വിവാദ മേഘങ്ങളിലേക്ക് വീണ്ടും റഫാല്‍ കുതിപ്പ്

വിവാദ മേഘങ്ങളിലേക്ക് വീണ്ടും റഫാല്‍ കുതിപ്പ്



ഫ്രാന്‍സിലെ ജുഡീഷ്യല്‍ അന്വേഷണം മോഡി സര്‍ക്കാരിനെ ഉലയ്ക്കുമെന്ന് നിരീക്ഷകര്‍.
ഇടപാടുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ഇന്ത്യ മറച്ചുവച്ച വിവരങ്ങളും രേഖകളും ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ഭാഗമായി ഫ്രഞ്ച് പബ്ളിക് പ്രോസിക്യൂഷന്‍ സര്‍വീസസ് ആവശ്യപ്പെടാന്‍ ഇടയുണ്ടെന്നും ഇതിനായി സമ്മര്‍ദ്ദം തന്നെയുണ്ടായേക്കുമെന്നും 'ദ് വയര്‍' എന്ന ഇന്ത്യന്‍ വെബ് വാര്‍ത്താ ചാനലിനു വേണ്ടി മിതാലി മുഖര്‍ജിയുമായുള്ള അഭിമുഖത്തില്‍ ഫ്രഞ്ച് ഓണ്‍ലൈന്‍ മാധ്യമമായ മീഡിയ പാര്‍ട്ടിന്റെ സീനിയര്‍ എഡിറ്റര്‍ യാന്‍ ഫിലിപ്പിന്‍. 


ഫാല്‍ യുദ്ധവിമാന ഇടപാടില്‍ വന്‍ ക്രമക്കേടു നടന്നുവെന്ന പരാതി ഫ്രാന്‍സില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനിടയാക്കിയതിന്റെ ആഘാതത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍.

ഫ്രഞ്ച് ഓണ്‍ലൈന്‍ മാധ്യമമായ മീഡിയ പാര്‍ട്ടിന്റെ റിപ്പോര്‍ട്ടുകള്‍ ആധാരമാക്കി, 'ഷേര്‍പ' എന്ന അഴിമതി വിരുദ്ധ സന്നദ്ധ സംഘടന നല്‍കിയ പരാതിയാണ് 7.8 ബില്യണ്‍ യൂറോയുടെ കരാറുമായി ബന്ധപ്പെട്ട് അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, സ്വജനപക്ഷപാതം എന്നിവയിലൂന്നിയുള്ള ജുഡീഷ്യല്‍ അന്വേഷണത്തിനു വഴി തെളിച്ചത്. അന്വേഷണം വേണ്ടെന്നായിരുന്നു 'ഫ്രാന്‍സിന്റെ വിശാല താല്‍പ്പര്യത്തിന് മുന്‍തൂക്കം നല്‍കി ' ഫ്രഞ്ച് പബ്ളിക് പ്രോസിക്യൂഷന്‍ സര്‍വീസസ് ഡയറക്ടര്‍ 2019 ല്‍ തീരുമാനിച്ചതെങ്കിലും മീഡിയ പാര്‍ട്ടിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ വന്നതോടെ സ്ഥിതി മാറി.

യുദ്ധവിമാന ഇടപാടിനെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോഡി ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിനു രണ്ടാഴ്ച മുമ്പ്, അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റഫാല്‍ നിര്‍മാതാക്കളായ ദസോ ഏവിയേഷനും അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിക്കും ലഭിച്ചുവെന്ന ഗുരുതര ആരോപണമാണ് പരാതിയുടെ കാതല്‍.

ഇരു കമ്പനികളും ചേര്‍ന്ന് രൂപം നല്‍കിയ സംയുക്ത സംരംഭമായ ദസോ റിലയന്‍സ് എയ്റോസ്പേസ് ലിമിറ്റഡില്‍ 94 ശതമാനം മുതല്‍മുടക്ക് നടത്തിയ ദാസോ 51 ശതമാനം ഓഹരി റിലയന്‍സിനു നല്‍കാന്‍ തയാറായി. റിലയന്‍സിനു കേന്ദ്ര സര്‍ക്കാരിലുള്ള സ്വാധീനം മുതലെടുക്കാനായിരുന്നു ഇതെന്ന നിരീക്ഷണം വിരല്‍ ചൂണ്ടിയത് മോഡിയുമായ അനില്‍ അംബാനിക്കുണ്ടായിരുന്ന അടുപ്പത്തിലേക്കാണ്.

ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജന്‍സിയായ ഏജന്‍സെ ഫ്രാന്‍സൈസ് ആന്റികറപ്ഷന്‍ (എഎഫ്എ) ദസോ കമ്പനിയില്‍ നടത്തിയ ഓഡിറ്റില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് യാന്‍ ഫിലിപ്പിന്‍ എന്ന സീനിയര്‍ എഡിറ്റര്‍ നടത്തിയ വിപുലമായ അന്വേഷണത്തിനു ശേഷമാണ് 'ഇരു രാജ്യങ്ങളുടെയും നീതിവ്യവസ്ഥയ്ക്കും ഭരണകൂടത്തിനും നേരെ ചോദ്യമുയര്‍ത്തുന്ന അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ആദ്യഭാഗം' എന്ന മുഖവുരയോടെ മീഡിയ പാര്‍ട്ട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ഇടപാടുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ഇന്ത്യ മറച്ചുവച്ച വിവരങ്ങളും രേഖകളും ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ഭാഗമായി ഫ്രഞ്ച് പബ്ളിക് പ്രോസിക്യൂഷന്‍ സര്‍വീസസ് ആവശ്യപ്പെടാന്‍ ഇടയുണ്ടെന്നും ഇതിനായി സമ്മര്‍ദ്ദം തന്നെയുണ്ടായേക്കുമെന്നും 'ദ് വയര്‍' എന്ന ഇന്ത്യന്‍ വെബ് വാര്‍ത്താ ചാനലിനു വേണ്ടി മിതാലി മുഖര്‍ജിയുമായുള്ള അഭിമുഖത്തില്‍ യാന്‍ ഫിലിപ്പിന്‍ പറഞ്ഞു.

ആയുധ വ്യാപാര ദല്ലാള്‍ സുഷേന്‍ ഗുപ്തയുടെ കുടുംബ കമ്പനിക്ക് റഫാല്‍ കരാറിന്റെ ഭാഗമായി 8.5 കോടി കോഴ ലഭിച്ചെന്ന് മീഡിയ പാര്‍ട്ട് തെളിവ് നിരത്തി. 2016ല്‍ റഫാല്‍ യുദ്ധവിമാന കരാര്‍ ഉറപ്പിച്ചതിനു പിന്നാലെ ദസോയുടെ ഇന്ത്യയില്‍ നിന്നുള്ള സബ് കോണ്‍ട്രാക്ടറായ ഡെഫിസിസ് സൊലൂഷന്‍സ് എന്ന ഇന്ത്യന്‍ കമ്പനിക്ക് 10,17,850 യൂറോ (ഏകദേശം 8.77 കോടി രൂപ) കൈമാറി. റഫാല്‍ ജെറ്റിന്റെ 50 കൂറ്റന്‍ മോഡലുകള്‍ നിര്‍മിക്കാനാണ് തുകയെന്നാണ് കമ്പനിയുടെ വിശദീകരണം.

എന്നാല്‍ ഇത്തരത്തിലുള്ള മോഡലുകള്‍ നിര്‍മിച്ചത് ഉള്‍പ്പെടെ സാധൂകരിക്കുന്ന തെളിവുകളോ വിവരങ്ങളോ നല്‍കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. 2017ലെ കണക്കുകളില്‍ ഇടപാടുകള്‍ക്കുള്ള സമ്മാനമായി 5,08,925 യൂറോ (ഏകദേശം 4.39 കോടി രൂപ) ചെലവഴിച്ചതായി കാണുന്നുണ്ടെങ്കിലും രേഖകളില്ല. റഫാല്‍ മോഡലുകള്‍ക്കായി കൂടുതല്‍ തുകയാണ് ദസോ വിലയിട്ടിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി കേസില്‍ അറസ്റ്റിലായിരുന്ന ഇന്ത്യന്‍ വ്യവസായി സുഷേന്‍ മോഹന്‍ ഗുപ്തയ്ക്ക് ബന്ധമുള്ള കമ്പനിയാണ് ഡെഫ്സിസ് സൊലൂഷന്‍സ്.

