മറ്റുള്ളവരുടെ മുന്‍പില്‍ കുട്ടികളെ ശാസിക്കുമ്പോള്‍ അവരുടെ സ്വഭാവ രൂപീകരണത്തില്‍ പിഴവുകള്‍ ഉണ്ടാകുമെന്ന് പഠനം

മറ്റുള്ളവരുടെ മുന്‍പില്‍ കുട്ടികളെ ശാസിക്കുമ്പോള്‍ അവരുടെ സ്വഭാവ രൂപീകരണത്തില്‍ പിഴവുകള്‍ ഉണ്ടാകുമെന്ന് പഠനം

ശാസന, ഉപദേശം തുടങ്ങിയവ കുട്ടികള്‍ക്ക് പൊതുവെ വെറുപ്പ് ഉളവാക്കുന്നവയാണ്. എന്നുകരുതി കുട്ടികള്‍ തെറ്റ് ചെയ്താല്‍ മാതാപിതാക്കള്‍ക്ക് കയ്യും കെട്ടി നോക്കിയിരിക്കാന്‍ ആകില്ല. തെറ്റുകളും, കുറവുകളും തിരുത്തി അവരെ നേര്‍വഴിയിലേക്ക് നടത്തേണ്ടത് മാതാപിതാക്കളുടെ കടമയാണ്. പക്ഷെ മറ്റുള്ളവരുടെ മുന്‍പില്‍ വെച്ച് കുട്ടികളെ വഴക്കു പറയുമ്പോള്‍ അവരുടെ സ്വഭാവ രൂപീകരണത്തില്‍ വല്ലാതെ മോശമായി ബാധിച്ചേക്കാം. അതുകൊണ്ട് കുട്ടികളുടെ കുസൃതികള്‍ തിരുത്തുമ്പോള്‍ അവരുടെ മനസികാവസ്ഥകൂടി പരിഗണിക്കണം. കുട്ടികളും മാതാപിതാക്കളും തനിയെയുള്ള സ്വാകാര്യ നിമിഷങ്ങളില്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുക.
പൊതുജന മധ്യത്തില്‍ കുട്ടികള്‍ക്കെതിരെ വലിയ ബഹളമുണ്ടാക്കുമ്പോള്‍ അല്ലെങ്കില്‍ അവരുടെ കൂട്ടുകാരുടെ മുന്‍പില്‍വെച്ച് കളിയാക്കുമ്പോള്‍ ഓരോ കുട്ടിയുടെ മനസിലും വേദനയുണ്ടാക്കുന്നു. പിന്നീട് അത് മാതാപിതാക്കളോടുള്ള വെറുപ്പായി മാറും. മാത്രവുമല്ല മാതാപിതാക്കളോടുള്ള വിശ്വാസവും അവര്‍ക്ക് നഷ്ടപ്പെടും. വളരുമ്പോള്‍ ആരെയും കൂട്ടാക്കാത്ത ഒരു സ്വഭാവത്തിനടിമയാകുവാനും സാധ്യതയുണ്ട്. അതുകൊണ്ട് കുട്ടികളിലെ ചെറിയ ചെറിയ തെറ്റുകള്‍ തിരുത്തുമ്പോള്‍ ശ്രദ്ധിക്കണം. അവരുടെ മനസിന് വേദനയുണ്ടാക്കുമ്പോള്‍ അതെന്നും ഉണങ്ങാതെ അങ്ങനെതന്നെ കിടക്കും.
തെറ്റുകള്‍ സംഭവിക്കാത്തവരായി ആരുമില്ല. പ്രത്യേകിച്ചും ചെറുപ്രായത്തില്‍ തെറ്റുകളും അബദ്ധങ്ങളും കൂടുതലായിരിക്കും. അത് കുട്ടികളുടെ ഒരു മഹാപരാധമാക്കി മാറ്റാതെ സമാധാനത്തോടെ അവരെ പറഞ്ഞു മനസിലാക്കുക. ഇനി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കുകയില്ല എന്നും അവരോട് ആവശ്യപ്പെടണം. കുട്ടികളായാലും മുതിര്‍ന്നവരായാലും സൗഹൃദ സംഭാഷണങ്ങളാണ് കൂടുതലും ഇഷ്ടപ്പെടുക. കുട്ടികളുടെ അഭിമാനബോധത്തെയും മാതാപിതാക്കള്‍ ബഹുമാനിക്കണം. മറ്റുള്ളവരുടെ മുന്‍പില്‍ വെച്ച് അവരെ ശാസിക്കുമ്പോള്‍ അവരുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കും. ഇത് കുട്ടികളെ മാനസികമായി തളര്‍ത്താനിടവരും. അതുകൊണ്ട് കുട്ടികള്‍ തെറ്റ് ചെയുമ്പോള്‍ തന്നെ രോഷം കൊള്ളാതെ സാവധാനത്തില്‍ അവര്‍ക്ക് നല്ലത് പറഞ്ഞു കൊടുക്കുക. ഇത് അവരുടെ സ്വഭാവ രൂപീകരണത്തില്‍ ഏറെ ഗുണം ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.