എടക്കര: കവളപ്പാറ ദുരന്തത്തില്‍ മാതാവും മൂന്ന് സഹോദരങ്ങളും വലിയച്ഛനും നഷ്ടപ്പെട്ട് തനിച്ചായ കാവ്യയും കാര്‍ത്തികയെയും ഒന്‍പത് മാസങ്ങള്‍ മുമ്പാണ് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി കണ്ടുമുട്ടിയത്. ഒരിക്കലും തളരരുതെന്നും തനിച്ചല്ല, ഞങ്ങളൊക്കെ കൂടെയുണ്ടെന്നാണ് അവരെ ചേര്‍ത്തുപിടിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. അന്ന് രാഹുല്‍ അവര്‍ക്ക് ഒരു വാക്ക് നല്‍കിയിരുന്നു. ഇന്ന് ഒമ്പത് മാസങ്ങള്‍ക്ക് ശേഷം അത് സഫലമാക്കിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി.
രാഹുല്‍ അന്ന് പറഞ്ഞ വാക്കുകളുടെ ഓര്‍മ്മയിലാണ് സഹോദരിമാരായ കാവ്യയും കാര്‍ത്തികയും. അന്ന് ഇവര്‍ക്ക് വീടൊരുക്കി നല്‍കണമെന്നാണ് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചത്. ഇന്ന് ആ സ്വപ്‌ന ഭവനം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. എടക്കര കൗക്കാട് ആണ് പുതിയ വീട് നിര്‍മ്മിച്ചത്. ഈ വീടിന്റെ താക്കോല്‍ നാളെ കേരളത്തിലെത്തുന്ന രാഹുല്‍ മലപ്പുറം കളക്ടേറ്റില്‍ വച്ച് കൈമാറും. രാഹുല്‍ ഗാന്ധിയെ കണ്ട് നന്ദി അറിയിക്കണമെന്ന് കാവ്യയും കാര്‍ത്തികയും പറയുന്നു. കാവ്യ ആയൂര്‍വേദ നഴ്‌സിംഗ് പഠനവും കാര്‍ത്തിക ഹോട്ടല്‍ മാനേജ്‌മെന്റ് പഠനവും പൂര്‍ത്തിയാക്കിയതാണ്.
രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, എപി അനില്‍ കുമാര്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് വിവി പ്രകാശ്, സംസ്‌കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് എന്നിവരുടെ ഇടപെടലിന്റെ ഫലമാണ് വീട് നിര്‍മ്മാണം.
രാഹുല്‍ നാളെ വയനാട്ടില്‍
വയനാട് എംപി രാഹുല്‍ ഗാന്ധി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് തിങ്കളാഴ്ച കേരളത്തിലെത്തും. മണ്ഡലമായ വയനാട്ടിലേക്കാണ് രാഹുല്‍ എത്തുക. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലിരുത്താനായിരിക്കും പ്രധാന സന്ദര്‍ശനമെന്ന് കോണ്‍ഗ്രസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കരിപ്പൂരില്‍ ഇറങ്ങുന്ന രാഹുല്‍ റോഡ് മാര്‍ഗം മലപ്പുറം കളക്ടേറ്റില്‍ എത്തി അവലോകന യോഗത്തില്‍ പങ്കെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.