ഇരുപത്തെട്ടു വര്‍ഷം നീണ്ട കിരീട വരള്‍ച്ച അവസാനിപ്പിക്കണം എന്ന് മനസിലുറപ്പിച്ചാണ് അര്‍ജന്റീന മാരക്കാനയില്‍ ബ്രസീലിന് നേരിടാനെത്തുന്നത്. മെസി എന്ന തങ്ങളുടെ ഇതിഹാസ താരം കപ്പുയര്‍ത്തുന്നത് കാണണം എന്ന അതിയായ ആഗ്രഹവും അവര്‍ക്കുണ്ട്. സെമിയില്‍ കൊളംബിയക്കെതിരെ ഷൂട്ടൗട്ടില്‍ നെഞ്ചുവിരിച്ച് നിന്നതിന് പിന്നാലെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസും വിരല്‍ ചൂണ്ടിയത് മെസിയിലേക്കാണ്.
എന്നാല്‍ ഇത്തവണ കോപ്പ അമേരിക്ക വിജയിയെ പ്രവചിക്കുക പ്രയാസമായിരിക്കുന്നു. രണ്ട് വര്‍ഷം മുമ്പ് ഫൈനലില്‍ നെയ്മറില്ലാതെ കിരീടം ചൂടിയ സംഘത്തില്‍ നിന്ന് കൂടുതല്‍ മികവ് കാണിച്ചാണ് ബ്രസീല്‍ ഇത്തവണ ഫൈനലിലെത്തിയത്. എന്നാല്‍ കിരീടത്തിലേക്ക് ജയിച്ചു കയറാന്‍ തക്ക ഘടകങ്ങള്‍ ഇരു ടീമിലുമുണ്ട്.
അര്‍ജന്റീനയുടെ സാധ്യത
1. കോപ്പ അമേരിക്കയിലെ തന്റെ ഏറ്റവും മികച്ച പ്രകടനവുമായാണ് മെസി ഇത്തവണ നിറഞ്ഞത്. നാല് ഗോളും അഞ്ച് അസിസ്റ്റും മെസിയുടെ പേരില്‍ ഈ എഡിഷനില്‍ മാത്രമായുണ്ട്. കളിക്കാരനായി നിന്ന് മികവിലേക്ക് ഉയരുന്നതിനൊപ്പം ഇരുത്തം വന്ന ക്യാപ്റ്റനായും ഗ്രൗണ്ടില്‍ നിറഞ്ഞു കളിക്കുന്നു.
2. അര്‍ജന്റീനയുടെ ചരിത്രത്തില്‍ ഷൂട്ടൗട്ടില്‍ മൂന്ന് പെനാല്‍റ്റികള്‍ തടുത്ത ആദ്യ ഗോള്‍കീപ്പറാണ് എമിലിയാനോ മാര്‍ട്ടിനസ്. ഗോള്‍വലക്ക് മുന്നില്‍ സുരക്ഷിത കരങ്ങളാണ് തന്റേതെന്ന് തോന്നിപ്പിച്ച് മികച്ച ഫൂട്ട് വര്‍ക്കിലൂടെ, കൃത്യതയോടെ ക്രോസുകള്‍ ബ്ലോക്ക് ചെയ്യുന്നു.
3. 2018 ലോകകപ്പിലെ പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് അര്‍ജന്റീന പുറത്തായതിന് പിന്നാലെയാണ് ഇടക്കാല കോച്ചായി സ്‌കലോനി സ്ഥാനമേല്‍ക്കുന്നത്. എമിലിയാനോ മാര്‍ട്ടിനസ്, വിങ്ങര്‍ നികോളാസ് ഗോണ്‍സാലസ്, പ്രതിരോധ നിര താരം ക്രിസ്റ്റിയന്‍ റൊമേരോ എന്നിവരെ കൊണ്ടുവന്ന് ടീം ഉടച്ചു വാര്‍ത്തിരിക്കുകയാണ് സ്‌കലോനി.
4. തുടക്കത്തില്‍ തന്റെ സ്ഥാനം സെര്‍ജിയോ അഗ്യുറോ പിടിച്ചപ്പോള്‍ മങ്ങിയെങ്കിലും ഫൈനലിന് മുന്‍പുള്ള അര്‍ജന്റീനയുടെ മൂന്ന് കളിയിലും ലൗതാറോ മാര്‍ട്ടിനസ് ഗോള്‍വല കുലുക്കി കഴിഞ്ഞു. തന്റെ വേഗമേറിയ ഓട്ടത്തിലൂടേയും മെസിക്ക് വേണ്ടി ഗ്യാപ്പുകള്‍ കണ്ടെത്തിയും മാര്‍ട്ടിനസ് അര്‍ജന്റീനയുടെ കളി മെനയലില്‍ നിര്‍ണായക ഘടകമാവുന്നു.
