കാന്‍ബറ: ചൈന-ഓസ്‌ട്രേലിയ നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുന്നു. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതി യോഗത്തില്‍ ഓസ്‌ട്രേലിയക്കെതിരേ കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ച് ചൈന രംഗത്തെത്തി. ഓസ്‌ട്രേലിയ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നുവെന്നും മറ്റു രാജ്യങ്ങളില്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്ത സൈനികരെ വിചാരണ ചെയ്യുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യോഗത്തില്‍ ഓസ്ട്രേലിയക്കെതിരെ ചൈന രൂക്ഷമായ ആക്രമണം നടത്തിയത്. അന്താരാഷ്ട്ര വേദികളില്‍ കിട്ടുന്ന അവസരങ്ങളിലെല്ലാം ഓസ്ട്രേലിയക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്നത് ചൈന പതിവാക്കിയിരിക്കുകയാണ്.
ഓസ്ട്രേലിയയുടെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മനുഷ്യാവകാശ സമിതിയില്‍ അവലോകനം ചെയ്യുന്നതിനിടെ കൂടുതല്‍ രാജ്യങ്ങള്‍ ഓസ്‌ട്രേലിയക്കെതിരേ രംഗത്തുവന്നു.
ഓസ്ട്രേലിയയില്‍ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കുന്നതിന്റെ കുറഞ്ഞ പ്രായം പത്തില്‍നിന്ന് 14 വയസെങ്കിലുമായി ഉയര്‍ത്തണമെന്ന് നിരവധി രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. തദ്ദേശീയരായ ഓസ്‌ട്രേലിയക്കാരോടുള്ള സര്‍ക്കാരിന്റെ സമീപനം മെച്ചപ്പെടുത്തണമെന്നും അഭയാര്‍ഥികളെ നിര്‍ബന്ധിതമായി തടങ്കലില്‍ വയ്ക്കുന്ന രീതി അവസാനിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നു.
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഭീഷണി നേരിടാന്‍ ഓസ്ട്രേലിയ തയാറാകാത്തതില്‍ ദുഃഖമുണ്ടെന്നു പസഫിക് സമുദ്രത്തിലെ മാര്‍ഷല്‍ ദ്വീപുകളുടെ പ്രതിനിധി സാം ലാന്‍വി പറഞ്ഞു. ആഗോളതാപനത്തിനു കാരണമാകുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും പരിസ്ഥിതി മലിനീകരണം കുറയ്ക്കാന്‍ കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പാദനം നിര്‍ത്തലാക്കണമെന്നും സാം ലാന്‍വി ആവശ്യപ്പെട്ടു.
അതേസമയം, ചൈന-ഓസ്‌ട്രേലിയ ഉഭയകക്ഷി ബന്ധം കൂടുതല്‍ വഷളാവുന്ന വിധത്തില്‍ വിമര്‍ശനം നടത്തിയത് ചൈനയാണ്.
അഫ്ഗാനിസ്ഥാനില്‍ ഓസ്ട്രേലിയന്‍ സൈനികര്‍ യുദ്ധക്കുറ്റകൃത്യങ്ങള്‍ നടത്തിയതു സംബന്ധിച്ചാണ് യുഎന്നിലെ ചൈനയുടെ പ്രതിനിധി ജിയാങ് ഡുവാന്‍ വിമര്‍ശനം ഉന്നയിച്ചത്. 'ഓസ്‌ട്രേലിയന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ ഉള്‍പ്പെടെ പൗരന്മാരെ ന്യായീകരണമില്ലാതെ കൊന്നൊടുക്കി. വ്യാപകമായി മറ്റു യുദ്ധക്കുറ്റകൃത്യങ്ങളും നടത്തി. എന്നിട്ടും അവര്‍ക്കെതിരേ യാതൊരു നടപടിയുമില്ല. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും ലംഘിച്ച് അഭയാര്‍ഥികളെ അനിശ്ചിതകാലത്തേക്ക് തടങ്കലില്‍ വയ്ക്കുന്നു'-ജിയാങ് പറഞ്ഞു.
ഓസ്ട്രേലിയയിലെ ആഫ്രിക്കന്‍, ഏഷ്യന്‍, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ നേരിടുന്ന വിവേചനവും അദ്ദേഹം പരാമര്‍ശിച്ചു. രാഷ്ട്രീയപ്രേരിതമായി ഫെഡറല്‍ സര്‍ക്കാര്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതായും ജിയാങ് ആരോപിച്ചു.
മനുഷ്യാവകാശം സംബന്ധിച്ച് മറ്റ് രാജ്യങ്ങള്‍ നല്‍കിയ 150 ലധികം ശുപാര്‍ശകള്‍ ഓസ്ട്രേലിയ അംഗീകരിച്ചെങ്കിലും അതിര്‍ത്തി സംരക്ഷണത്തില്‍ സ്വീകരിച്ച നടപടികളെ ന്യായീകരിക്കുകയും കല്‍ക്കരി ഘട്ടം ഘട്ടമായി ഉപേക്ഷിക്കാനുള്ള ആഹ്വാനത്തെ പിന്തുണയ്ക്കുകയും ചെയ്തില്ല.
ഐക്യരാഷ്ട്രസഭയില്‍ സാലി മാന്‍സ്ഫീല്‍ഡ് ആണ് ഓസ്ട്രേലിയയെ പ്രതിനിധീകരിച്ചുണ്ടായിരുന്നത്. ക്രിമിനല്‍ കുറ്റം ചുമത്തുന്നതിന്റെ പ്രായം പത്തു വയസില്‍നിന്ന് ഉയര്‍ത്തണമെന്ന രണ്ട് ഡസനിലധികം രാജ്യങ്ങളുടെ ആവശ്യത്തെ സാലി മാന്‍സ്ഫീല്‍ഡ് പിന്തുണച്ചില്ല.
ക്രിമിനല്‍ കുറ്റം ചുമത്തുന്നതിന്റെ പ്രായം നിര്‍ണ്ണയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് പ്രധാന പങ്കെന്ന് മാന്‍സ്ഫീല്‍ഡ് മനുഷ്യാവകാശ സമിതിയെ അറിയിച്ചു.
ഓസ്ട്രേലിയയില്‍ ഫെഡറല്‍, സ്‌റ്റേറ്റ്, ടെറിട്ടറി സര്‍ക്കാരുകള്‍ ചേര്‍ന്നാണ് നീതി നിര്‍വഹണം നടത്തുന്നത്. ഈ ആവശ്യം പല സര്‍ക്കാരുകളും പരിഗണിക്കുന്നുണ്ട്. തങ്ങളുടെ അധികാരപരിധിയില്‍ പ്രായം ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നതായി പല സര്‍ക്കാരുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ക്രിമിനല്‍ കുറ്റം ചുമത്തുന്നതിന്റെ പ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ച പരിഷ്‌കരണത്തിന് ഓസ്ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാര്‍ നേതൃത്വം നല്‍കണമെന്ന് സേവ് ദി ചില്‍ഡ്രന്‍ പ്രതിനിധി സൈമണ്‍ ഹെന്‍ഡേഴ്‌സണ്‍ ആവശ്യപ്പെട്ടു. ഈ കാടന്‍ നിയമങ്ങള്‍ തദ്ദേശീയരായ കുട്ടികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നു. കുട്ടികള്‍ സ്‌കൂളിലേക്കു വേണം പോകാന്‍ അല്ലാതെ തടങ്കലിലേക്കല്ലെന്നും സൈമണ്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.