വെയ്ല്‍സിനെ നാല് ​ഗോളുകൾക്ക് തകര്‍ത്ത് ഡെന്മാര്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനലില്‍

വെയ്ല്‍സിനെ നാല് ​ഗോളുകൾക്ക് തകര്‍ത്ത് ഡെന്മാര്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനലില്‍

ആംസ്റ്റർഡാം: പ്രീ ക്വാർട്ടറിൽ കരുത്തരായ വെയ്ൽസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് ഡെന്മാർക്ക് അവസാന എട്ടിൽ എത്തി. 2020 യൂറോകപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തുന്ന ആദ്യ ടീം എന്ന നേട്ടം അങ്ങനെ ഡെന്മാർക്ക് സ്വന്തമാക്കി.

മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയാണ് ഡെന്മാർക്ക് കഴിഞ്ഞ യൂറോകപ്പിലെ സെമി ഫൈനലിസ്റ്റുകളായ വെയ്ൽസിനെ മടക്കിയയച്ചത്. ഡെന്മാർക്കിനായി യുവതാരം കാസ്പെർ ഡോൾബെർഗ് ഇരട്ട ഗോളുകൾ നേടിയപ്പോൾ യോക്കിം മേൽ, മാർട്ടിൻ ബ്രാത്ത്വെയ്റ്റ് എന്നിവരും സ്കോർ ചെയ്തു. മത്സരത്തിൽ മികച്ച ഒരു ഗോളവസരം പോലും സൃഷ്ടിക്കാതെയാണ് ഗരെത് ബെയ്ലും സംഘവും മടങ്ങുന്നത്.

12-ാം മിനിട്ടിൽ വെയ്ൽസ് നായകൻ ഗരെത് ബെയ്ലിന്റെ മികച്ച ഒരു ലോങ്റേഞ്ചർ ഡെന്മാർക്ക് പോസ്റ്റിനെ തൊട്ടുരുമ്മിക്കൊണ്ട് കടന്നുപോയി. 17-ാം മിനിട്ടിൽ വെയ്ൽസിന്റെ ഡാനിയൽ ജെയിംസിന്റെ ലോങ്റേഞ്ചർ ഡെന്മാർക്ക് ഗോൾകീപ്പർ ഷ്മൈക്കേൽ കൈയ്യിലൊതുക്കി.

27-ാം മിനിട്ടിൽ യുവതാരം കാസ്പെർ ഡോൾബെർഗാണ് ടീമിനായി ഗോൾ നേടിയത്. ഡാംസ്ഗാർഡിൽ നിന്നും പന്ത് സ്വീകരിച്ച ഡോൾബെർഗ് അതിമനോഹരമായി പന്ത് വലയിലെത്തിച്ചു. 1992 ന് ശേഷം യൂറോ കപ്പ് നോക്കൗട്ട് റൗണ്ടിൽ ഡെന്മാർക്ക് നേടുന്ന ആദ്യ ഗോളാണിത്. തൊട്ടുപിന്നാലെ ഗോളെന്നുറച്ച ഒരു ഷോട്ട് വാർഡ് വെയ്ൽസിന്റെ രക്ഷകനായി. 45-ാം മിനിട്ടിൽ ഡെന്മാർക്കിന്റെ മേലിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ കിക്ക് പോസ്റ്റിന് വെളിയിലേക്ക് പോയി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വെയ്ൽസിന്റെ നെഞ്ചിൽ തീകോരിയിട്ട് കാസ്പെർ ഡോൾബെർഗ് വീണ്ടും ഗോൾ നേടി. ഇത്തവണ വെയ്ൽസ് പ്രതിരോധതാരം നെക്കോ വില്യംസിന്റെ പിഴവിൽ നിന്നും പന്ത് പിടിച്ചെടുത്ത ഡോൾബെർഗ് 48-ാം മിനിട്ടിലാണ് ഗോൾ നേടിയത്. ഗോൾകീപ്പർ വാർഡിന് ഒരു അവസരവും നൽകാതെ പന്ത് വലയിലെത്തിച്ച് രണ്ടാം ഗോൾനേട്ടം ആഘോഷിച്ചു. ഗോൾ വഴങ്ങിയതിനുപിന്നാലെ വെയ്ൽസ് ആക്രമിച്ചുകളിച്ചു.

80-ാം മിനിട്ടിൽ വെയ്ൽസ് ബോക്സിന് തൊട്ടുവെളിയിൽ നിന്നും ഡെന്മാർക്കിന് ഫ്രീകിക്ക് ലഭിച്ചു. എന്നാൽ ബ്രാത്ത്വെയ്റ്റ് എടുത്ത കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പറന്നു.82-ാം മിനിട്ടിൽ ഡെന്മാർക്കിന്റെ മേൽ മികച്ച അവസരം പാഴാക്കി. 86-ാം മിനിട്ടിൽ ബ്രാത്ത്വെയ്റ്റ് എടുത്ത കിക്ക് വെയ്ൽസ് പോസ്റ്റിലിടിച്ച് മടങ്ങി. പന്ത് സ്വീകരിച്ച ആൻഡേഴ്സന് പന്ത് വലയിലെത്തിക്കാൻ സാധിച്ചില്ല. എന്നാൽ 88-ാം മിനിട്ടിൽ ഡെന്മാർക്ക് മത്സരത്തിലെ മൂന്നാം ഗോൾ നേടി.

89-ാം മിനിട്ടിൽ വെയ്ൽസിന്റെ ഹാരി വിൽസൺ ചുവപ്പുകാർഡ് കണ്ട് പുറത്തായി. 90-ാം മിനിട്ടിൽ ഡെന്മാർക്കിനായി മാർട്ടിൻ ബ്രാത്ത്വെയ്റ്റ് നാലാം ഗോൾ നേടി. കോർണലിയസിന്റെ പന്ത് സ്വീകരിച്ച താരം ലക്ഷ്യം കണ്ടെങ്കിലും ആദ്യം റഫറി ഓഫ്സൈഡ് വിളിച്ചു. എന്നാൽ വാറിന്റെ സഹായത്തോടെ പിന്നീട് ഗോൾ അനുവദിച്ചതോടെ ഡെന്മാർക്ക് 4-0 എന്ന സ്കോറിന് മുന്നിലെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.