ട് വരെ നീട്ടിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.