ലോകത്തിലെ ഏറ്റവും നല്ലതും ചീത്തയും?

ലോകത്തിലെ ഏറ്റവും നല്ലതും ചീത്തയും?

ഈ കഥ കേൾക്കാത്തവർ വിരളമായിരിക്കും. ബുദ്ധിമാനായ ഒരു രാജാവ് തൻ്റെ മകനെ പരീക്ഷിക്കാൻ തീരുമാനിച്ചു. അദ്ദേഹം അവനോടു പറഞ്ഞു: "ലോകത്തിലെ ഏറ്റവും വൃത്തിഹീനമായ വസ്തു അന്വേഷിച്ച് കണ്ടെത്തുക." പിതാവിൻ്റെ കല്പനയും പേറി മകൻ യാത്ര തിരിച്ചു. മാസങ്ങൾക്കു ശേഷം ചെറിയൊരു പെട്ടിയുമായ് അവൻ തിരിച്ചെത്തി. രാജഗുരുക്കന്മാരുടെയും രാജാവിൻ്റെയും സാനിധ്യത്തിൽ അവൻ പെട്ടി തുറന്നു; അതിൽ ഒരു മനുഷ്യൻ്റെ നാവ്! ഏവരും ആശ്ചര്യത്തോടെ നിൽക്കുന്നതു കണ്ടപ്പോൾ രാജകുമാരൻ പറഞ്ഞു: "ദുർഭാഷണത്തിലൂടെ അനേകരുടെ ജീവിതം തകർത്ത ദുഷ്ടനായ ഒരു വ്യക്തിയുടെ നാവാണിത്. ഇതിനേക്കാൾ നാശം വിതക്കുന്ന മറ്റേത് വസ്തുവാണീ ലോകത്തിലുള്ളത്?"ഏവരും കരഘോഷത്തോടെ അവനെ അഭിനന്ദിച്ചു.

രാജാവ് മകനെ അരികിൽ വിളിച്ചു പറഞ്ഞു: ''ഇനി നീ ചെന്ന് ലോകത്തിലെ ഏറ്റവും സുന്ദരമായ വസ്തു കണ്ടെത്തുക." അവൻ വീണ്ടും യാത്ര തിരിച്ചു. മാസങ്ങൾക്കുശേഷം തിരിച്ചെത്തിയപ്പോഴും കരങ്ങളിൽ ഒരു ചെറിയ പെട്ടിയുണ്ടായിരുന്നു. ഇത്തവണയും രാജകുമാരൻ പെട്ടി തുറന്ന് ഒരു നാവ് പുറത്തെടുത്ത് ഇങ്ങനെ പറഞ്ഞു: ''വിശുദ്ധ ജീവിതം നയിച്ച ഒരു വ്യക്തിയുടെ നാവാണിത്.ദൈവത്തെ സ്തുതിച്ച് തൻ്റെ പ്രാർത്ഥനയിലൂടെയും സംസാരത്തിലൂടെയും അനേകരെ നന്മയിലേക്ക് നയിച്ച നാവ്. ഇതിനേക്കാൾ സുന്ദരമായ മറ്റെന്താണ് ലോകത്തിലുള്ളത് !" വിശുദ്ധമായ് ഉപയോഗിച്ചാൽ പാവനവും അശുദ്ധമായ് ഉപയോഗിച്ചാൽ വൃത്തിഹീനവുമായ വസ്തു നാവു തന്നെ!

നാവിനെ നിയന്ത്രിക്കുന്നത് നമ്മുടെ ചിന്തകളും ഹൃദയവിചാരങ്ങളുമാണെന്ന് മറക്കാതിരിക്കാം. ക്രിസ്തു പറഞ്ഞതുപോലെ "ഹൃദയത്തിൻ്റെ നിറവിൽ നിന്നാണ് അധരം സംസാരിക്കുന്നത് " (Ref: മത്താ12: 34) അതിനാൽ വിശുദ്ധമായ ചിന്തകളാൽ ഹൃദയത്തെ പാവനമാക്കി പവിത്രമായ വാക്കുകളാൽ അപരനെ സ്വന്തമാക്കാൻ നമുക്ക് പരിശ്രമിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.