സ്റ്റാന്‍ സ്വാമിയുടെ മരണം: ഉത്തരവാദിത്തം മോഡി സര്‍ക്കാരിനെന്ന് അമര്‍ത്യാ സെന്‍

സ്റ്റാന്‍ സ്വാമിയുടെ മരണം: ഉത്തരവാദിത്തം മോഡി സര്‍ക്കാരിനെന്ന് അമര്‍ത്യാ സെന്‍

ന്യുഡല്‍ഹി: വൈദികനായ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നൊബേല്‍ ജേതാവും സാമ്പത്തിക വിദഗ്ധനുമായ അമര്‍ത്യാ സെന്‍. നരേന്ദ്ര മോഡി സര്‍ക്കാര്‍ സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി ജീവിതം കൂടുതല്‍ ദുരിതത്തിലാക്കിയെന്ന് അമര്‍ത്യാ സെന്‍ ആരോപിച്ചു.
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. സ്റ്റാന്‍ സ്വാമി ഒരു ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്നു. ജനങ്ങളെ സഹായിക്കാനായി വിശ്രമമില്ലാതെ അധ്വാനിക്കുകയായിരുന്നു അദ്ദേഹം. സംരക്ഷണം നല്‍കുന്നതിനു പകരം നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ജീവിതം കൂടുതല്‍ അപകടത്തിലാക്കുകയാണ് ചെയ്തത്. അതുമൂലമാണ് അദ്ദേഹം ഇത്രയും ഗുരുതരമായ സ്ഥിതിയിലായതെന്നും അഭിമുഖത്തില്‍ അമര്‍ത്യാ സെന്‍ വിമര്‍ശിച്ചു.

ഭരണകൂടത്തിന്റെ അതിരുകടന്ന നടപടികള്‍ അവസാനിപ്പിക്കുന്നതില്‍ നീതിന്യായ വ്യവസ്ഥ പരാജയപ്പെട്ടോ എന്ന കാര്യം പരിശോധിക്കണമെന്നും സെന്‍ അഭിപ്രായപ്പെട്ടു. സ്വാമിക്ക് സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ കോടതി എന്തുകൊണ്ട് പരാജയപ്പെട്ടെന്ന കാര്യത്തിലെങ്കിലും വിശദീകരണം ആവശ്യമുണ്ട്. നീതിന്യായ വ്യവസ്ഥയ്ക്ക് അദ്ദേഹത്തെ കൂടുതല്‍ സഹായിക്കാമായിരുന്നില്ലേയെന്നും സെന്‍ ചോദിച്ചു.

കൂടാതെ കോവിഡ് മഹാമാരിക്കിടെ പൊതുചര്‍ച്ചകള്‍ അടിച്ചമര്‍ത്തുന്ന കേന്ദ്രനയത്തെയും അദ്ദേഹം വിമര്‍ശിച്ചു. വിചാരണ കൂടാതെ എത്ര പേരാണ് തടവിലടക്കപ്പെട്ടിട്ടുള്ളത്. ഏകാധിപത്യ അധികാരമുപയോഗിച്ച് എത്ര ജനങ്ങളെയാണ് നിശബ്ദരാക്കിയത്. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് പൊതുചര്‍ച്ചകളിലൂടെ പിന്നാക്കക്കാരായ ജനങ്ങളെ ദുരിതങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുമായിരുന്നു. പക്ഷെ, ഇന്ത്യയില്‍ അതുണ്ടായില്ല. ഇന്ത്യയില്‍ ആദ്യമായി ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ പാവപ്പെട്ട ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്നതിനു പകരം അവഗണിക്കുകയാണുണ്ടായത്. നയരൂപീകരണങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് തീരെ പങ്കുണ്ടായിരുന്നില്ലെന്നും അമര്‍ത്യാ സെന്‍ കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.