5. ഫൈനല്‍ തേര്‍ഡില്‍ മെസിക്ക് തിളങ്ങുന്നതിനായി അവസരമൊരുക്കുകയാണ് മധ്യനിര താരങ്ങളായ റോഡ്രിഗോ ഡി പോളും ലോ ചെല്‍സോയും. ലിയാന്‍ഡ്രോ പരദെസും റോഡ്രിഗസും മധ്യനിരയില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് കളിക്കുന്നു.
ബ്രസീലിന്റെ സാധ്യത
1. അഞ്ച് ജയവും ഒരു സമനിലയുമായാണ് ബ്രസീല്‍ കോപ്പ അമേരിക്കയുടെ ഫൈനലില്‍ എത്തിയിട്ടുള്ളത്. കളിച്ച എല്ലാ മത്സരത്തിലും ഗോള്‍ വല കുലുക്കി. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ വഴങ്ങിയത് രണ്ട് ഗോള്‍ മാത്രം. രണ്ടാം പകുതിയില്‍ എതിരാളികളുടെ കാലുകള്‍ ക്ഷീണിക്കുമ്പോള്‍ കൂടുതല്‍ മികവ് കണ്ടെത്തിയാണ് ബ്രസീലിന്റെ മുന്നേറ്റം. കളിയുടെ തീവ്രത കുറയാതെ കൊണ്ടുപോവാന്‍ സബ്സ്റ്റിറ്റിറ്റിയൂട്ടായി എത്തുന്നവര്‍ക്കാവുന്നു.
2. രണ്ട് ഗോളും മൂന്ന് അസിസ്റ്റുമാണ് നെയ്മറുടെ പേരിലുള്ളത്. ആ ഡ്രിബ്ലിളുകളും പാസും ഷോട്ടും ഏത് എതിരാളികളേയും വട്ടം ചുറ്റിക്കും. മധ്യനിര താരം ലുകാസ് പക്വേറ്റയുമായി ചേര്‍ന്നുള്ള കളി മെനയലുകള്‍ ബ്രസീലിന് മുന്നേറ്റ നിരയില്‍ കാര്യങ്ങള്‍ കൂടുതല്‍ അനായാസമാക്കുന്നു.
3. ലോകകപ്പ് മുന്നില്‍ കണ്ടുള്ള പരീക്ഷണങ്ങളില്‍ പലതും ടിറ്റേയില്‍ നിന്ന് കോപ്പ അമേരിക്കയില്‍ കണ്ടു. ഗബ്രിയേല്‍ ജിസ്യൂസിനെ വിങ്ങില്‍ കളിപ്പിച്ച് ടാര്‍ഗറ്റ് മാന്‍ എന്ന നിലയില്‍ ഫിര്‍മിനോ, ഗബ്രിയേല്‍ ബാര്‍ബോസ എന്നീ കളിക്കാര്‍ക്ക് ടിറ്റേ അവസരം നല്‍കി. പക്വേറ്റയെ ബോക്സ് ടി ബോക്സ് താരം എന്ന നിലയിലേക്കും ടിറ്റേ വളര്‍ത്തി.
4. ടോപ് ഫോമിലാണ് തിയാഗോ സില്‍വ. ഒപ്പം മാര്‍കിനോസും ചേരുമ്പോള്‍ ബ്രസീലിന്റെ ശക്തി വര്‍ധിക്കുന്നു. രണ്ട് ഗോളുകള്‍ കോപ്പയില്‍ ബ്രസീല്‍ വഴങ്ങിയതില്‍ ഒന്ന് ലൂയി ഡയസിന്റെ തടയാന്‍ അസാധ്യമായ ബോളില്‍ നിന്നാണ്. രണ്ടാമത്തേത് ഇക്വഡോറിന്റെ മേനയില്‍ നിന്നുമാണ്. വിരളമായുണ്ടാവുന്ന പിഴവില്‍ നിന്നായിരുന്നു അത്. ചുരുക്കത്തില്‍ ടീം മുമ്പെങ്ങുമില്ലാത്ത വിധം കോമ്പിനേഷനിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.