കൊങ്കുനാട്: ബിജെപിയുടെ സൂപ്പര്‍ ഹിന്ദുത്വ അജണ്ട; തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുന്നു

 കൊങ്കുനാട്:  ബിജെപിയുടെ സൂപ്പര്‍ ഹിന്ദുത്വ അജണ്ട; തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുന്നു

ചെന്നൈ: കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ മേഖല വിഭജിച്ച് കൊങ്കുനാട് എന്ന പേരില്‍ കേന്ദ്രഭരണ പ്രദേശമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നു എന്ന പ്രചാരണം തമിഴ്‌നാട് രാഷ്ട്രീയത്തെ ചൂട് പിടിപ്പിക്കുകയാണ്.

അണ്ണാ ഡി.എം.കെയ്ക്ക് കാര്യമായ വേരോട്ടമുള്ള ഈ പ്രദേശം കേന്ദ്രഭരണ പ്രദേശമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് തമിഴ്‌നാട്ടില്‍ ഇതിനെതിരെ പ്രതിഷേധം കനക്കുന്നത്. ഈ മേഖലയില്‍ ബിജെപിക്കും അത്യാവശ്യം സ്വാധീനമുണ്ട്. ഇത്തവണ രണ്ട് എംഎല്‍എമാരെ ഇവിടെ നിന്ന് ജയിപ്പിക്കാന്‍ ബിജെപിയ്ക്കായി.

ഡി.എം.കെ സര്‍ക്കാരിനും സഖ്യകക്ഷിയായ കോണ്‍ഗ്രസിനും വെല്ലുവിളി ഉയര്‍ത്താനുള്ള ബിജെപി-ആര്‍എസ്എസ് നീക്കമാണ് വിഭജന ശ്രമത്തിന് പിന്നിലെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇത് ഭരണഘടനാപരമായി എളുപ്പമായിരിക്കില്ലെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

ദ്രാവിഡ മുന്നേറ്റങ്ങളുടെ അങ്കക്കളരിയാണ് കൊങ്കുനാട്. ജാതി സമവാക്യങ്ങളുടെ പാരമ്പര്യത്തില്‍ ചേര സാമ്രാജ്യവും മധുര നായ്കരും ഭരണം നടത്തിയ പ്രദേശം. തേവര്‍, ഗൗണ്ടര്‍, വണ്ണിയാര്‍ സമുദായങ്ങളില്‍പ്പെട്ടവര്‍ നിരവധിയുള്ള ഇവിടം അണ്ണാ ഡി.എം.കെ.യുടെ ശക്തി ദുര്‍ഗമാണ്. ചെന്നൈ ആസ്ഥാനമായി തൊണ്ടൈനാടും ചോളനാടും പാണ്ഡ്യനാടും വികസിച്ചപ്പോഴും പടിഞ്ഞാറന്‍ മേഖല ഒഴിവാക്കപ്പെടുന്നുവെന്ന പരാതി നേരത്തെ മുതലുണ്ടായിരുന്നു. ഈ വികാരമാണ് ബിജെപി മുതലെടുക്കാനൊരുങ്ങുന്നത്.

ഈറോഡ്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, നാമക്കല്‍, സേലം, ധര്‍മപുരി, നീലഗിരി, കരൂര്‍, കൃഷ്ണഗിരി എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന കൊങ്കുനാടിന് കീഴില്‍ പത്തു ലോക്സഭാ മണ്ഡലങ്ങളും 61 നിയമസഭ മണ്ഡലങ്ങളുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങള്‍ കൂടി ചേര്‍ത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിനുമുമ്പ് കൊങ്കുനാട് പ്രത്യേക സംസ്ഥാനമാക്കി മാറ്റാനാണ് ബിജെപിയുടെ ശ്രമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങള്‍ തമിഴ് സംഘടനകള്‍ കത്തിച്ചു. കേന്ദ്രം വിശദീകരണം നല്‍കണമെന്ന് ഡി.എം.ഡികെയും മറ്റ് തമിഴ് സംഘടനകളും ആവശ്യപ്പെട്ടു. കോയമ്പത്തൂരില്‍ ഡി.എം.ഡി.കെ പ്രതിഷേധ ധര്‍ണയും കരൂരില്‍ തന്തെയ്‌പെരിയാര്‍ ദ്രാവിഡ സംഘടന പ്രതിഷേധ മാര്‍ച്ചും നടത്തി. പ്രതിഷേധങ്ങള്‍ക്കിടെ അണ്ണാ ഡി.എം.കെയിലെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ തോപ്പ് വെങ്കടാചലം ഡി.എം.കെയില്‍ ചേര്‍ന്നു. വെങ്കടാചലത്തിന്റെ അനുയായികളും പാര്‍ട്ടി വിട്ടു.

കഴിഞ്ഞദിവസം കേന്ദ്രമന്ത്രിയായി ചുമതലയേറ്റ എല്‍. മുരുഗനും പാര്‍ട്ടി നേതാവ് വാനതി ശ്രീനിവാസനും ബിജെപി തമിഴ്നാട് അധ്യക്ഷനും മുന്‍ ഐ.പി.എസ് ഓഫീസറുമായ കെ. അണ്ണാമലൈയും കൊങ്കുനാട്ടുകാരാണ്. മുരുകനെ കൊങ്കുനാട്ടില്‍ നിന്നുള്ള മന്ത്രിയെന്നും അണ്ണാമലൈയെ കൊങ്കുനേതാവെന്നുമാണ് ബി.ജെ.പി വിശേഷിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.