പാരിപ്പള്ളി വിഴിഞ്ഞം പാതയ്ക്ക് അനുമതി
ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള ദേശീയപാതയ്ക്ക് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ചൊവ്വയില്‍ നിന്ന് ആരംഭിച്ച് മട്ടന്നൂര്‍, കൂട്ടും പുഴ, വളവുപാറ, മാക്കൂട്ടം, വിരാജ്പേട്ട, മടിക്കേരി വഴിയുള്ളതാണ് ഈ റോഡ്.
തിരുവനന്തപുരം പാരിപ്പള്ളി മുതല്‍ വിഴിഞ്ഞം വരെ 80 കിലോമീറ്റര്‍ റിങ് റോഡ് നിര്‍മിക്കാനും നിതിന്‍ ഗഡ്കരിയുടെ വീട്ടില്‍ നടന്ന കൂടിക്കാഴ്ചയില്‍ തത്വത്തില്‍ അംഗീകാരമായി. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക സാധ്യതകള്‍ കൂടി കണക്കിലെടുത്താവും പദ്ധതി വികസിപ്പിക്കുക. തിരുവനന്തപുരം നഗരത്തിന്റെ വളര്‍ച്ചയ്ക്കു നിര്‍ണായകമാകുന്ന പുതിയ പദ്ധതിക്ക് 4500 കോടി രൂപയാണ് പദ്ധതിത്തുക പ്രതീക്ഷിക്കുന്നത്.
ദേശീയപാത അതോറിറ്റി ഏറ്റെടുത്ത് ഫണ്ട് നല്‍കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഭൂമി ഏറ്റെടുക്കലിന്റെ 50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്ന് അറിയിച്ചു. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടക്കും. വിശദ പദ്ധതി റിപ്പോര്‍ട്ട് മാറ്റങ്ങള്‍ വരുത്തി സമര്‍പ്പിച്ചിരുന്നു. കൂടാതെ സംസ്ഥാനത്തെ 11 റോഡുകള്‍ ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. ആലപ്പുഴ (എന്‍.എച്ച് 47) മുതല്‍ ചങ്ങനാശേരി വാഴൂര്‍ പതിനാലാം മൈല്‍ (എന്‍.എച്ച് 220) വരെ 50 കിലോമീറ്റര്‍, കായകുളം (എന്‍.എച്ച് 47) മുതല്‍ തിരുവല്ല ജങ്ഷന്‍ (എന്‍.എച്ച് 183) 23 കി.മീ, വിജയപുരത്തിനടുത്തുള്ള ജങ്ഷന്‍ (എന്‍. എച്ച് 183) മുതല്‍ ഊന്നുക്കലിനടുത്തുള്ള ജങ്ഷന്‍ വരെ (എന്‍. എച്ച് 85 ) 45 കി.മീ,
പുതിയ ദേശീയപാതയായ കല്‍പ്പറ്റയ്ക്കടുത്തുള്ള ജങ്ഷന്‍ (എന്‍. എച്ച് 766 ) മുതല്‍ മാനന്തവാടി വരെ 50 കിലോമീറ്റര്‍, എന്‍.എച്ച് 183 എയുടെ ദീര്‍ഘിപ്പിക്കല്‍ ടൈറ്റാനിയം ചവറ വരെ (എന്‍.എച്ച് 66 ) 17 കിലോമീറ്റര്‍, എന്‍.എച്ച് 183 എയെ പമ്പയുമായി ബന്ധിപ്പിക്കുന്ന പുതിയ എന്‍.എച്ച് ളാഹക്കടുത്തുള്ള ഇലവുങ്കലില്‍ 21.6കിലോമീറ്റര്‍, തിരുവനന്തപുരം തെന്മലയെ ബന്ധിപ്പിക്കുന്ന 72. കിലോമീറ്റര്‍, ഹോസ്ദുര്‍ഗ് പാണത്തൂര്‍ ഭാഗമണ്ഡലം മടിക്കേരി (കേരളത്തിലൂടെ പോകുന്ന റോഡ്) 57 കിലോമീറ്റര്‍, ചേര്‍ക്കല കല്ലിടുക്ക (കേരളത്തിലൂടെ പോകുന്ന റോഡ്) 28 കിലോമീറ്റര്‍, വടക്കാഞ്ചേരി പൊള്ളാച്ചി ബന്ധിപ്പിക്കുന്ന റോഡ്, തിരുവനന്തപുരം രാജ്യാന്തര തുറമുഖത്തെ ബന്ധിപ്പിക്കുന്ന വിഴിഞ്ഞം കരമന-കളിയിക്കാവിള റോഡ് എന്നിവയാണ് ഭാരത് മാല പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി അപ്ഗ്രേഡ് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.