കോവിഡ് മൂന്നാം തരംഗത്തിലേക്ക്: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കോവിഡ് മൂന്നാം തരംഗത്തിലേക്ക്:  മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വാഷിങ്ടണ്‍: കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആഗോള തലത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചതായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.

ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്യവേയാണ് ടെഡ്രോസ് അഥനോം ഇക്കാര്യം വ്യക്തമാക്കിയത്. ഡെല്‍റ്റ വകഭേദം ഇതിനോടകം 111 രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടും വ്യാപിക്കുന്ന ഒരു പ്രബലമായ തരംഗമായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം തന്നെ അത് വ്യാപിച്ച് കഴിഞ്ഞതായും യുഎന്‍ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ലോകാരോഗ്യ സംഘടനാ മേധാവി പറഞ്ഞു.

കൊറോണ വൈറസ് വികസിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായി കൂടുതല്‍ വ്യാപന ശേഷിയുള്ള വകേഭദങ്ങള്‍ ഉണ്ടാകാം. യൂറോപ്പിലും വടക്കന്‍ അമേരിക്കയും പ്രതിരോധ കുത്തിവെയ്പ്പ് നിരക്ക് ഉയര്‍ത്തിയത് കാരണം കോവിഡ് കേസുകളും മരണങ്ങളും കുറച്ചുകാലമായി കുറഞ്ഞുവരികയാണ്. എന്നാല്‍ ആഗോള പ്രവണത നേരെ വിപരീതമാണന്നും കേസുകള്‍ വീണ്ടും ഉയരുന്നുന്നതായും ടെഡ്രോസ് അഥനോം വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയുടെ ആറ് മേഖലകളിലൊഴികെ മറ്റെല്ലായിടത്തും കഴിഞ്ഞ നാല് ആഴ്ചകളായി കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 10 ആഴ്ചയോളമായി ക്രമാനുഗതമായ ഇടിവിന് ശേഷമാണ് മരണവും ഉയരുന്നത്. ഡെല്‍റ്റ വകഭേദമാണ് വ്യാപനത്തിന് കാരണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.

കോവിഡിന് പ്രതിരോധ കുത്തുവെപ്പെടുക്കല്‍ പ്രധാനമാണ്. പക്ഷേ അതുകൊണ്ട് മാത്രം മഹാമാരിയെ തടയാനാകില്ല. സമഗ്രമായ റിസ്‌ക് മാനേജ്മെന്റ് സമീപനം വേണ്ടതുണ്ടെന്നും ഡബ്ല്യു.എച്ച്.ഒ അറിയിച്ചു.

കോവിഡ് വാക്സിനുകളുടെ കാര്യത്തില്‍ ആഗോള തലത്തില്‍ ഞെട്ടിപ്പിക്കുന്ന അസമത്വമാണ് നിലനില്‍ക്കുന്നത്. ഈ അസമത്വത്തിന്റെ ഫലമായി വിവിധ രാജ്യങ്ങള്‍ വൈറസിനെതിരായ പോരാടുന്നതിന് പ്രത്യേക സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഫലമായി ടു-ട്രാക്ക് മഹാമാരിയുണ്ടാകുന്നു.

വാക്സിനുകള്‍ ലഭ്യമായ രാജ്യങ്ങള്‍ക്കുള്ളതാണ് ഒരു ട്രാക്ക്. അവര്‍ നിയന്ത്രണങ്ങള്‍ നീക്കുകയും വിപണികള്‍ തുറന്നിടുകയും ചെയ്യുന്നു. രണ്ടാമത്തെ ട്രാക്ക് വാക്സിന്‍ ലഭ്യമല്ലാത്തവര്‍ക്കുള്ളതാണ്. 'വൈറസിന്റെ കാരുണ്യ'ത്തില്‍ അവര്‍ അവശേഷിക്കുന്നു' ടെഡ്രോസ് അഥനോം പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.