അനില്‍ അംബാനി 2015 മാര്‍ച്ചില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രിയെ പാരീസിലെ ഓഫീസിലെത്തി കണ്ടിരുന്നു. അന്നത്തെ ചര്‍ച്ചയുടെ അനുബന്ധമായാണ് ദസോ റിലയന്‍സ് എയ്റോസ്പേസ് രൂപം കൊണ്ടത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് റിലയന്‍സുമായി കൈകോര്‍ക്കാന്‍ തീരുമാനിച്ചതെന്ന് കരാര്‍ ഒപ്പിടുന്ന വേളയില്‍ ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാന്‍സ്വ ഒലോന്‍ദ് 2018 ല്‍ വെളിപ്പെടുത്തുകയും ചെയ്തു. അതേസമയം, ഇടപാടില്‍ വന്‍ അഴിമതിയുണ്ടായെന്ന മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ആരോപണം അസാധാരണ നീക്കങ്ങളോടെയാണ് സുപ്രീം കോടതിയില്‍ നിര്‍വീര്യമാക്കപ്പെട്ടത്.

ഇടപാടിനെതിരായി നേരത്തേ തന്നെ വലിയ നിയമപ്പോരാട്ടം നടന്നിരുന്നു. പക്ഷേ, സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് 2018 ഡിസംബര്‍ 14ന് സുപ്രീം കോടതി വിധിച്ചു. ഈ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജികളും സുപ്രീം കോടതി തള്ളി. നഗ്നമായ അഴിമതിയുടെ ലജ്ജിപ്പിക്കുന്ന ചിത്രമാണ് റഫാല്‍ ഉടമ്പടി പുറത്തുകൊണ്ടുവരുന്നതെന്നാണ് രാഹുല്‍ ഗാന്ധി മുമ്പു തന്നെ ചൂണ്ടിക്കാട്ടിയിരുന്നത്.


ഇതിലെ ഒരു പാര്‍ട്ടിയായ ഫ്രഞ്ച് സര്‍ക്കാരിന് ഈ കരാര്‍ അന്വേഷിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന സ്ഥിതി സംജാതമായതോടു കൂടിയാണ് ഫ്രഞ്ച് രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കുന്ന ഫലപ്രദമായ അന്വേഷണത്തിനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രഞ്ച് സര്‍ക്കാര്‍ അഭിഭാഷകര്‍ അന്വേഷണം ആവശ്യമില്ലെന്ന് ശക്തിയുക്തം വാദിച്ചെങ്കിലും മീഡിയ പാര്‍ട്ടിന്റെ റിപ്പോര്‍ട്ടുകള്‍ വന്നതോടെ ആരോപണങ്ങള്‍ തള്ളാനാകാത്ത സ്ഥിതിയായി. വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള തീരുമാനമാണ് ഫ്രഞ്ച് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത് എന്നാണ് നിരീക്ഷണം.

രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് റഫാല്‍ പോര്‍ വിമാനം വാങ്ങുന്നതിനുള്ള ആദ്യ ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നത്. അന്ന് മന്‍മോഹന്‍ സിംഗായിരുന്നു പ്രധാനമന്ത്രി. എ.കെ ആന്റണി രാജ്യരക്ഷാവകുപ്പ് മന്ത്രിയും. റഫാല്‍ വിമാനം ഒന്നിന് 526 കോടി രൂപ വീതം നല്‍കാനായിരുന്നു അന്നത്തെ കരാര്‍. എന്നാല്‍ 2016ല്‍ വിമാനം ഒന്നിന്റെ വില 526 കോടി രൂപയില്‍ നിന്ന് 1,670 കോടി രൂപയായി മോഡി സര്‍ക്കാര്‍ ഉയര്‍ത്തി. ഈ വിധത്തില്‍ 59,000 കോടി രൂപയ്ക്ക് ( 667 ദശലക്ഷം യൂറോ) 36 യുദ്ധവിമാനങ്ങള്‍ മോഡി സര്‍ക്കാര്‍ വാങ്ങുന്നതിലാണ് ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നത്.

യു.പി.എ സര്‍ക്കാര്‍ 2007 ല്‍ 68,000 കോടി രൂപ 126 റാഫേല്‍ ജെറ്റുകള്‍ വാങ്ങുന്നതിനായി നീക്കിവച്ചിരുന്നു. അതില്‍ 18 എണ്ണം ഫ്ളൈ എവേ അവസ്ഥയില്‍ ഇറക്കുമതി ചെയ്യണമെന്നായിരുന്നു നിശ്ചയിച്ചത്. കരാര്‍ പ്രകാരം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) ബാക്കി 108 ജെറ്റുകള്‍ ഫ്രാന്‍സിലെ ദസോ ഏവിയേഷന്റെ സഹായത്തോടെ നിര്‍മ്മിക്കേണ്ടതായിരുന്നു.

