തിരുവനന്തപുരം: കെ.എം മാണി അഴിമതിക്കാരനാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പ്രതിസന്ധിയിലായി ഇടത് മുന്നണി. ഇതേപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ പ്രതികരിക്കാതെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ഒഴിഞ്ഞു മാറി.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അഭിപ്രായം പറയാന്‍ പറ്റില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വിഷയം ഇന്ന് ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കെ.എം മാണി അഴിമതിക്കാരന്‍ എന്ന് സുപ്രീകോടതിയില്‍ നിലപാടെടുത്ത സംസ്ഥാന സര്‍ക്കാരിനെതിരെ കേരളാ കോണ്‍ഗ്രസ് എം ഇന്നലെ രംഗത്തെത്തിയിരുന്നു. സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകനോട് അടിയന്തിരമായി വിശദീകരണം തേടണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിലടക്കം വലിയ പരാതിയും വിയോജിപ്പും എല്‍ഡിഎഫിനോട് ഉണ്ടായിരുന്നിട്ടും അത് പരസ്യമാക്കാതിരുന്ന കേരളാ കോണ്‍ഗ്രസ് പക്ഷേ കെ.എം മാണിയെ അഴിമതിക്കാരനായി ചിത്രീകരിച്ച നടപടിയില്‍ കടുത്ത പ്രതിഷേധത്തിലാണ്. എല്‍ഡിഎഫിനോടും സര്‍ക്കാരിനോടും ജോസ് കെ മാണി പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
മാണിക്കെതിരായ നിലപാട് തിരുത്തണമെന്നാണ് ആവശ്യം. കെ.എം മാണിക്കെതിരെ ഇടത് മുന്നണി സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടിയാണ് ജോസ് എല്‍ഡിഎഫിലേക്ക് ചേക്കേറിയപ്പോള്‍ യുഡിഎഫ് നേതാക്കള്‍ പരിഹസിച്ചിരുന്നത്.
ഇപ്പോഴത്തെ സര്‍ക്കാര്‍ നിലപാടിനെ യുഡിഎഫ് വീണ്ടും ആയുധമാക്കുകയാണ്. കെ.എം മാണിയെ അപമാനിച്ച ഇടത് മുന്നണിയില്‍ തുടരണോ എന്ന് കേരളാ കോണ്‍ഗ്രസ് തീരുമാനിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് എം ആദരവും ബഹുമാനവും ഉണ്ടെങ്കില്‍ ഒരു രാഷ്ട്രീയ തീരുമാനം എടുക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടത്.
ഇക്കാര്യത്തില്‍ ജോസ് കെ മാണിയുടെ നിലപാട് എന്താണെന്ന് പി.ജെ ജോസഫ് ചോദിച്ചു. മാണി അഴിമതിക്കാരനല്ല എന്ന യുഡിഎഫ് നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു എന്നും പി.ജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണിയും എല്‍ഡിഎഫ് നേതാക്കളും വിഷയത്തില്‍ എന്ത് പറയുന്നു എന്നുള്ളതാണ് ഇനി പ്രധാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.