ഓസ്‌ട്രേലിയയില്‍ ഭൂഗര്‍ഭ അറയില്‍ ഒളിപ്പിച്ച നിലയില്‍ വന്‍ ആയുധശേഖരവും മയക്കുമരുന്നും പിടികൂടി

ഓസ്‌ട്രേലിയയില്‍ ഭൂഗര്‍ഭ അറയില്‍ ഒളിപ്പിച്ച നിലയില്‍ വന്‍ ആയുധശേഖരവും മയക്കുമരുന്നും പിടികൂടി

ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയയിലെ ടാസ്മാനിയ സംസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡില്‍ ഭൂഗര്‍ഭ അറയില്‍ ഒളിപ്പിച്ച നിലയില്‍ വന്‍ ആയുധശേഖരവും മയക്കുമരുന്നും പിടികൂടി. ടാസ്മാനിയയുടെ വടക്ക് ഭാഗത്തുള്ള ഗ്രാമീണ മേഖലയില്‍ നടത്തിയ റെയ്ഡിലാണ് കൂറ്റന്‍ ബങ്കറുകള്‍ കണ്ടെത്തിയത്. ഇവിടെ ഒളിപ്പിച്ച തോക്കുകളും വെടിയുണ്ടകളും മയക്കുമരുന്നിന്റെ ശേഖരവുമാണ് ടാസ്മാനിയ പോലീസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

ലോംഗ്‌ഫോര്‍ഡിലെ പതീന റോഡിലെ രണ്ട് സ്ഥലങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. നാല് ഷിപ്പിംഗ് കണ്ടയ്‌നറുകള്‍ കൊണ്ട് നിര്‍മിച്ച വലിയ ബങ്കറാണ് പരിശോധനയില്‍ കണ്ടെത്തിയത്. വീടിന്റെ പിന്‍വശത്ത് ആര്‍ക്കും പെട്ടെന്നു തിരിച്ചറിയനാവാത്ത വിധം പുല്ലും കുറ്റിച്ചെടികളും കൊണ്ട് മറഞ്ഞ നിലയിലാണ് ബങ്കര്‍ കണ്ടെത്തിയത്. ആയുധങ്ങളും മയക്കുമരുന്നും സൂക്ഷിച്ച കുറ്റത്തിന് അതിലൊരു വീട്ടില്‍ താമസിച്ചിരുന്ന 40 കാരനെ അറസ്റ്റ് ചെയ്തു. ലൈസന്‍സില്ലാതെയാണ് പ്രതി തോക്കുകള്‍ സൂക്ഷിച്ചിരുന്നത്.

വിവിധതരത്തിലുള്ള തോക്കുകളുടെ വന്‍ ശേഖരമാണ് ബങ്കറില്‍ ഒളിപ്പിച്ചിരുന്നത്. കൈത്തോക്കുകള്‍, സെമി ഓട്ടോമാറ്റിക് റൈഫിളുകള്‍, ഇരട്ടക്കുഴല്‍ തോക്കുകള്‍, വെടിയുണ്ടകള്‍, ഗ്രനേഡ് പോലുള്ള സ്‌ഫോടകവസ്തുക്കള്‍ എന്നിവയാണ് കണ്ടെത്തിയതെന്ന് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ക്രെയ്ഗ് ഫോക്‌സ് പറഞ്ഞു. മികച്ച രീതിയിലാണ് ബങ്കറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതിലൊരു ബങ്കറില്‍ ഹൈഡ്രോപോണിക് രീതിയില്‍ കഞ്ചാവ് കൃഷിയും നടത്തിയിരുന്നു.

നാല് ഷിപ്പിംഗ് കണ്ടെറുകളാണ് ബങ്കര്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു കണ്ടെയ്‌നര്‍ വീടിനടിയിലാണു സ്ഥാപിച്ചത്. അതിലേക്കു കടക്കാന്‍ വാതിലും നിര്‍മിച്ചിട്ടുണ്ടായിരുന്നു. മറ്റ് മൂന്നു കണ്ടെയ്‌നറുകളും യോജിപ്പിച്ച് വീടിനു പിന്നില്‍ മണ്ണിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. വീടിനകത്തും ബേസ്‌മെന്റിലും രഹസ്യ മുറികള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ബങ്കര്‍ കണ്ടെത്തുന്നത്് ഇതാദ്യമാണെന്നു ക്രെയ്ഗ് ഫോക്‌സ് പറഞ്ഞു. 30 ലധികം പോലീസ് ഉദ്യോഗസ്ഥരാണ് തിരച്ചിലില്‍ പങ്കെടുത്തത്. ഇതുകൂടാതെ ലഹരിമരുന്ന് കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കള്‍, ഡ്രോണ്‍ എന്നിവയും പരിശോധനയ്ക്കായി ഉപയോഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.