2014 ല്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കരാര്‍ അവലോകനം ചെയ്ത് മാറ്റിയെഴുതി. 2015 ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാരീസ് സന്ദര്‍ശിച്ച് 36 റഫാല്‍ പോര്‍ വിമാനങ്ങള്‍ മൊത്തം 59,000 കോടി രൂപയ്ക്ക് വാങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ചു. മോദിയും അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദെയുമായുള്ള ചര്‍ച്ചകളെത്തുടര്‍ന്ന് 2016 സെപ്തംബറിലാണ് കരാര്‍ ഒപ്പുവെച്ചത്.

108 വിമാനങ്ങള്‍ പൊതു മേഖലയിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍ (എച്ച് എ എല്‍) നിര്‍മ്മിക്കാന്‍ സാങ്കേതികവിദ്യ കൈമാറുന്നതടക്കം 128 വിമാനങ്ങള്‍ക്കായി യുപിഎ സര്‍ക്കാര്‍ രൂപപ്പെടുത്തിയ ഇടപാട് ഉപേക്ഷിച്ച് 36 വിമാനങ്ങള്‍ നേരിട്ട് വാങ്ങാന്‍ കരാര്‍ മാറ്റുകയായിരുന്നു. ഫ്രാന്‍സ്വ ഒലോന്‍ദെയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ മക്രോണുമാകട്ടെ വിവാദ വാര്‍ത്തകളോട് പ്രതികരിച്ചതേയില്ല.

1,670 കോടി രൂപ വീതം കൊടുത്താണ് മോഡി സര്‍ക്കാര്‍ വിമാനം വാങ്ങുന്നതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. യുപിഎ സര്‍ക്കാരുമായുണ്ടായിരുന്ന അന്തിമ കരാര്‍ പ്രകാരം 526 കോടി രൂപ മാത്രമായിരുന്നു വില. കൂടുതല്‍ തുക നല്‍കിയുള്ള വാങ്ങലിനെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ വ്യോമസേനയുടെ വക്താവിനെ ഉപയോഗിച്ചു. മീഡിയം മള്‍ട്ടിറോള്‍ കോമ്പാറ്റ്്എയര്‍ക്രാഫ്റ്റ് വാങ്ങാനുള്ള ആദ്യ തീരുമാനം പരിഷ്‌കരിച്ചതും വില ഉയര്‍ന്നതും പ്രത്യേക എയര്‍-ടു-എയര്‍ മിസൈല്‍ കൂടി ഉള്‍പ്പെടുത്തിയതിനാല്‍ ആണെന്നായിരുന്നു വ്യോമസേനാ വക്താവ് പറഞ്ഞത്.

അതേസമയം, മിസൈല്‍ വാങ്ങല്‍ ഒരിക്കലും പോര്‍ വിമാനത്തിന്റെ മൂലധന ചെലവിന്റെ ഭാഗമാകില്ലെന്ന് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, സര്‍ക്കാരുകള്‍ തമ്മിലുള്ള ഇടപാടിലെ ക്രമക്കേടുകള്‍ മോഡി സര്‍ക്കാര്‍ നിഷേധിച്ചു. കരാറിലെ രഹസ്യാത്മക നിബന്ധനകള്‍ ചൂണ്ടിക്കാട്ടി വില വിവരങ്ങള്‍ സുപ്രീം കോടതിയോടും വെളിപ്പെടുത്താന്‍ വിസമ്മതിക്കുകയും ചെയ്തു.

ഉത്തരം ലഭിക്കാത്ത ചോദ്യങ്ങള്‍ ഇവയാണ്:

വിമാനങ്ങളുടെ എണ്ണം 126 ല്‍ നിന്ന് 36 ആയി കുറച്ചത് എന്തുകൊണ്ട്?
എന്തുകൊണ്ടാണ് യുപിഎ ഉണ്ടാക്കിയ കരാര്‍ റദ്ദാക്കിയത്?
എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എച്ച്എഎല്ലിനെ പിന്തള്ളി അനില്‍ അംബാനിയുടെ പ്രതിരോധ കമ്പനിയെ അനുകൂലിച്ചത്?


അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡിനെ ഒഴിവാക്കാനാകുമായിരുന്നില്ലെന്ന് ദാസോ കമ്പനി പറഞ്ഞു.പ്രതിരോധ മന്ത്രാലയത്തിന്റെ 'ദൃഢനയം' ആയിരുന്നു കാരണം. ദാസോയുമായി ഓഫ്‌സെറ്റ് പങ്കാളിയാകുന്നതിന് 12 ദിവസം മുമ്പാണ് അംബാനിയുടെ കമ്പനി രജിസ്റ്റര്‍ ചെയ്തതെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍.

യുദ്ധവിമാന ഇടപാടില്‍ ഇടനിലക്കാര്‍ക്ക് വന്‍തുക നല്‍കിയതായി ഇതുവരെ പുറത്തുവന്ന രേഖകള്‍ വെളിവാക്കുന്നുവെന്ന് കോണ്‍ഗ്രസിനു പുറമേ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും വ്യക്തമാക്കിയിട്ടുണ്ട്. ഒരെണ്ണത്തിന് 570 കോടി രൂപയുള്ള വിമാനമാണ് 1,670 കോടി രൂപയ്ക്ക് മോഡി സര്‍ക്കാര്‍ വാങ്ങിയതെന്ന് പുതിയ രേഖകളുടെ വെളിച്ചത്തില്‍ എ.ഐ.സി.സി വക്താവ് പവന്‍ ഖേര ചൂണ്ടിക്കാട്ടി.

അഴിമതി തടയാനുള്ള ഭാഗങ്ങളെല്ലാം ബോധപൂര്‍വം നീക്കം ചെയ്താണ് കരാര്‍ ഒപ്പുവെച്ചിരിക്കുന്നതെന്നും ആരോപണമുണ്ട്. ഇന്ത്യ-ഫ്രാന്‍സ് സര്‍ക്കാരുകള്‍ തമ്മിലുള്ള പ്രതിരോധ കരാറില്‍ ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടും ഇന്ത്യ മൗനം പാലിക്കുന്നത് വളരെ വിചിത്രമാണെന്ന് പ്രതിപക്ഷം പറയുന്നു. അതിനിടെ താടി രോമങ്ങളില്‍ ജറ്റ് വിമാനം തൂങ്ങിക്കിടക്കുന്ന ചിത്രത്തോടെ 'കള്ളന്റെ താടി' എന്ന അടിക്കുറിപ്പിന്റെ അകമ്പടിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം വലിയ വിവാദമായി.

വിമാന ഇടപാടില്‍ പ്രധാനമന്ത്രിയുടെ പങ്കും മറ്റു കാര്യങ്ങളും പുറത്തുകൊണ്ടുവരാന്‍ ജോയിന്റ് പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഭരണകക്ഷി തള്ളിയത് കുറ്റബോധവും ചങ്ങാതിമാരെ സംരക്ഷിക്കാനുള്ള തത്രപ്പാടും മൂലമാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. മറച്ചുവെക്കാന്‍ പലതും ഉള്ളതിനാലാണ് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിക്കവേ കരാറിന്റെ ഭാഗമായി വന്‍ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ടെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ ആശങ്ക പ്രകടിപ്പിച്ചു. ഇടപാടിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ തീരുമാനം ഈ ആശങ്ക ശരിവെക്കുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

മോഡി സര്‍ക്കാരിന്റെ അഴിമതികള്‍ക്കും ക്രമക്കേടുകള്‍ക്കും വെള്ള പൂശുന്ന നിലപാടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) ഇതര അന്വേഷണ ഏജന്‍സികളും സ്വീകരിച്ചിട്ടുള്ളതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. വിദേശത്തു നിന്ന് ഇന്ത്യക്കാര്‍ക്ക് അനധികൃതമായി ലഭിക്കുന്ന പണത്തെക്കുറിച്ച് അന്വേഷിക്കുകയാണ് ഇ.ഡിയുടെ പ്രാഥമിക ചുമതലയെങ്കിലും ഇക്കാര്യത്തിലെ വിവേചനം പ്രകടം.

റഫാല്‍ യുദ്ധവിമാന ഇടപാടിലെ വന്‍ ക്രമക്കേടുകളുടെ ഭാഗമായി അനില്‍ അംബാനിക്കും ആയുധ വ്യാപാര ദല്ലാള്‍ സുഷേന്‍ ഗുപ്തയ്ക്കും വിദേശത്തു നിന്ന് സുഗമമായി പണം ലഭിച്ചത് സര്‍ക്കാരിന്റെ താളത്തിനൊത്തു തുള്ളുന്ന ഇ.ഡി കാണാത്തതെന്തെന്ന് പ്രതിപക്ഷം ചോദിക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.