ദുബായ് സമ്മർ സർപ്രൈസിന് ജൂലൈ ഒന്നിന് തുടക്കം

ദുബായ് സമ്മർ സർപ്രൈസിന് ജൂലൈ ഒന്നിന് തുടക്കം

ദുബായ്: നിരവധി പ്രൊമോഷനുകളും ആഘോഷങ്ങളുമായി ദുബായ് സമ്മർ സർപ്രൈസ് ജൂലൈ ഒന്നിന് തുടങ്ങും. 10 ആഴ്ച നീണ്ടുനില്‍ക്കുന്ന സമ്മർ സർപ്രൈസ് സെപ്റ്റംബർ നാലുവരെയാണ്. വിനോദ -വിപണന മേളകള്‍ക്ക് പുറമെ കരിമരുന്ന് പ്രയോഗമുള്‍പ്പടെയുളള ആഘോഷ പരിപാടികളും ഇത്തവണത്തെ ഡിഎസ്എസിന് മാറ്റേകും. പാം ജുമൈറയിലെ ദ വ്യൂവില്‍ നടന്ന വാ‍ർത്താ സമ്മേളനത്തിലാണ് ഡിഎസ്എസിന്റെ വിശദവിവരങ്ങള്‍ പ്രഖ്യാപിച്ചത്.


കോവിഡ് മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ടായിരിക്കും ഇത്തവണ ഡിഎസ് എസ് നടക്കുക. വിനോദസഞ്ചാരത്തില്‍ എന്നും ഒന്നാമതാണ് ദുബായ്, ഇത്തവണത്തെ സമ്മ‍ർ സർപ്രൈസ് അത് ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കുന്നതായിരിക്കുമെന്ന് ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീടെയ്ലല്‍ എസ്റ്റാബ്ലിഷ്മെന്റ് സിഇഒ അഹമ്മദ് അല്‍ ഖാജ പറഞ്ഞു.

അവധിക്കാലം മറ്റ് രാജ്യങ്ങളില്‍ ചെലവഴിക്കുന്നതിനേക്കാള്‍ ഇവിടെ ചെലവഴിക്കാന്‍ കുടുംബങ്ങളെ പ്രേരിപ്പിക്കുന്നതാകും ആഘോഷപരിപാടികള്‍. ഒക്ടോബറില്‍ എക്സ്പോ ട്വന്‍ടി ട്വന്‍ടിക്ക് തുടക്കമാവുകയാണ്. രാജ്യം സുവർണ ജൂബിലി ആഘോഷിക്കുകയുമാണ്. ഇതെല്ലാം കൊണ്ടുതന്നെ ഇത്തവണത്തെ ഡിഎസ്എസ് പ്രത്യേകതകള്‍ നിറഞ്ഞതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളിലേയും ദുബായ് ഫൗണ്ടെയ്നിലേയും ഇമാജിന്‍ ഷോയോടുകൂടി ഡിഎസ്എസിന് തുടക്കമാകും. ജൂലൈ ഒന്നിനാണ് ഇത്. വാക്സിനെടുത്തവർക്ക് മാത്രമായിരിക്കും നേരിട്ടുളള പ്രവേശനം.


ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളില്‍ വൈകീട്ട 7.55 നാണ് ഇമാജിന്‍ ഷോ

ദുബായ് ഫൗണ്ടെയ്ന്‍ (ഡൗണ്‍ടൗണ്‍ ബുർജ് ഖലീഫദുബായ് മാള്‍)- രാത്രി 8 മണിക്ക്.


ജൂലൈ ഒന്നിന് 12 മണിക്കൂ‍ർ ഡിസ്കൗണ്ട് സെയില്‍ ഉണ്ടാകും. മാൾ ഓഫ് എമിറേറ്റ്സ്, സിറ്റി സെന്‍റർ മിർഡിഫ്, സിറ്റി സെന്റർ ദേര, എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെ 90 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാകും. ഇതോടൊപ്പം ഒരു ദശലക്ഷം ഷെയർ പോയിന്റുകള്‍ നേടുന്നതിനുളള അവസരവുമുണ്ട്. മാജിദ് അല്‍ ഫുത്തൈം ഉപഭോക്താക്കള്‍ അവരുടെ രസീതുകള്‍ സ്കാന്‍ ചെയ്താല്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇതിലേക്കുളള പ്രവേശനം നേടാം. ഇതുകൂടാതെ നിരവധി പ്രമോഷനുകളും ഇളവുകളും ഡിഎസ്എസിന്‍റെ ഭാഗമായി നല്‍കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.