കര്‍ദിനാള്‍ ലോറന്റ് മോൺസിംഗ്‌വോ പാസ്നിയ കാലം ചെയ്തു

കര്‍ദിനാള്‍ ലോറന്റ് മോൺസിംഗ്‌വോ പാസ്നിയ കാലം ചെയ്തു

കിന്‍ഷാസ: കോംഗോയില്‍നിന്നുള്ള കര്‍ദിനാള്‍ ലോറന്റ് മോൺസിംഗ്‌വോ പാസ്നിയ (81) ഫ്രാന്‍സില്‍ കാലം ചെയ്തു. രോഗബാധിതനായി ജൂലൈ മുതല്‍ ഫ്രാന്‍സിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കര്‍ദിനാള്‍ ഞായറാഴ്ചയാണ് നിര്യാതനായത്. കര്‍ദിനാള്‍ ലോറന്റ് മോൺസിംഗ്‌വോ പാസ്നിയയുടെ ഭൗതിക ശരീരം കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ കിന്‍ഷാസായില്‍ കൊണ്ടുവന്ന് കത്തീഡ്രലില്‍ സംസ്‌കരിക്കും.

റോമിലെ പൊന്തിഫിക്കല്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിശുദ്ധ ഗ്രന്ഥത്തില്‍ ഡോക്ടറേറ്റ് നേടുന്ന ആദ്യത്തെ ആഫ്രിക്കന്‍ വംശജനാണ് കര്‍ദിനാള്‍ ലോറന്റ്. ഫ്രാന്‍സിസ് പാപ്പാ രൂപീകരിച്ച കര്‍ദിനാള്‍മാരുടെ കൗണ്‍സിലില്‍ 2013 മുതല്‍ 2018 വരെ അംഗമായിരുന്നു.

കൗണ്‍സില്‍ വിട്ടശേഷം ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ കിന്‍ഷാസയില്‍ മെത്രാപോലീത്തയായി തന്റെ സേവനം തുടര്‍ന്നു.
കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് പ്രസിഡന്റ് ജോസഫ് കബീലയുടെ ഭരണത്തില്‍ രാജ്യം ഗുരുതരമായ രാഷ്ട്രീയ സാമൂഹിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് കര്‍ദിനാള്‍ അവിടെയെത്തുന്നത്. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ സഭയെ മുന്നിനിന്ന് നയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മികച്ച വാഗ്മിയും നേതൃഗുണവുമുള്ള കര്‍ദിനാള്‍ ലോറന്റ് മോൺസിംഗ്‌വോ പാസ്നിയയുടെ ഭയരഹിതമായ നേതൃത്വത്തില്‍ കോംഗോയില്‍ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള നീക്കങ്ങളില്‍ സഭ നിര്‍ണായക സ്വാധീനം വഹിച്ചു.

1939 ല്‍ എട്ടു മക്കളുള്ള കുടുംബത്തില്‍ ജനിച്ച് 1963-ല്‍ വൈദീകനായ അദ്ദേഹത്തെ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് 1980-ല്‍ മെത്രാനാക്കിയത്. പിന്നീട് 2010-ല്‍ ബനഡിക്ട് പതിനാറാമന്‍ കര്‍ദിനാളായി ഉയര്‍ത്തി. ആഫ്രിക്കയുടെയും മഡഗാസ്‌കറിന്റെയും മെത്രാന്‍ സമിതി അധ്യക്ഷന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിച്ചു. ഇനോംഗോ, കിസംഗാനി എന്നിവിടങ്ങളില്‍ സഹായ മെത്രാനായും കിസംഗാനി, കിന്‍ഷാസ അതിരൂപതകളുടെ ആര്‍ച്ച് ബിഷപ്പായും ചുമതല വഹിച്ചു. 2013-ലാണ് അപ്പോസ്‌തോലിക ഭരണഘടനയുടെ നവീകരണത്തിനായുള്ള കര്‍ദിനാള്‍ സംഘത്തിലേക്ക് അദ്ദേഹത്തെ ഫ്രാന്‍സിസ് പാപ്പാ തെരഞ്ഞെടുത്തത്.

കര്‍ദിനാള്‍ ലോറന്റ് മോൺസിംഗ്‌വോ പാസ്നിയയുടെ വിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ അഗാധമായ ദുഃഖം രേഖപ്പെടുത്തി. കിന്‍ഷാസയിലെ മെത്രാപ്പോലീത്താ കര്‍ദിനാള്‍ ഫ്രീഡൊളിന്‍ അംബോംഗോയ്ക്കാണ് ഫ്രാന്‍സിസ് പാപ്പാ ടെലിഗ്രാമിലൂടെ അനുശോചന സന്ദേശം അയച്ചത്.

സഭയ്ക്കായുള്ള സേവനത്തില്‍ തികഞ്ഞ സമര്‍പണത്തോടെ കര്‍ദിനാള്‍ ലോറന്റ് മോൺസിംഗ്‌വോ പാസ്നിയ തന്റെ ദൗത്യം നിര്‍വഹിച്ചതായി പാപ്പാ അനുസ്മരിച്ചു. വിശ്വാസികളുടെ ആവശ്യങ്ങളും സങ്കടങ്ങളും അറിഞ്ഞ് ധൈര്യത്തോടെ പ്രവര്‍ത്തിച്ച കര്‍ദിനാള്‍, കോംഗോ റിപ്പബ്ലിക്കിലെ മനുഷ്യരുടെ സമാധാനത്തിനായും വികസനത്തിനായും ആത്മാര്‍ഥമായി പരിശ്രമിച്ചതായും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. രാഷ്ട്രത്തിന്റെ പുരോഗതിക്കായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതായും പാപ്പാ അനുശോചന സന്ദേശത്തില്‍ രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.