ചെന്നൈ: മക്കൾ നീതി മയ്യത്തിൽനിന്ന് പ്രവർത്തകർ കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്നത് പാർട്ടിനേതാവ് കമൽഹാസന് തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പിലെ വൻപരാജയമാണ് കൊഴിഞ്ഞുപോക്കിന് കാരണം.
വ്യാഴാഴ്ച പാർട്ടി മുൻ വൈസ് പ്രസിഡന്റും കമലിന്റെ സന്തത സഹചാരിയുമായിരുന്ന ഡോ. ആർ. മഹേന്ദ്രൻ ഉൾപ്പെടെ എൺപതോളം പേരാണ് ഡി.എം.കെ.യിൽ ചേർന്നത്. ഇനിയും കൂടുതൽപ്പേർ ഡി.എം.കെ.യിൽ ചേരാൻ കാത്തിരിക്കുകയാണെന്നും മഹേന്ദ്രൻ സൂചനനൽകി.
മക്കൾ നീതി മയ്യത്തിൽ തുടരുന്നതിൽ കാര്യമില്ലെന്ന് പല പ്രവർത്തകർക്കും ഇപ്പോൾ തോന്നിത്തുടങ്ങിയിട്ടുണ്ട്. അതേസമയം കമൽഹാസൻ പ്രവർത്തകരോട് അടിമകളെപ്പോലെ പെരുമാറുന്നുവെന്ന ആക്ഷേപവുമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം വന്നയുടൻ മലയാളിയും മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ഡോ. സന്തോഷ് ബാബു ഉൾപ്പെടെ ഒരുകൂട്ടം മികച്ചപ്രവർത്തകരാണ് പാർട്ടിവിട്ടത്.
തിരഞ്ഞെടുപ്പ് വേളയിൽ കമൽ ഏകപക്ഷീയമായി പ്രവർത്തിച്ചു എന്നായിരുന്നു ആരോപണം. ഇപ്പോൾ ഡി.എം.കെയിലെത്തിയ മഹേന്ദ്രനും അനുയായികളും കമലിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സീറ്റിൽ മത്സരിച്ച് 1,45,082 വോട്ട് നേടിയ മഹേന്ദ്രൻ പാർട്ടിയുടെ അറിയപ്പെടുന്ന മുഖമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ സിങ്കനല്ലൂർ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കോയമ്പത്തൂരിൽ സീറ്റ് തനിക്കു നൽകിയിരുന്നെങ്കിൽ മക്കൾ നീതി മയ്യത്തിന് വിജയം ഉറപ്പായിരുന്നുവെന്ന് മഹേന്ദ്രൻ പറയുന്നു.
‘‘ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഞാൻ നേടിയ വോട്ടുകളിൽ പ്രതീക്ഷയർപ്പിച്ച് കമൽ കോയമ്പത്തൂർ മറ്റാർക്കും വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഇത് സ്വാർഥതയായിരുന്നു. ഒരു രാഷ്ട്രീയപ്പാർട്ടിക്ക് മികച്ച ആദർശം മാത്രം പോരാ. അത് നടപ്പാക്കാൻ സാധിക്കണം. അതിന് കഴിവുള്ള നേതാവ് വേണം. പാർട്ടിയെന്നാൽ താനാണെന്നു കമൽ അഹങ്കരിച്ചു. അവിടെയാണ് തെറ്റുപറ്റിയത്’’ -മഹേന്ദ്രൻ പറഞ്ഞു. തിരഞ്ഞെടുപ്പു പരാജയവും കമൽഹാസന്റെ വ്യക്തിപ്രഭാവത്തിനേറ്റ മങ്ങലും മക്കൾ നീതി മയ്യത്തിന്റെ വളർച്ച മുരടിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.